ADVERTISEMENT

ഓണത്തപ്പനെ വരവേൽക്കാനായി വീടും മുറ്റവും ഒരുക്കി വയ്ക്കുന്നത് മലയാളികളുടെ ഗൃഹാതുര ഓർമകളിൽ ഒന്നാണ്. ഓണനാളിൽ പൂക്കളം ഇടുന്നതിലേക്കു മാത്രം ആഘോഷങ്ങൾ ഒതുങ്ങിപ്പോയ ഇക്കാലത്ത് തന്റെ കലാവൈഭവംകൊണ്ട് ഒരു ഓണവീട് തന്നെ ഒരുക്കി വ്യത്യസ്തയാവുകയാണ് എറണാകുളം തിരുവാണിയൂർ സ്വദേശിനിയായ ഹിമ മണി എന്ന കലാകാരി. മിനിയേച്ചർ രൂപങ്ങൾ നിർമിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഹിമ കാർഡ്ബോർഡ് ഉപയോഗിച്ചാണ് മേശപ്പുറത്ത് സെറ്റ് ചെയ്തു വയ്ക്കാവുന്ന ഓണവീട് ഒരുക്കിയത്.

കേരളത്തനിമയുള്ള ഓണവീട്

പരമ്പരാഗത രീതിയിൽ കേരളത്തനിമയുള്ള ഒരു ഓണവീടാണ് ഹിമ നിർമിച്ചത്. പൂക്കളവും അലങ്കാരങ്ങളും വീട്ടുപകരണങ്ങളും എല്ലാം അതീവ ശ്രദ്ധയോടെ കൃത്യമായി ഒരുക്കിയിട്ടുണ്ട്. കാർഡ്ബോർഡ്, കളിമണ്ണ്, ക്രേപ്പ് പേപ്പർ, ന്യൂസ്പേപ്പർ എന്നിവയാണ് പ്രധാനമായും നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അക്രിലിക് പെയിന്റുപയോഗിച്ച് ചിത്രപ്പണികൾ ചെയ്തു മനോഹരമാക്കിയിട്ടുണ്ട്.

പൂർണമായും കാർഡ്ബോർഡിലാണ് വീട് ഒരുക്കിയിരിക്കുന്നത്. കാർഡ്ബോർഡും ന്യൂസ് പേപ്പറും ഉപയോഗിച്ചാണ് മുറ്റത്തെ കിണറിന്റെ നിർമാണം. മിനിയേച്ചർ മൺപാത്രങ്ങളും അരകല്ലും വിളക്കുമെല്ലാം കളിമണ്ണ് ഉപയോഗിച്ച് നിർമിച്ചെടുത്തിരിക്കുന്നു. പൂക്കളം ഒരുക്കുന്നതിനും പൂമാലകൾ നിർമിക്കുന്നതിനും ക്രേപ്പ് പേപ്പറാണ് ഉപയോഗിച്ചിരിക്കുന്നത്.

20 മണിക്കൂറിൽ പൂർത്തിയാക്കി

14
ഹിമ മണിയുടെ പെയിന്റിങ്

സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ഹിമ പല ദിവസങ്ങളിലായി 20 മണിക്കൂർ സമയമെടുത്താണ് ഓണവീടിന്റെ നിർമാണം പൂർത്തിയാക്കിയത്. വീട് സെറ്റ് ചെയ്യുന്നതിന്റെ വിഡിയോ പകർത്തി യൂട്യൂബിൽ പങ്കുവച്ചിട്ടുമുണ്ട്. മിനിയേച്ചർ രൂപങ്ങൾ ഉണ്ടാക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന ഹിമ മറ്റ് യൂട്യൂബ് ചാനലുകൾ കണ്ടാണ് ഇവ പഠിച്ചെടുത്തത്. ബുക്ക് സ്റ്റോർ, ഡോൾ ഹൗസ്, ക്രിസ്തുമസ് വില്ലേജ്, ഓഷ്യൻ ഹൗസ്, ഫെയറി ഗാർഡൻ തുടങ്ങി അതിമനോഹരമായ നിരവധി മിനിയേച്ചർ കലാസൃഷ്ടികൾ ഇതിനോടകം ഹിമയുടെ കരവിരുതിൽ ഒരുങ്ങിയിട്ടുണ്ട്.

നവരാത്രി മിനിയേച്ചർ

നിലവിൽ നവരാത്രി ഉത്സവം തീം ആക്കി മിനിയേച്ചർ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഹിമ. മിനിയേച്ചർ സൃഷ്ടികൾക്ക് പുറമേ ഉപയോഗശൂന്യമായ കാർഡ്ബോർഡ്, ഐസ്ക്രീം സ്റ്റിക്ക്, വിസിഡി, ന്യൂസ് പേപ്പർ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച മനോഹരമായ ഹോം ഡെക്കറുകളും കോസ്റ്ററുകളുമെല്ലാം ഹിമയുടെ യൂട്യൂബ് ചാനലിൽ കാണാം. തീരെ ചെറിയ പ്രായം മുതൽ ചിത്രരചന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹിമ ക്യാൻവാസ് പെയിന്റിംഗും ചെയ്തു വരുന്നു.

English Summary: Onam Miniature By Artist Himamani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com