ആറിരട്ടി ഐശ്വര്യം പ്രദാനം ചെയ്യുന്ന സ്കന്ദ ഷഷ്ഠി; വ്രതം എങ്ങനെ അനുഷ്ഠിക്കാം?
Mail This Article
തുലാമാസത്തിൽ ആചരിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതത്തിലൂടെ സ്വയം പാപമുക്തി ലഭിക്കുന്നതിനൊപ്പം സന്താനഭാഗ്യം, സന്താന അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. സ്കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ ഭഗവാൻ സുബ്രഹ്മണ്യനെയാണ് പ്രീതിപ്പെടുത്തുന്നത്. സർവാഭീഷ്ടദായകമായ ഷഷ്ഠി വ്രതത്തിലൂടെ ലഭിക്കുന്നതിന്റെ ആറിരട്ടി ഐശ്വര്യങ്ങൾ സ്കന്ദ ഷഷ്ഠി അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ജീവിത പുരോഗതി, രോഗശാന്തി, തൊഴിൽ ഉന്നതി, ശത്രുരക്ഷ എന്നിവയെല്ലാം ഇതിന്റെ ഫലമാണ്.
എന്നാൽ സ്‌കന്ദഷഷ്ഠി സ്വന്തം ഉന്നതിക്ക് വേണ്ടിയും മക്കളുടെ ഉന്നതിക്ക് വേണ്ടിയും ആചരിക്കുന്ന പലർക്കും അറിയില്ല എന്താണ് സ്കന്ദ ഷഷ്ഠിക്ക് പിന്നിലുള്ള യഥാർത്ഥ ഐതിഹ്യമെന്ന്. സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ അവിവേകം മൂലം സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കി. ചെയ്തു പോയ അവിവേകത്തിനുള്ള പ്രായശ്ചിത്തമായി സുബ്രഹ്മണ്യൻ സർപ്പമായി മാറുകയും പിന്നീട് കാണാതാവുകയും ചെയ്തു. ഇതിൽ അമ്മയായായ പാർവതി ദേവി ദുഖിതയായി.
തന്റെ മകനെ തിരികെ ലഭിക്കുന്നതിനായി ശുക്ല ഷഷ്ഠീ വ്രതം ആചരിക്കാമെന്നും തന്റെ പുത്രനെ ഭജിച്ചു കഴിയുമെന്നും ശിവന്റെ നിർദേശപ്രകാരം തീരുമാനിച്ചു. ഷഷ്ഠിയുടെ തലേദിവസം ഒരിക്കലെടുത്ത് പാർവതി ദേവി വ്രതം ആരംഭിച്ചു. ഇത്തരത്തിൽ തന്റെ മകനെ യഥാർത്ഥ രൂപത്തിൽ തിരികെ ലഭിക്കുന്നതിനായി പാർവതീദവി 108 ഷഷ്ഠി വ്രതമെടുത്തു.108 വ്രതങ്ങൾ പൂർത്തിയാക്കുന്ന ദിവസം, സുബ്രഹ്മണ്യനെ സർപ്പ രൂപത്തിൽ കണ്ടെത്തി. മഹാവിഷ്ണു ആ സർപ്പ രൂപത്തിൽ സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് സ്‌കന്ദഷഷ്ഠി ദിനത്തിൽ നാഗപ്രതിമവച്ച് സുബ്രഹ്മണ്യപൂജ ചെയ്യുന്നത്. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും അറിയപ്പെടുന്നു.
ഷൺമുഖ മന്ത്രം
ഓം നമ: ഷൺമുഖായ രുദ്രസുതായ സുന്ദരാം
ഗായകുമാരായ ശുഭ്രവർണായ നമഃ എന്ന ഷൺമുഖ മന്ത്രമാണ് സ്‌കന്ദഷഷ്ഠി അനുഷ്ഠിക്കുമ്പോൾ ചൊല്ലേണ്ടത്.
വ്രതത്തിന്റെ ചിട്ടകൾ
സ്കന്ദഷഷ്ഠിയുടെ തലേന്നേ വ്രതത്തിന്റെ ഒരുക്കം തുടങ്ങണം. മത്സ്യമാംസാദി ഭക്ഷണം കഴിക്കാതെ ബ്രഹ്മചര്യത്തോടെ കഴിയണം. ഷഷ്ഠിനാളിൽ അതിരാവിലെ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തണം. പനിനീർ അഭിഷേകം ഉൾപ്പെടെ ലഘു വഴിപാടുകൾ നടത്താം. ക്ഷേത്രത്തിൽ നിന്ന് വന്നിട്ടേ ഭക്ഷണം കഴിക്കാവൂ. ക്ഷേത്രത്തിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഉണക്കലരി ചോറ് വാങ്ങി വീട്ടിൽ കൊണ്ടുപോയി തൈരു കൂട്ടി കഴിക്കാം.
വ്രതം അനുഷ്ഠിക്കുന്ന ദിവസം പകൽ ഉറങ്ങരുത്. വൈകുന്നേരം വീണ്ടും ക്ഷേത്ര ദർശനം നടത്തണം. രാത്രി ഭക്ഷണം സന്ധ്യയോടെ പൂർത്തിയാക്കണം. വൃശ്ചിക മാസം ആരംഭിച്ച് തുലാം മാസത്തിൽ അവസാനിക്കുന്ന വിധത്തിൽ ഒൻപത് വർഷം കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലുള്ള വ്രതാനുഷ്ഠാനം അതീവ ശ്രേഷ്ഠമാണ്. പാല്, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകം നടത്തി വ്രതം അവസാനിപ്പിക്കാവുന്നതാണ്.