നവംബർ 4 വരെ ശനി വക്രഗതിയിൽ; ഗുണമോ ദോഷമോ?
Mail This Article
ജനന സമയത്ത് ചന്ദ്രൻ നിന്നിരുന്ന രാശിയുടെ 12ലും ഒന്നിലും രണ്ടിലുമായി സഞ്ചരിക്കുന്ന ഏഴര വർഷമാണ് ഏഴര ശനി. ചന്ദ്രനിൽ നിൽക്കുന്നിടത്തുന്നു 4, 7,10 ഭാവങ്ങളിലെ സ ഞ്ചരിക്കുന്ന കാലമാണ് കണ്ടശനി. അത് രണ്ടര വർഷമാണ്. ഇപ്പോൾ എടവം രാശിക്കാർക്ക് 10ൽ ശനിയാണ്. കർമരംഗത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ചിങ്ങം രാശിക്കാർക്ക് 7ൽ ശനി ആണ്. പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാം. വൃശ്ചിക രാശിക്കാർക്ക് 4ൽ ശനിയാണ്. വീട്ടിൽ പല കുഴപ്പങ്ങളും ഉണ്ടാകാം. വീട് വിട്ട് നിൽക്കേണ്ടി വരാം. ഇതാണ് പൊതുഫലം. എന്നാൽ ഇപ്പോൾ ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത് കൊണ്ട് ഈ ദോഷഫലങ്ങൾ ഈ രാശിക്കാർ അനുഭവിക്കേണ്ടി വരില്ല.
വക്രഗതി 2023 ജൂൺ17 മുതൽ 2023 നവംബർ 4 വരെയാണ്. കുംഭം രാശിയിൽ ആണെങ്കിലും മകരം രാശിയിൽ നിൽക്കുന്ന ഫലമാണ് നൽകുക. ചുരുക്കി പറഞ്ഞാൽ മേൽ പറഞ്ഞ രാശിക്കാർക്ക് ഇപ്പോൾ ശനി ദോഷം ഇല്ല. മേടം, മിഥുനം, കർക്കിടകം, തുലാം, ധനു, മകരം, കുംഭം രാശിക്കാർ ശനി ദോഷം അനുഭവിക്കും. കന്നി രാശിക്കാർക്ക് ഗുണം കുറയും മീനം രാശിക്കാർക്ക് ഏറ്റവും ഗുണകരമായ ദിവസങ്ങളാണിത്. ശനി ദോഷം മാറിയവർക്ക് തിരിച്ചു വന്ന ഫലവും ദോഷ സ്ഥാനത്തുള്ളവർക്ക് അതില്ലാത്ത സ്ഥിതിയാണെന്നും പറയാം.
എന്താണ് കണ്ടകശനി?
ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ നിന്ന് നാല്, ഏഴ്, പത്ത്, ഇതിലേതെങ്കിലും രാശിയില്‍ ശനി ചാരവശാല്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അവിടുന്ന് ആ ശനി കടന്നുപോകുന്നതുവരെ ആ ജാതകത്തിന്റെ ഉടമക്ക് കണ്ടകശനിയായിരിക്കും ഫലം എന്നാണ് ജ്യോതിഷം പറയുന്നത്. അതിനർത്ഥം എല്ലാ നക്ഷത്രക്കാർക്കും കണ്ടകശനിയുടെ കാലം ഉണ്ടാകാം. എന്നാൽ ജാതക മണ്ഡലത്തിൽ ശനിയുടെ സ്ഥാനം അനുസരിച്ച് ഫലങ്ങളും വ്യത്യസ്തങ്ങളായിരിക്കും.
മനസമാധാനം ഇല്ലാതാക്കുക, ധനനഷ്ടം, മാനഹാനി അങ്ങനെ ഫലങ്ങൾ വ്യത്യസ്തങ്ങളാണ്. നാലിലാണ് ശനിയെങ്കില്‍ കുടുംബഛിദ്രങ്ങളും ധനധാന്യനഷ്ടവും സകലകാര്യങ്ങളിലും തോല്‍വിയും മാനഹാനിയുമുണ്ടാകും എന്ന് പറയപ്പെടുന്നു. എന്നാൽ എഴില്‍ ശനി നില്‍ക്കുന്ന കാലത്ത് ഭാര്യാവിരഹം, സജ്ജനവിരോധം, കടങ്ങള്‍ മുതലായ ദുരിതങ്ങളുണ്ടാകും.
വീണ്ടും സ്ഥാനം മാറി, പത്തില്‍ ആണ് ശനി നിൽക്കുന്നത് എങ്കിൽ സര്‍വനാശവും മാനഹാനിയും ആയിരിക്കും ഫലം. ഏറെ ഭയപ്പെടേണ്ട കാലമാണ് ഇത്. അഷ്ടമത്തില്‍ നില്‍ക്കുന്ന ശനിയും ദോഷത്തെയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ വിവിധതലങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കാലമാണിത്. നിശ്ചിത വർഷമാണ് ശനിയുടെ ഫലം നിലനിൽക്കുക. ശേഷം ഗുണകരമായ കാലം കടന്നുവരും. എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും.
എന്നാൽ പൊതുവെ പറയപ്പെടുന്നത് വിവാഹം, വീട് വയ്ക്കൽ, കുഞ്ഞിന്റെ ജനനം തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടക്കുന്നത് ഈ കാലഘട്ടത്തിലായിരിക്കും. എല്ലാപ്രായത്തിലും ശനിദശ ഉണ്ടാകാറുണ്ട് എങ്കിലും, യൗവനത്തിൽ ഉണ്ടാകുന്ന ശനി ആണ് കൂടുതൽ കാഠിന്യം. ബാല്യത്തിലും വാധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും.
ശനിദശ അനിഷ്ടം കൂടാതെ കടന്നുകിട്ടാൻ നല്ല ക്ഷമയും ഈശ്വര വിശ്വാസവും അനിവാര്യമാണ്. ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. പൂർവജന്മത്തിലെ പ്രാരാബ്ധങ്ങളാണ് ശനിദശാകാലത്ത് ദോഷഫലങ്ങളായി വരുന്നത് എന്നും പറയപ്പെടുന്നു. ഈ അവസ്ഥകൾ മറികടക്കുന്നതിനായി ശനി ദേവനെ ആരാധിക്കുകയാണ് ചെയ്യുന്നത്.
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും ശനിയുടെ ദോഷഫലം കുറയ്ക്കും എന്ന് പറയപ്പെടുന്നു. ശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് ഏറെ ഫലപ്രദമായി കണക്കാക്കുന്നു.
" നീലാഞ്ജന സമാഭാസം - രവിപുത്രം യാമാഗ്രജം ച്ഛായ
മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം." എന്ന മന്ത്രജപത്തിലൂടെ ശനിദേവനെ പ്രസാദിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ദു:ഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാന ഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്ത് ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം, അപവാദ പ്രചരണം, മരണ തുല്യമായ അനുഭവങ്ങള്‍, അപകടം, കേസ്സുകള്‍, ജയില്‍ വാസം എന്നീ ദോഷ ഫലങ്ങളാണ് കണ്ടകശനിക്കാലത്ത് അനുഭവിക്കപ്പെടുക ഈ അവസ്ഥകൾ മറികടക്കാൻ ശനി മന്ത്രം സഹായിക്കും. കാഠിന്യം കുറയ്ക്കുമെന്ന് സാരം.
Content Summary: Effects of Retrograde Saturn in your life