ഭക്തിസാന്ദ്രം വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളിസന്ധ്യവേല
Mail This Article
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളിസന്ധ്യവേലയുടെ മൂന്നാം ദിവസത്തെ പ്രഭാത ശ്രീബലി എഴുന്നള്ളിപ്പും വിളക്കിനെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. ചിറക്കടവ് തിരുനീലകണ്ഠൻ തിടമ്പേറ്റി. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ. പുള്ളിസന്ധ്യവേല ഇന്ന് സമാപിക്കും.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളിസന്ധ്യവേല. ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി നേതൃത്വം നൽകി. തിരുവിതാംകൂർ മഹാരാജാവ് ചേർത്തല ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോൾ അതിൽ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വർഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങാണ് പുള്ളിസന്ധ്യവേല. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തിരമായാണ് നടത്തുന്നത്.