അനുഗ്രഹമരുളുന്ന ബേളൂരപ്പൻ, തിടമ്പ് നൃത്തം പ്രധാനം; മലനിരകൾക്ക് നടുവിലെ ബേളൂർ ശിവക്ഷേത്രം
Mail This Article
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവ ക്ഷേത്രമാണ് ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അഞ്ചു ദിവസമാണ് ഇവിടെ ഉത്സവം നടക്കുന്നത് .കൊടിയേറ്റിന് തലേദി വസത്തെ കലവറ നിറയ്ക്കൽചടങ്ങിനായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. ഒന്നാം ദിവസം കൊടിയേറ്റ്ആണ് പ്രധാനം. ശിവരാത്രി ദിവസം നടക്കുന്ന തിടമ്പു നൃത്തമാണ് ഉത്സവ പരിപാടികളിൽ ഏറ്റവും ആകർഷണീയം. അഞ്ചു ദിവസവും ക്ഷേത്ര പരിസരത്ത് കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ബേളൂരപ്പന്റെ നഗരപ്രദക്ഷിണം മറ്റൊരു വർണാഭമായ കാഴ്ചയാണ്. ദൈവചൈതന്യത്തെ വിഗ്രഹത്തിലേക്കാവാഹിച്ച് ഘോഷയാത്രയായി ഗ്രാമത്തെ വലംവെക്കുന്ന ചടങ്ങാണിത്. അട്ടേങ്ങാനം, ഒടയഞ്ചാൽ, ചക്കിട്ടടുക്കം, നായിക്കയം, മുക്കുഴി എന്നിങ്ങനെ സമീപദേശങ്ങളിലൂടെയൊക്കെ ഈ ഘോഷയാത്ര പോകുന്നുണ്ട്. വഴിയിലെ പ്രധാന സ്ഥലങ്ങളിലും ദൈവസങ്കേതങ്ങളിലും ശിവപ്രതിഷ്ഠ ഇറക്കിവെച്ച് പൂജകളും ആരാധനയും നടത്തുന്നു.
ശിവരാത്രി ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ അതിരാവിലെ മുതൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. അന്നദാനം ഉത്സവ നാളുകളിൽ എല്ലാദിവസവും ഉണ്ടാകാറുണ്ട്. വൈകുന്നേരം ആറാട്ട്കഴിഞ്ഞ് ദേവൻ ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി തിടമ്പ്നൃത്തം കഴിഞ്ഞ് 12 മണിയോട് കൂടി ഉത്സവത്തിന് കൊടിയിറങ്ങുന്നു. തുടർന്ന് മൂന്നാം ദിവസം പൊട്ടൻ തെയ്യം, ചാമുണ്ഡി അമ്മ, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ ക്ഷേത്ര പള്ളിയറസ്ഥാനത്ത് കെട്ടിയാടുന്നു.ശബരിമല മണ്ഡകാലത്ത് അയ്യപ്പൻ വിളക്കു മഹോത്സവവും ആഴിപൂജയും നടത്താറുണ്ട്.
ഇളനീർ ധാര ഇവിടുത്തെ പ്രധാനവഴിപാടാണ്. മഴ പെയ്യാൻ വൈകുന്ന സമയങ്ങളിൽ ഇളനീർ കൊണ്ട് ശിവലിംഗത്തിൽ ധാരനടത്തിയാൽ മഴ ലഭിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. മറ്റു പ്രധാന ക്ഷേത്രങ്ങളിലേതുപോലെ തന്നെ നിത്യ പൂജയും പ്രത്യേക പൂജകളും മറ്റും ഇവിടെ യഥാവിധി നടക്കുന്നു. എല്ലാ തിങ്കളാഴ്ചയും ഒരിക്കൽ വഴിപാട് എടുക്കുന്ന ഭക്തജനങ്ങൾ നാനാഭാഗങ്ങളിൽ നിന്നായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. അന്നേദിവസം എല്ലാവർക്കും അന്നപ്രസാദമുണ്ടായിരിക്കും.
വിശേഷ ദിവസങ്ങൾ:
പ്രതിഷ്ഠാ ദിനം ഇടവം 5(ഏപ്രിൽ 19)
ധനുമാസത്തിലെ ആയില്യം നാളിൽ നാഗത്തിൽ ആയില്യം
കർക്കടക മാസത്തിൽ രാമായണ പാരായണം
കാർത്തിക നാളിൽഭഗവതിസേവ
വാവിന് ബലിതർപ്പണം
മഹാനവമി, വിജയദശമി ആഘോഷം
തിങ്കളാഴ്ച ദിവസം വിശേഷമാണ്
തന്ത്രി -പദ്മനാഭ വാഴുന്നവർ ക്ഷേത്രേശൻ -മരുതമ്പാടി നാരായണ തായർ. മേൽ ശാന്തി -ശ്രീഹരി ഭാഗവത.
ദർശനസമയം : രാവിലെ 6മുതൽ 11:30വരെ. വൈകുന്നേരം 6മുതൽ 7വരെ.
ഫോൺ നമ്പർ: 0467 2246880, 9496240202, 8289895775.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421