ശ്രേഷ്ഠമോൾക്ക് സമ്മാനങ്ങളുമായി സുരേഷ് ഗോപി എത്തി, ടീച്ചർമാരെയും കുട്ടികളെയും കാണിക്കാൻ ഫോട്ടോയും കിട്ടി
Mail This Article
സ്കൂളിലെ ടീച്ചർമാരെയും കൂട്ടുകാരെയും ശ്രേഷ്ഠമോൾക്ക് ഒന്ന് ഞെട്ടിക്കണമായിരുന്നു. എങ്ങനെയെന്നല്ലേ സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ കൊണ്ട്. ഏതായാലും സുരേഷ് ഗോപി നേരിട്ട് എത്തിയതോടെ ശ്രേഷ്ഠമോളുടെ ആഗ്രഹവും സഫലമായി. കഴിഞ്ഞദിവസം കോഴിക്കോട് എത്തിയ സുരേഷ് ഗോപി ശ്രേഷ്ഠയെ കാണുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. നീലയുടുപ്പ് ധരിച്ച് എത്തിയ ശ്രേഷ്ഠമോളെ വാൽസല്യത്തോടെ സുരേഷ് ഗോപി താലോലിച്ചു. വിഡിയോയിൽ കണ്ടയാള് ഇതാണോയെന്നായിരുന്നു ആദ്യ ചോദ്യം. ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലും അമ്പരപ്പിലും ആയിരുന്നു കുഞ്ഞു ശ്രേഷ്ഠ.
നിഷ്കളങ്കമായി തന്റെ മുന്നിൽ നിൽക്കുന്ന ശ്രേഷ്ഠമോളെ കണ്ട സുരേഷ് ഗോപി അവളുടെ നെറ്റിത്തടത്തിൽ ഒരു സ്നേഹചുംബനം നൽകി. തുടർന്ന് ഒരു പൂച്ചെണ്ടും. അതിനുശേഷം തനിക്ക് ലഭിച്ച പൊന്നാട സുരേഷ് ഗോപി ശ്രേഷ്ഠമോളെ അണിയിച്ചു. തന്റെ ഇഷ്ടതാരത്തെ കാണാൻ വെറും കൈയോടെയല്ലായിരുന്നു ശ്രേഷ്ഠ എത്തിയത്. ഓണക്കോടിയും കൈയിൽ കരുതിയിരുന്നു. പൊന്നാട അണിയിച്ച ഉടനെ ശ്രേഷ്ഠമോൾ താൻ കരുതിയ സമ്മാനം സുരേഷ് ഗോപിക്ക് നൽകി.
സുരേഷ് ഗോപിയും കുഞ്ഞുമോൾക്കായി ഓണസമ്മാനം കരുതിയിരുന്നു. വൈറലായ വിഡിയോയിൽ സുരേഷ് ഗോപിയുടെ ഫോട്ടോ വേണമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. ആ ആഗ്രഹം സഫലമാക്കി സുരേഷ് ഗോപി അദ്ദേഹത്തിന്റെ ഒരു ചിത്രവും നൽകി. ക്ലാസിലെ മറ്റു കുട്ടികൾക്കും ഫോട്ടോ കൊണ്ടു വന്നിട്ടുണ്ടെന്നും കൊണ്ടു പോയി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞത് ശ്രേഷ്ഠ തലയാട്ടി കേട്ടു.
സുരേഷ് ഗോപിയെ കണ്ടതിനു ശേഷം വീട്ടിലേക്കുള്ള മടക്കയാത്രയിൽ അദ്ദേഹം സമ്മാനമായി നൽകിയ പാവാടയും ബ്ലൗസും നോക്കുന്ന തിരക്കിലായിരുന്നു ശ്രേഷ്ഠ. അത്രമേൽ ഇഷ്ടപ്പെട്ട ആ ഉടുപ്പിന് ഒരു മുത്തം കൊടുക്കാനും ശ്രേഷ്ഠ മറന്നില്ല. ഓണത്തിന് ഇടാനായിരിക്കും ഇത് സമ്മാനമായി നൽകിയതെന്ന് ഒരു ആത്മഗതവും. സുരേഷ് ഗോപിയുടെ ഫോട്ടോ ഒന്നുകൂടി നോക്കി 'പൊളിച്ച്' എന്നൊരു കമന്റും പാസാക്കി. കുറേ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ തനിക്ക് പിടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നും ശ്രേഷ്ഠ പറഞ്ഞു. അച്ഛനും മകളും കൂടിയുള്ള സ്കൂൾ യാത്രയ്ക്കിടയിൽ ആയിരുന്നു തനിക്ക് സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ വേണമെന്ന ആഗ്രഹം ശ്രേഷ്ഠമോൾ പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ബിജെപി ജില്ല നേതൃത്വം സുരേഷ് ഗോപിയുമായി ബന്ധപ്പെടുകയും അദ്ദേഹം കോഴിക്കോട് എത്തുമ്പോൾ ശ്രേഷ്ഠയെ കാണാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. കുറ്റ്യാടി കായക്കൊടി കോവുക്കുന്ന എൽ പി സ്കൂളിലെ എൽ കെ ജി വിദ്യാർഥിനിയാണ് ശ്രേഷ്ഠ. നിപിൻ - ആരതി ദമ്പതികളുടെ മകളാണ്.