ADVERTISEMENT

വണ്ണത്തിന്റെ കാര്യത്തില്‍ നിരവധി ബോഡി ഷെയ്മിങ്ങുകള്‍ നേരിടേണ്ടി വന്ന നടിയാണ് വിദ്യാ ബാലന്‍. എന്നും പോസിറ്റിവായിരിക്കുക എന്നു പറഞ്ഞ് അത്തരം ആക്ഷേപങ്ങളെ വിദ്യാ ബാലന്‍ വളരെ ലാഘവത്തോടെ തള്ളിക്കളയുകയാണു പതിവ്. എന്നാല്‍ ആ നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത് ഒരുപാടു മാനസിക പ്രയാസങ്ങളിലുടെ കടന്നും തന്റെ ശാരീരികാവസ്ഥ മനസിലാക്കിയുമാണ്. അതുകൊണ്ടാണ് തന്നെ പോലെ ഏത് സ്ത്രീയും അവരുടെ ശരീരത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് വിദ്യാ ബാലന്‍ പറയുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന 65ാമത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് ഓഫ് ഓബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ പങ്കെടുത്തു സംസാരിച്ചുകൊണ്ടാണ് വിദ്യാ ബാലന്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. 

 

സ്ത്രീയെ സംബന്ധിച്ച് അവരുടെ സ്വത്വത്തിന്റെ ഭാഗം തന്നെയാണ് ശരീരം. എന്നിട്ടും സ്വന്തം ശരീരത്തെ അംഗീകരിക്കാന്‍ ആരും തയാറാവുന്നില്ല. അതിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അംഗീകരിക്കുന്നില്ല. ആരും അതിനു വേണ്ടത്ര സംരക്ഷണം നല്‍കുന്നില്ല. ഓരോ സ്ത്രീയും അവരുടെ ശരീരത്തെ സംരക്ഷിക്കുകയും അതിനെ വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യണം. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും വിദ്യാ ബാലന്‍ ഓര്‍മ്മിപ്പിച്ചു. 

 

കൂടുതല്‍ പേര്‍ തന്റെ ആരോഗ്യസംരക്ഷണത്തിനായി മുന്നോട്ട് വരുമ്പോള്‍ അത് സമൂഹത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്. ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ടെങ്കിലും സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് വിദ്യാ ബാലന്‍ പറയുന്നു. 

 

നമ്മുടെ നാട്ടില്‍ ഒരു സ്ത്രീക്ക് ഗൈനക്കോളജിസ്റ്റിനെ കാണണമെങ്കില്‍ മാതാപിതാക്കളോ, ജീവിത പങ്കാളിയോ മകനോ അങ്ങനെ ആരെങ്കിലും എപ്പോഴും കൂട്ടുവേണം. കാരണം ഗൈനക്കോളജിസ്റ്റുകളെ കാണേണ്ട ആരോഗ്യപ്രശ്നങ്ങള്‍ അത്തരം സ്ത്രീകളെ സംബന്ധിച്ച് നാണക്കേടും അസ്വസ്ഥതയുമുണ്ടാക്കുന്നു. മാത്രമല്ല അവര്‍ വീട്ടുകാരോടൊപ്പം ഡോക്ടറെ കാണുമ്പോള്‍ വീട്ടുകാര്‍ക്കും രോഗവിവരങ്ങള്‍ അറിയാനാവുമെന്നതും പ്രധാനപ്പെട്ടകാര്യമാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.

English Summary: Every woman must acknowledge each part of her body, says Vidya Balan at 65th AICOG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com