ആവർത്തന പട്ടിക മനഃപാഠം, 9 ഭാഷകളിൽ പ്രാവീണ്യം: ഈ ഒന്നാം ക്ലാസുകാരൻ 'മിടുമിടുക്കൻ' എന്ന് മന്ത്രി
Mail This Article
രസതന്ത്ര പഠനത്തിന്റെ ഭാഗമായി ആവർത്തന പട്ടികയുമായി ഹൈസ്കൂൾ കാലഘട്ടത്തിൽ മല്ലിട്ടവരായിരിക്കും മിക്കവരും. അതുകൊണ്ടു തന്നെ ഒരു ഒന്നാം ക്ലാസുകാരൻ ആവർത്തന പട്ടിക ഒരു അല്ലലുമില്ലാതെ പറയുന്നത് കേൾക്കുമ്പോൾ എങ്ങനെയാണ് അന്തം വിടാതെ ഇരിക്കുക. എറണാകുളം ജില്ലയിലെ സൗത്ത് വാഴക്കുളം ജി എൽ പി എസിലെ ആരവ് സഞ്ജു എന്ന ഒന്നാം ക്ലാസുകാരനാണ് ഈ മിടുമിടുക്കൻ.
ഈ മിടുമിടുക്കന്റെ വിശേഷങ്ങൾ സൗത്ത് വാഴക്കുളം ഗവൺമെന്റ് ഹൈസ്കൂളിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് അധ്യാപകർ പങ്കുവെച്ചത്. വിഡിയോ കണ്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ആരവിനെ അഭിനന്ദിക്കാനും ലോകത്തിന് പരിചയപ്പെടുത്താനും മറന്നില്ല. ആവർത്തന പട്ടിക കൂളായി പറയുന്ന വിഡിയോയ്ക്കൊപ്പം ഒരു ചെറിയ കുറിപ്പും വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചു. 'മിടു മിടുക്കൻ' എന്ന അഭിനന്ദന വാക്കോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഭാവിയിൽ ഒരു ശാസ്ത്രജ്ഞൻ ആകാനാണ് കുഞ്ഞ് ആരവിന്റെ ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കുന്നു. ഏതായാലും മന്ത്രിയുടെ കുറിപ്പിന് താഴെ കുഞ്ഞ് ആരവിന് അഭിനന്ദന പ്രവാഹമാണ്.
ആവർത്തന പട്ടിക മാത്രമല്ല നിരവധി ഭാഷകളിലും പ്രാവീണ്യമുണ്ട് ഈ കൊച്ചു മിടുക്കന്. ഇംഗ്ലീഷ്, മലയാളം, കൊറിയൻ, ജാപ്പനീസ്, റഷ്യൻ, ഗ്രീക്ക്, ഹിന്ദി, ഉറുദു, അറബിക് എന്നീ ഭാഷകൾ എഴുതാനും വായിക്കാനും ആരവിന് കഴിയും. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഈ ഭാഷകളെല്ലാം ആരവ് സ്വയം പഠിച്ചതാണ്. ഈ പ്രായത്തിലുള്ള കുട്ടികൾ മൊബൈൽ ഫോണിൽ കാർട്ടൂൺ വിഡിയോകളുടെ പിന്നാലെ പോകുമ്പോഴാണ് അതേ പ്രായത്തിലുള്ള ഈ കൊച്ചു മിടുക്കൻ വ്യത്യസ്തനാകുന്നത്.
കൂടാതെ ഗണിതത്തിലെ പൈയുടെ മൂല്യം അതിൽ ആദ്യത്തെ 100 ദശാംശ സ്ഥാനങ്ങൾ അനായാസം പറയാൻ ആരവിന് കഴിയും. ആവർത്തന പട്ടിക വളരെ ലളിതമായി വിശദീകരിച്ചു തരാനും മൂലകങ്ങളുടെ ആറ്റോമിക മാസ് , ആറ്റോമിക നമ്പർ, ആവർത്തന പട്ടികയുടെ ഘടന എന്നിവയെക്കുറിച്ചും വ്യക്തമായി വിവരിച്ചു തരാനും ഈ കുഞ്ഞു മിടുക്കന് കഴിയുന്നുണ്ട്. മൈക്രോ ആർട്ട്, ഡ്രോയിംഗ്, അന്യഭാഷാ ഗാനങ്ങൾ ആലപിക്കൽ എന്നിങ്ങനെ നിരവധി കഴിവുകൾ കൊണ്ട് അധ്യാപകരെ അത്ഭുതപ്പെടുത്തുന്ന ഒരു കുട്ടിയാണ് ആരവ്. ഗണിതത്തിൽ ഗുണനം, ഹരണം, സങ്കലനം, വ്യവകലനം എന്നിവ തന്റേതായ രീതിയിൽ ചെയ്യാൻ ആരവിന് കഴിയും.
ഭാവിയിൽ ഒരു ശാസ്ത്രജ്ഞൻ ആയി ആവർത്തന പട്ടികയിലെ മൂലകങ്ങൾ ഉപയോഗിച്ച് പുതിയ കണ്ടു പിടുത്തങ്ങൾ നടത്താനാണ് ആരവിന് ആഗ്രഹം. ആരവിന്റെ അച്ഛൻ സഞ്ജു അർജുൻ സ്വകാര്യ കമ്പനിയിലെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആണ്. അമ്മ ആതിര കുസാറ്റിലെ ജീവനക്കാരിയാണ്. നിലവിൽ ഒരു പുതിയ ഭാഷ പഠിക്കുന്ന തിരക്കിലാണ് ആരവ്. ക്ലിംഗോൺ ഭാഷയാണ് അത്. ഒരു പരമ്പരയ്ക്ക് വേണ്ടി മാർക്ക് ഒക്രോണ്ട് എന്ന അമേരിക്കൻ ഭാഷാ വിദഗ്ദൻ കൃത്രിമമായി നിർമിച്ച ഭാഷയാണ് ക്ലിംഗോൺ.