ADVERTISEMENT

ചുറ്റം മാമ്പഴസുഗന്ധം പരക്കുന്ന ഈ നാളുകളിൽ മാവിൽനിന്നൊരു കഥ അടർത്തിയെടുക്കുന്നതു ന്യായം. മാവിന്റെ കഥയെന്നതുപോലെതന്നെ ഇതൊരു ചെറുപ്പക്കാരന്റെ കഥകൂടിയാണ്. നാടുകാണാനിറങ്ങിയതായിരുന്നു ചെറുപ്പക്കാരൻ. നടന്നുനടന്ന് ഒരു മാന്തോപ്പിലെത്തി. മഞ്ഞുകാലമാണ്; മാവുകളൊക്കെ ഇലകൊഴിഞ്ഞു നിൽക്കുകയാണ്. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു മാവിൻ ചുവട്ടിൽ പ്രായമായ ഒരാളെ കണ്ടു. അദ്ദേഹം മാവ് നനയ്ക്കുകയാണ്. കർഷകനാവുമെന്ന് യുവാവു വിചാരിച്ചു. ചെറുപ്പക്കാരൻ അടുത്തുചെന്നു.

പെട്ടെന്ന്, ദാ, മാവിൽ നിറയെ ഇലകൾ; തിങ്ങിനിറഞ്ഞ് മാമ്പഴം. കർഷകൻ ഒരു മാമ്പഴം പറിച്ച് ചെറുപ്പക്കാരനു നൽകി. അയാൾ അതു കഴിച്ചു;എന്താ ഒരു രുചി! വല്ലാത്തൊരു മാജിക് തന്നെ. മഞ്ഞുകാലത്തുപോലും മാവുനിറയെ മാങ്ങ; മാമ്പഴം. ഇതിന്റെ രഹസ്യം മനസ്സിലാക്കിയാൽ ധാരാളം പണം സമ്പാദിക്കാമല്ലോ എന്നു വിചാരിച്ചു ചെറുപ്പക്കാരൻ. കർഷകനൊപ്പം കൂടിയാൽ ആ രഹസ്യം കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും. ഇവിടെ എന്നെക്കൂടി ജോലിക്കു നിർത്തുമോ എന്നു ചോദിച്ചു, അയാൾ.കർഷകൻ ഭാര്യയോട് അഭിപ്രായം ചോദിച്ചു. ഭാര്യയ്ക്കു വിരോധമില്ല. ഭർത്താവിനൊരു സഹായകമാവട്ടെ എന്ന് അവർ കരുതി.

ഒരു വർഷക്കാലം ചെറുപ്പക്കാരൻ നന്നായി ജോലി ചെയ്തു. കർഷകനു തൃപ്തിയായി; ചെറുപ്പക്കാരനും സന്തോഷം. ഇരുകൂട്ടർക്കും പരാതിയില്ല. ഇനിയിപ്പോൾ മാമ്പഴ മാജിക്കിന്റെ രഹസ്യം ചെറുപ്പക്കാരനുമായി പങ്കുവയ്ക്കാം എന്നു കർഷകൻ തീരുമാനിച്ചു. ചെറുപ്പക്കാരൻ ആഗ്രഹിച്ചിരുന്നതും അതുതന്നെ. കർഷകൻ പക്ഷേ, ഒരു വ്യവസ്ഥ വച്ചു. എവിടെനിന്നാണ് ഈ മാങ്ങാ മാജിക് പഠിച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ സത്യം പറയണം; പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്ത ഒരു ഗ്രാമീണനിൽനിന്നാണ് പഠിച്ചതെന്ന്. യുവാവ് സമ്മതിച്ചു. മാമ്പഴ മാജിക്കുമായി അയാൾ നാടു ചുറ്റി; പെട്ടെന്നു സമ്പന്നനായി.

വിവരം രാജാവിന്റെ ചെവിയിലുമെത്തി. അദ്ദേഹം ചെറുപ്പക്കാരനെ വിളിപ്പിച്ചു: പറയൂ, എവിടെനിന്നാണ് നിങ്ങളീ മാന്ത്രികവിദ്യ പഠിച്ചത്?അക്ഷരാഭ്യാസമില്ലാത്ത ഒരു കർഷകനിൽനിന്നാണു പഠിച്ചതെന്നു പറയാൻ ചെറുപ്പക്കാരനു മടി തോന്നി. അയാൾ പറഞ്ഞു: ബുദ്ധിമാനും ധനികനുമായ ഒരാളിൽനിന്നാണ് ഞാനിതു പഠിച്ചത്. മാമ്പഴ മാജിക് വിദ്യയുടെ പ്രയോഗമൊന്നു കാണാൻ രാജാവിനു തിടുക്കമായി: ഒന്നു കാണട്ടെ, ആ മാജിക്. പിറ്റേന്നുതന്നെ ചെറുപ്പക്കാരൻ തയാറായി വന്നു; ഒരു മാവിന്റെ അടുത്തുചെന്ന് അതിൽ കുറച്ചു വെള്ളം തളിച്ചു; മാന്ത്രിക വചനങ്ങൾ ചൊല്ലി.

രാജാവ് മാമ്പഴം പ്രതീക്ഷിച്ചു നിൽക്കുകയാണ്. പക്ഷേ, ഒന്നും സംഭവിച്ചില്ല. രാജാവിനു ദേഷ്യം വന്നതു സ്വാഭാവികം. താൻ ചെയ്ത തെറ്റ്, വിശ്വാസ വഞ്ചന, ചെറുപ്പക്കാരനു മനസ്സിലായി. അയാൾ രാജാവിനോടു സത്യം വെളിപ്പെടുത്തി. രാജാവ് പറഞ്ഞു:ഒരാൾ പാവപ്പെട്ടവനാണോ നിരക്ഷരനാണോ എന്നതല്ല നോക്കേണ്ടത്. അറിവു പകർന്നു തന്നയാളെപ്പറ്റിയല്ല, നിങ്ങളെപ്പറ്റിത്തന്നെയാണ് നിങ്ങൾക്കിപ്പോൾ നാണം തോന്നേണ്ടത്. ചെറുപ്പക്കാരന്റെ നന്ദികേടിന് രാജാവ്് ഉടൻതന്നെ ശിക്ഷ വിധിച്ചു: നാടുകടത്തൽ.

English Summary:

Discover the Secret Behind The Magic of Floury Mangoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com