ADVERTISEMENT

ദ്വാപരയുഗത്തിൽ ബ്രജഭൂമിയിൽ ജീവിച്ചിരുന്ന ആ ബാലന്റെ കഥ ഭാരതഭൂമി മുഴുവൻ പ്രസിദ്ധമായിരുന്നു. കുട്ടിക്കാലത്തു തന്നെ എത്രയെത്ര അസുരൻമാരെ ആ കുട്ടി ഒതുക്കിവിട്ടു. യമുനാനദിയിൽ കടന്നുകയറിയ കാളിയനെന്ന വിഷസർപ്പത്തെ തലയിൽ നൃത്തം ചെയ്ത് അഹങ്കാരം ശമിപ്പിച്ചു. മാറിൽ വിഷം തേച്ച് പാൽ കൊടുക്കാൻ വന്ന പൂതനയെ ഒരു പാഠം പഠിപ്പിച്ചു. പിന്നെ ശാപമോക്ഷം കൊടുത്തു. ദേവരാജനായ ഇന്ദ്രനെ ചൊടിപ്പിക്കാനായി അദ്ദേഹത്തെ ആരാധിക്കുന്നതിനു പകരം ഗോവർധന പർവതത്തെ ആരാധിക്കാൻ വൃന്ദാവനത്തിലെ നിവാസികളോടു പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട കണ്ണൻ പറഞ്ഞാൽ അവർ അനുസരിക്കാതിരിക്കുന്നതെങ്ങനെ? 

കണ്ണന്റെ വാക്കുകേട്ട് അവര് ഇന്ദ്രനുള്ള യാഗങ്ങൾ നിർത്തി. കാഴ്ചകളുമായി ഗോവർധനത്തെ പരിക്രമണം ചെയ്യാൻ തുടങ്ങി ക്രുദ്ധനായ ഇന്ദ്രൻ കൊടുങ്കാറ്റും പേമാരിയുമയച്ച് വൃന്ദാവനത്തെ വെള്ളത്തിലാക്കി. എന്നാൽ കണ്ണനൊരു കുലുക്കവുമില്ലായിരുന്നു. ഗോവർധനത്തെ പുഷ്പം പോലെ ഉയർത്തി തന്റെ കൈവിരലിനാൽ ഉയർത്തി കണ്ണൻ. വൃന്ദാവനത്തിലെ മനുഷ്യരും മാടുകളുമെല്ലാം അതിനടിയിൽ അഭയം തേടി. ഇന്ദ്രന്റെ ശ്രമങ്ങൾ വിജയിച്ചില്ല. സാക്ഷാൽ നാരായണൻ തന്നെ മനുഷ്യരൂപത്തിൽ വന്ന ശ്രീകൃഷ്ണന് അങ്ങനെയെന്തെല്ലാം ലീലകൾ. പിൽക്കാലത്ത് കുരുക്ഷേത്രയുദ്ധത്തിലെ ഞാണൊലികൾ നിയന്ത്രിച്ച ഭഗവാൻ ബാല്യകാലം സംഭവബഹുലമായിരുന്നു. ബാലഗോപാലനായ കൃഷ്ണന്റെ ലീലകൾ തലമുറകളോളം പകർന്ന് അനശ്വരമായി നിൽക്കുന്നു.

Img1

ശ്രീകൃഷ്ണന്റെ ബാല്യകാല കഥകളിൽ പ്രസിദ്ധമാണ് ഒരു പഴക്കച്ചവടക്കാരിയുടേത്. അക്കാലത്ത് മഥുരയിൽ ഒരു പഴക്കച്ചവടക്കാരി ജീവിച്ചിരുന്നു. ഒരിക്കൽ അവർ നന്ദഗോപരുടെയും യശോദയുടെയും വാസസ്ഥലത്തെത്തി. മധുരവും വാസനയുമേറിയ മാമ്പഴങ്ങൾ കണ്ട് ശ്രീകൃഷ്ണന് കൊതിയടക്കാനായില്ല. സ്വതസിദ്ധമായ കള്ളച്ചിരിയോടെ കണ്ണൻ പഴക്കച്ചവടക്കാരിക്കരികിലെത്തി മാമ്പഴങ്ങൾ ആവശ്യപ്പെട്ടു. പകരമായി അരിയോ ധാന്യമോ നൽകാൻ പഴക്കച്ചവടക്കാരി ആവശ്യപ്പെട്ടു. കുട്ടിയായ കൃഷ്ണൻ വീട്ടിനുള്ളിലേക്കു പോയി. ചെറിയ കൈക്കുള്ളിൽ ഒരുപിടി ധാന്യവുമായി അവർക്കരികിലേക്ക് എത്തി.

mg5
Image Credit: This image was generated using Midjourney

പഴക്കച്ചവടക്കാരിക്ക് അരികിലെത്തി കണ്ണൻ മുഷ്ടി തുറന്നു. എന്നാൽ പറ്റിപ്പിടിച്ച ചില്ലറ ധാന്യമണികളൊഴികെ ബാക്കിയെല്ലാം കൈയിൽ നിന്ന് കളഞ്ഞുപോയിരുന്നു. അൽപം സങ്കടം അഭിനയിച്ച് തിരിഞ്ഞുനടന്ന ബാലഗോപാലനെ പഴക്കച്ചവടക്കാരി കൈയാട്ടി വിളിച്ചു. തന്റെ മടിയിലിരുന്ന് അമ്മയെന്ന് തന്നെ വിളിച്ചാൽ മാമ്പഴം തരാമെന്ന് അവർ പറഞ്ഞു. കണ്ണൻ അപ്രകാരം ചെയ്തു. ആരെയും മോഹിപ്പിക്കുന്ന ഭാവത്തോടെ അമ്മേയെന്നു വിളിച്ച ആ കുരുന്നിന് പഴക്കച്ചവടക്കാരി മാമ്പഴങ്ങൾ നൽകി.

iMG3
Image Credit: This image was generated using Midjourney

കണ്ണൻ അതുമായി ഓടിപ്പോയി. എന്നാൽ പഴക്കച്ചവടക്കാരി തന്റെ കൂടയിൽ നോക്കിയപ്പോൾ കണ്ണനു കൊടുത്ത മാമ്പഴങ്ങൾക്കു പകരം കൂടയിൽ സ്വർണവും വിലപിടിച്ച രത്നങ്ങളും. സാക്ഷാൽ ഭഗവാൻ തന്നെയായിരുന്നു കുറച്ചുമുൻപ് തന്റെ മടിയിൽ കയറിയിരുന്നതെന്നും തന്നെ അമ്മേയെന്നു വിളിച്ചതെന്നും താൻ നൽകിയ മാമ്പഴം ഭക്ഷിച്ചതെന്നും മനസ്സിലാക്കിയ പഴക്കച്ചവടക്കാരി സ്തബ്ധയായി നിന്നു. സ്വർണവും രത്നങ്ങളുമൊക്കെ അവരെ മോഹിപ്പിച്ചതേയില്ല...

Img4
Image Credit: This image was generated using Midjourney
English Summary:

The Mangoes that Turned to Gold: A Krishna Leela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com