കൊച്ചുമകളെ പരിചയപ്പെടുത്തി ലക്ഷ്മി നായർ; കുഞ്ഞാവ അച്ഛമ്മയെ പോലെയെന്ന് ആരാധകർ
Mail This Article
ലക്ഷ്മി നായർക്ക് ഇത്തവണത്തെ വിഷു ആഘോഷത്തിന് ഒരു അധികമധുരം കൂടി ഉണ്ടായിരുന്നു. കൊച്ചുമകൾ സരസ്വതിക്ക് ഒപ്പമുള്ള ആദ്യത്തെ വിഷു ആയിരുന്നു ഇത്തവണത്തേത്. ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിന്റെ മകളാണ് സരസ്വതി. മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് പിറന്നത്. പ്രസവവുമായി ബന്ധപ്പെട്ട് കുറച്ച് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നതിനാൽ കുഞ്ഞ് പിറന്ന് മൂന്നാഴ്ചയോളം പിന്നിട്ട ശേഷമായിരുന്നു കുടുംബത്തിൽ പുതിയ ഒരു അംഗം കൂടി എത്തിയ കാര്യം ലക്ഷ്മി നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അനുവിനെയും കുഞ്ഞിനെയും പരിപാലിച്ചത് ഏറെയും ലക്ഷ്മി തന്നെ ആയിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞുവാവയുടെ വിശേഷങ്ങൾ നിരന്തരം പങ്കുവെക്കുമായിരുന്നെങ്കിലും ഇതുവരെ മുഖം കാണിച്ചിരുന്നില്ല. കൊച്ചുകുഞ്ഞ് ആയതിനാൽ തന്നെ അവളുടെ സ്വകാര്യതയെ മാനിച്ചാണ് കുഞ്ഞിന്റെ മുഖം കാണിക്കാതിരുന്നതെന്ന് ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഒടുവിൽ കുഞ്ഞിന് ആറുമാസം പൂർത്തിയായതിനു പിന്നാലെ, വിഷുദിനത്തിൽ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെച്ചും കുഞ്ഞിന്റെ മുഖം കാണിച്ചും എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ എന്ന അച്ഛമ്മ.
സരസ്വതിയുടെ ആദ്യവിഷു ആയതിനാൽ തന്നെ ലക്ഷ്മിക്കും കുടുംബത്തിനും അത് ആഘോഷമായിരുന്നു. എന്നാൽ, ലക്ഷ്മിക്ക് സുഖമില്ലാത്തതിനാൽ ചെറിയ രീതിയിൽ ആയിരുന്നു ആഘോഷം. മഞ്ഞ നിറത്തിലുള്ള കുഞ്ഞ് പട്ടു പാവാടയും പച്ച നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസുമായിരുന്നു സരസ്വതിയുടെ വേഷം. ചെറിയ ഒരു പൊട്ടു തൊട്ട് മലയാളി സ്റ്റൈലിലാണ് കുഞ്ഞുവാവയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ലക്ഷ്മി നായരും അനുവും കേരള സാരിയും സെറ്റും മുണ്ടും ധരിച്ചപ്പോൾ വിഷ്ണു മുണ്ടും കുർത്തയും അണിഞ്ഞാണ് എത്തിയത്.
ഏതായാലും സരസ്വതി കുഞ്ഞാവയെ കണ്ട പ്രേക്ഷകർക്കും സന്തോഷമായി. കൊച്ചുമകൾ അച്ഛമ്മയെ പോലെ തന്നെയാണെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. കൊച്ചുമകളെ പ്രേക്ഷകർ കണ്ടിട്ടില്ലാത്തതിനാൽ മകൻ വിഷ്ണുവും അനുവും ചേർന്നാണ് ഇത്തവണ സരസ്വതി മോളെ എല്ലാവരെയും കാണിക്കാമെന്ന തീരുമാനം എടുത്തതെന്നും ലക്ഷ്മി പറഞ്ഞു. സുഖമില്ലാത്തതിനാൽ ഇത്തവണ സദ്യ പുറത്തു നിന്ന് വാങ്ങുകയായിരുന്നു. ഏതായാലും കൊച്ചുമകളുടെ ആദ്യവിഷു ചെറിയ രീതിയിൽ ആണെങ്കിലും ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷ്മിയും കുടുംബാംഗങ്ങളും. രണ്ട് മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ ലക്ഷ്മി നായരുടെ യുട്യൂബ് ചാനലിന് ഉള്ളത്. പാചകവിശേഷങ്ങളും കുടുംബവിശേഷങ്ങളും എല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി നായർ പങ്കുവെയ്ക്കാറുണ്ട്.