ADVERTISEMENT

ഷാങ് നുവാനുന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തുവരുമ്പോള്‍ ബന്ധുക്കളെല്ലാം ഒരുകാര്യം ഉറപ്പുപറഞ്ഞിരുന്നു: ഇത്തവണ ഒരു ആണ്‍കുട്ടി തന്നെ. പക്ഷേ, ബന്ധുക്കളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി പിറന്നുവീണത് ഒരു പെണ്‍കുട്ടി. ദേഷ്യം സഹിക്കാനാവാതെ അച്ഛന്‍ ഇറങ്ങിപ്പോയി. മൂന്നുദിവസം കഴിഞ്ഞാണ് അദ്ദേഹം തിരിച്ചുവന്നതുതന്നെ. ഒറ്റക്കുട്ടിനയം പിന്തുടരുന്ന ചൈനയില്‍ ജനിച്ചുവീഴുന്ന ഓരോ കുട്ടിയെപ്പറ്റിയും മാതാപിതാക്കള്‍ക്കു മാത്രമല്ല സര്‍ക്കാരിനുപോലും പ്രതീക്ഷകളാണ്. 

പ്രത്യാശയ്ക്കു വിപരീതമായി പെണ്‍കുട്ടി ജനിച്ചുവീഴുമ്പോഴാകട്ടെ ആശങ്കകളും തുടങ്ങുകയായി. ഷാങ് നുവാനുന്‍ പക്ഷേ, സാധാരണ ഒരു പെണ്‍കുട്ടിയെപ്പോലെ ആയിരുന്നില്ല. ബുദ്ധിമതിയായിരുന്നു. മിടുക്കിയായിരുന്നു. കഴിവുറ്റവളും. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ തെറ്റിദ്ധാരണകള്‍ വേഗം മാറുകയും അവര്‍ ഷാങ്ങിനെ അംഗീകരിക്കുകയും ചെയ്തു. ഷാങ്ങിന്റെ അച്ഛന്‍ അവളുടെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കുകയും ചെയ്തു. ഷാങ് ഒരു ആണ്‍കുട്ടിയെക്കാള്‍ മിടുക്കിയാണെന്നു മനസ്സിലാക്കിയതിനു ശേഷം മാത്രം. 

ചൈനയിലെ 30 ദശലക്ഷം ആളുകള്‍ രാജ്യത്തിന്റെ ഒറ്റക്കുട്ടി നയത്തിന്റെ ദുരിതഫലങ്ങള്‍ ഓരോന്നായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ എണ്ണത്തിലുള്ള അന്തരം തന്നെ വലിയ വ്യത്യാസം. നിര്‍ബന്ധിത ഗര്‍ഭഛിദ്രങ്ങളില്‍ തുടങ്ങി ശിശുഹത്യയില്‍വരെ എത്തിനില്‍ക്കുകയാണ് ചൈനയുടെ ജനസംഖ്യാനയത്തിന്റെ ദൂഷ്യവശങ്ങള്‍. 

ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തുപ്രവര്‍ത്തിക്കുന്ന 50 ശതമാനത്തില്‍ അധികം പേരും 1990നും 92 നും മധ്യേ ജനിച്ചവരാണ്. ഒറ്റക്കുട്ടിനയത്തിനു മുമ്പ് ഇത് വെറും 30 ശതമാനം മാത്രമായിരുന്നു. അതായത് ഒറ്റക്കുട്ടിനയത്തിന്റെ ഫലമായി ആണ്‍കുട്ടിക്കുവേണ്ടിക്കൂടി കരുതിവച്ച വിഭവങ്ങള്‍ പെണ്‍കുട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതാണ് ഇന്നു ചൈനയില്‍ കാണുന്നത്. ഷാങ് തന്നെ സമ്മതിക്കുന്നുണ്ട്, വീട്ടില്‍ ഒരു ആണ്‍കുട്ടി കൂടി ഉണ്ടായിരുന്നെങ്കില്‍ താന്‍ സര്‍വകലാശാലയുടെ പടി പോലും ചവിട്ടില്ലായിരുന്നുവെന്ന്. 

പെണ്‍കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയും കൊലപാതകത്തിനുപോലും ഇരകളാക്കുകയും ചെയ്യുമ്പോഴും ഒറ്റക്കുട്ടി നയത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികളുമുണ്ട് ചൈനയില്‍. 1949 ല്‍ മാവോ സെ തുങ്ങിന്റെ നേതൃത്വത്തില്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം സ്ത്രീകള്‍ക്ക് അനുകൂലമായ ഒട്ടേറെ നിയമനിര്‍മാണങ്ങളുണ്ടായി. ബഹുഭാര്യത്വം നിയമവിധേയമല്ലാതാക്കി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടി. 70 വര്‍ഷത്തിനുശേഷം ചൈനയിലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 41 ശതമാനവും സംഭാവന ചെയ്യുന്നത് സത്രീകളാണ്. 

പക്ഷേ, സ്ത്രീപുരുഷ സമത്വത്തിന്റെ കാര്യത്തില്‍ രാജ്യം പിന്നോട്ടുതന്നെയാണ്. ഏറ്റവും അവസാനം പുറത്തുവിട്ട ആഗോളകണക്കുകള്‍ വിരല്‍ചൂണ്ടുന്നതും ചൈനയില്‍ നിലവിലിരിക്കുന്ന അസമത്വത്തെക്കുറിച്ചാണ്. 2008ല്‍ ചൈന 58-ാം സ്ഥാനത്തായിരുന്നെങ്കില്‍ നിലവില്‍ 149 രാജ്യങ്ങളില്‍ 103-ാം സ്ഥാനത്താണ് ചൈനയുടെ റാങ്കിങ്. സര്‍ക്കാരിന്റെ പല പ്രധാന പോസ്റ്റുകളിലേക്കും പുരുഷന്‍മാരെ തന്നെയാണ് നിയമിക്കുന്നത്. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പരസ്യങ്ങളില്‍തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഭരണനിര്‍വഹണത്തിന്റെ പ്രധാന സ്ഥാനങ്ങള്‍ കയ്യാളുന്നതെല്ലാം പുരുഷന്‍മാര്‍ തന്നെ. 

ഏതാനും വര്‍ഷം മുമ്പ് ഷാങ് ഒരു ജോലിക്ക് അപേക്ഷിച്ചപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ പ്രധാന ചോദ്യം ഷാങ് കുട്ടികളെ പ്രസവിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു. നിരന്തരമായി ജോലി ചെയ്യേണ്ട യാത്രയില്‍ കുട്ടികള്‍ ശല്യമാകും എന്നതുകൊണ്ട് ഉടനെ കുട്ടികളെ പ്രസവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഷാങ് ഇരയായത്. കുട്ടികളുണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ ജോലി നന്നായി ചെയ്യുമെന്നു പറഞ്ഞെങ്കിലും വിവാഹം കഴിഞ്ഞ അടുത്ത വര്‍ഷങ്ങളില്‍ തന്നെ പ്രസവിക്കാന്‍ ഉദ്ദേശിച്ചിരുന്നതിനാല്‍ ഷാങ്ങിനു ജോലി ലഭിച്ചില്ല. 

വിരമിക്കാനുള്ള സ്ത്രീകളുടെ പ്രായവും ചൈനയില്‍ മുമ്പേയാണ്. പുരുഷന്‍മാര്‍ക്ക് 60 വയസ്സാണെങ്കില്‍ സ്ത്രീകള്‍ക്ക് വിരമിക്കല്‍ പ്രായം 50 ആണ്. രാജ്യത്തിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെയും ഒരു സ്ത്രീ പോലും പരമാധികാര പാര്‍ട്ടിയുടെ ഉന്നതബോഡിയായ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com