ADVERTISEMENT

രാജാറാം മോഹൻ റോയ് എന്ന മഹാന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയിൽനിന്നു തുടച്ചു നീക്കപ്പെട്ട ഒരു അനാചാരമാണ് സതി. ഭർത്താവ് മരിക്കുമ്പോൾ ആ ചിതയിൽ ചാടി ഭാര്യയും മരിക്കുന്ന രീതിയായിരുന്നു സതി. എന്നാൽ തന്റെ യജമാനൻ മരിച്ചപ്പോൾ ആ ചിതയിൽ ചാടി മരിച്ച ഒരു നായയെപ്പറ്റി കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? വാഗ്യ എന്ന വേട്ടനായയായിരുന്നു അത്. മാറാഠ അടക്കിവാണ ഛത്രപതി ശിവജിയുടെ വളർത്തുനായയായിരുന്ന വാഗ്യ അദ്ദേഹത്തിന്റെ ചിതയിൽ ചാടി മരിക്കുകയായിരുന്നു. ശിവജിയുടെയും വാഗ്യയുടെയും കഥയിങ്ങനെ...

മരണശേഷം സ്മൃതിമണ്ഡപം നിർമിച്ച് ബഹുമാനിക്കുന്ന വാഗ്യയുടെ കഥ ആരംഭിക്കുന്നത് സഹ്യ പർവതത്തിന്റെ മടിത്തട്ടിൽ എവിടെയോ ആണ്. വേട്ടനായ ഇനത്തിൽപെട്ട, തനി ഇന്ത്യൻ ബ്രീഡായ നായയായിരുന്നു വാഗ്യ.  ഒരിക്കൽ സഹ്യാദ്രിയുടെ സമീപത്ത്  വേട്ടയ്ക്ക് പോയ ശിവജി മുലകുടി മാറാത്ത ഇവനെ അവിടെ നിന്നു കണ്ടെത്തി. വലുപ്പത്തിൽ കുഞ്ഞനായിരുന്നെങ്കിലും ഉശിര്‌ അല്പം കൂടുതലുള്ള നായയായിരുന്നു വാഗ്യ. 

കടുവ ഗർജിക്കുന്നതു പോലെയുള്ള അവന്റെ കുര കണ്ടിട്ടാണ് ശിവജി നായക്കുട്ടിക്ക് വാഗ്യ എന്ന പേര് നൽകിയത്. വാഗ്യ എന്നാൽ കടുവ എന്നായിരുന്നു അർഥം. ശിവജി നായയെ തന്റെ കൂടെ കൂട്ടി. വേട്ട രീതികൾ ശീലിപ്പിച്ചു. കൊങ്കണിലെ കീഴ്ക്കാം തൂക്കായ മലനിരകളിൽ ഗറില്ല പോരിനായി ശിവജിക്കൊപ്പം അവനും ഓടിയിറങ്ങി. ശിവജിയെ പലവിധ ആപത്തുകളിൽ നിന്നും കാത്തിരുന്നത് വാഗ്യ ആയിരുന്നു. ഒടുവിൽ അൻപതോളം കോട്ടകൾ കീഴടക്കി അദ്ദേഹം രാജാവായപ്പോൾ സിംഹാസനത്തിനടുത്ത് ഇവനും സ്ഥാനം നൽകി .

ഒടുവിൽ നാല്പതാം വയസ്സിൽ ശിവാജി അകാല മൃത്യുവടയുമ്പോൾ നായയും പ്രായാധിക്യം കൊണ്ട് ഏറെ ക്ഷീണിതനായിരുന്നു. ഇരുപത്തഞ്ച് വയസ്സ് മുതൽ അദ്ദേഹത്തിന്റെ നിഴലായി വാഗ്യ കൂടെ ഉണ്ടായിരുന്നു. ഒടുവിൽ 15  വർഷം നീണ്ടു നിന്ന ആ സ്നേഹത്തിന്റെ അവസാന നിമിഷങ്ങൾ വന്നെത്തി.  സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിൽ ആ പോരാളിയെ ദഹിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൾക്ക് അരികിലായി വാഗ്യ നിന്നു.

ശിവജിയുടെ ചിതയ്ക്ക് തീ കൊടുത്തപ്പോൾ വാഗ്യ അതിലേക്ക് എടുത്ത് ചാടി. യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ അതോ അദ്ദേഹത്തിനൊപ്പം ഇല്ലാതാകാൻ വേണ്ടിയായിരുന്നോ  ആ ചാട്ടം എന്നറിയില്ല. കണ്ടു നിന്നവർ വാഗ്യയെ അഗ്നിയിൽ നിന്നു വലിച്ചു മാറ്റി. എങ്കിലും വാഗ്യക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ട് നാളുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി. പിന്നീട് ശിവജിയുടെ പിൻഗാമികൾ വാഗ്യയുടെ പ്രതിമ അവിടെ സ്ഥാപിച്ചു .

മൂന്നൂറ് വർഷങ്ങൾക്ക് മുൻപ് കൊങ്കണിൽ നിന്നു യുദ്ധം തുടങ്ങി ഒടുവിൽ മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി അന്ത്യവിശ്രമം കൊള്ളുന്ന റായ്ഗഡ് കോട്ടയിൽ അദ്ദേഹത്തെ നോക്കി നിൽക്കുന്ന വാഗ്യ എന്ന വേട്ടനായുടെ പ്രതിമ ഇന്ന് ആയിരക്കണക്കിന് സന്ദർശകരിൽ കൗതുകമുണർത്തി നിലകൊള്ളുന്നു.

English Summary : Waghya the dog statue near Chhatrapati Shivaji memorial 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com