മോട്ടർ സൈക്കിൾ മോഷ്ടാവിനെഴുതിയ കത്ത്; നല്ല കള്ളന്റെ സത്യം
Mail This Article
നല്ല കള്ളൻ എന്ന പ്രയോഗം ക്രിസ്തുവിന്റെ മരണത്തിൽനിന്നു കുരിശിറങ്ങി വന്നതാണ്. ക്രിസ്തുവിന്റെ വലതുവശത്തെ കുരിശിൽ തറയ്ക്കപ്പെട്ട കള്ളനു നൽകപ്പെട്ട അലങ്കാരം. നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും എന്ന് ക്രിസ്തു നല്ല കള്ളനു പ്രതീക്ഷ കൊടുത്തു. പിന്നീടിങ്ങോട്ട് നല്ല കള്ളന്മാർ സാഹിത്യത്തിലും ജീവിതത്തിലും ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിലൊരു കഥ വന്നത് ഗുജറാത്തിലെ സൂറത്തിൽനിന്നാണ്.
രാജ്യത്തെ വജ്ര വ്യവസായത്തിന്റെ സിരാകേന്ദ്രമായ സൂറത്തിൽ, ആ മേഖലയിൽ ജോലി ചെയ്യുന്ന പരേഷ് പട്ടേലിന്റെ മോട്ടർ സൈക്കിൾ, പാർക്കിങ് ഏരിയയിൽനിന്നു മോഷണം പോയി. പൊലീസിൽ പരാതിപ്പെടുന്നതിനു പകരം സമൂഹ മാധ്യമത്തിൽ ഹൃദയ സ്പർശിയായ ഒരു കുറിപ്പിടാനാണ് പട്ടേൽ തീരുമാനിച്ചത്:
പ്രിയ മോഷ്ടാവേ,
എന്നെക്കാൾ ഒരു ബൈക്കിനാവശ്യം താങ്കൾക്കാണെന്നു മനസ്സിലാക്കുന്നു. എനിക്ക് ഏതായാലും ഒരു സൈക്കിളുണ്ട്. അത്യാവശ്യം സഞ്ചാരങ്ങൾക്ക് അതു മതി. പാവം നിങ്ങൾക്കു വേറെ വാഹനമൊന്നും ഇല്ലല്ലോ. ബൈക്ക് നിങ്ങൾ കൊണ്ടുപോയ സ്ഥിതിക്ക് വണ്ടിയുടെ ആർസി ബുക്കും മറ്റു രേഖകളും കൂടി നിങ്ങൾ എന്റെ വാഹനമെടുത്ത അതേ പാർക്കിങ് ഏരിയയിലെ വൈദ്യുതി മീറ്ററിനരികെ വയ്ക്കുകയാണ്. ദയവായി അതുകൂടി എടുത്തുകൊണ്ടുപോയി യാത്ര സുഗമമാക്കുമല്ലോ.
ബൈക്കിനെക്കാൾ വേഗത്തിൽ ഈ സമൂഹ മാധ്യമ സന്ദേശം നാടാകെ പറന്നു. കള്ളനും കണ്ടു ഈ കുറിപ്പ്. അദ്ദേഹത്തിനു സങ്കടവും കുറ്റബോധവും തോന്നി. ശ്രീമാൻ കള്ളൻ വണ്ടിയെടുത്ത അതേ സ്ഥലത്ത് അതു തിരികെയെത്തിച്ചു. എന്നുതന്നെയല്ല, മോഷണത്തിനിടയിൽ വണ്ടിക്കു പറ്റിയ അല്ലറ ചില്ലറ കേടുപാടുകൾ പരിഹരിച്ചാണ് അതവിടെ കൊണ്ടുവച്ചത്. നല്ല വാക്കുകൊണ്ടു ഗുണമേയുള്ളു, ദോഷമില്ല. കള്ളനു മാനസാന്തരമുണ്ടാക്കാൻ ആ വാക്കുകൾക്കു കഴിഞ്ഞല്ലോ. ആരും കള്ളനായി ജനിക്കുന്നില്ല എന്നു നമുക്കറിയാം. സാഹചര്യങ്ങൾ ചിലരെ കള്ളന്മാരാക്കുന്നു.
മോഷണം തെറ്റാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, മറ്റെല്ലാവരെയും പോലെ പശ്ചാത്തപിക്കാനും മാനസാന്തരപ്പെടാനും കള്ളന്മാർക്കും അവകാശമുണ്ട്. തിന്മയിൽ തുടരാനുള്ള പ്രലോഭനത്തെ അതിജീവിക്കുന്ന കള്ളൻ ഒരു പോരാട്ടം ജയിക്കുകയാണ്. അതിന് അവസരമൊരുക്കുന്നവർ നന്മയ്ക്കു വഴിയൊരുക്കുന്നു; സൂറത്ത് കഥയിലെ പരേഷ് പട്ടേലിനെപ്പോലെ. ‘തെറ്റു ചെയ്യുന്നത് മനുഷ്യസഹജമാണ്; ക്ഷമിക്കുന്നത് ദൈവികവും’ എന്നെഴുതിയത് 1688 മുതൽ 1744 വരെ ജീവിച്ച ഇംഗ്ലിഷ് കവി അലക്സാണ്ടർ പോപ്പാണ്.
പരേഷ് പട്ടേൽ ദൈവികമായ ഒരു കാര്യം ചെയ്തപ്പോൾ ആ ദൈവസ്പർശം കള്ളനിലേക്കു പടർന്നു; അവനു മാനസാന്തരമുണ്ടായി. നല്ല കള്ളൻ എന്ന സംബോധനയിൽ പക്ഷേ, കള്ളൻ മാറിനിൽക്കുന്നില്ല എന്നൊരു പ്രശ്നമുണ്ട്. നല്ല കള്ളൻ എന്ന വാക്കുകളിലെ അക്ഷരങ്ങളൊന്നു സ്ഥാനം മാറ്റി നോക്കൂ; കള്ളനിലെ ചില്ലക്ഷരം കളഞ്ഞ് നല്ല എന്ന വാക്കിനു മുൻപിലിട്ടാലോ? കള്ളനല്ല. സ്വയം തിരുത്താൻ തീരുമാനിക്കുന്ന ഒരാൾ ഈ തിരുത്തുകൂടി അർഹിക്കുന്നുണ്ട്.