ADVERTISEMENT

രാമൻ ഇഫക്ടും ആപേക്ഷികതാ സിദ്ധാന്തവും പോലെ അനശ്വരമാണ് രാമചന്ദ്രൻ പ്ലോട്ട്. അത് ആവിഷ്കരിച്ച ജി.എൻ. രാമചന്ദ്രൻ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജൻമശതാബ്ദി ദിനമാണ് നാളെ.

ജഗദീശ് ചന്ദ്രബോസിനെയും സത്യേന്ദ്രനാഥ് ബോസിനെയും മേഘ്നാദ് സാഹയെയും ഇ.സി.ജി. സുദർശനെയും പോലെ ജി.എൻ. രാമചന്ദ്രനും നൊബേൽ പുരസ്കാരം അർഹിച്ചിരുന്നു. ഈ മഹോന്നത പുരസ്കാരത്തിന് പലപ്പോഴും ഇന്ത്യയിലേക്കുള്ള വഴി തെറ്റി; രാമചന്ദ്രന്റെ കാര്യത്തിലും അതു സംഭവിച്ചു. തൻമാത്രാ ജൈവഭൗതികത്തിൽ(Molecular Biophysics) മൗലികമായ നേട്ടങ്ങൾ സ്വന്തമാക്കിയ ഗോപാലസമുദ്രം നാരായണ അയ്യർ രാമചന്ദ്രൻ എന്ന ജി.എൻ. രാമചന്ദ്രനെ വിസ്മരിച്ചുകൊണ്ട് ശാസ്ത്രത്തിന് ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ല. സിടി സ്കാൻ, എംആർഐ സ്കാൻ തുടങ്ങിയവ സാധ്യമാക്കിയത് ടോമോഗ്രഫിയിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ്. അതിൽ ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ നേട്ടങ്ങൾ.

എറണാകുളത്ത് 1922 ഒക്ടോബർ 8നു ജനിച്ച രാമചന്ദ്രന്റെ അച്ഛൻ  നാരായണ അയ്യർ മഹാരാജാസ് കോളജിൽ ഗണിത അധ്യാപകനായിരുന്നു. കുട്ടിക്കാലത്തേ മകന് ഗണിതശാസ്ത്ര പുസ്തകങ്ങൾ വായിക്കാൻ കൊടുത്ത അച്ഛൻ‌ വൻ കുതിപ്പുകൾക്കുള്ള ഊർജമാണ് പകർന്നത്. രാമചന്ദ്രന്റെ പിൽക്കാല കണ്ടെത്തലുകളിലെല്ലാം അഗാധമായ ഗണിത ശാസ്ത്ര ഉൾക്കാഴ്ചയുണ്ടായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങാണ് പഠിക്കാനെടുത്തത്. എന്നാൽ രാമചന്ദ്രന്റെ മികവ് തിരിച്ചറിഞ്ഞ സാക്ഷാൽ സി.വി. രാമൻ ഭൗതികശാസ്ത്രത്തിലേക്കു മാറ്റുകയായിരുന്നു. രാമന്റെ മേൽനോട്ടത്തിൽ എക്സ് റേ ടോപോഗ്രഫിയിലും ഒപ്ടിക്സിലും പഠനം നടത്തി. പിന്നീട് അദ്ദേഹം കാവൻഡിഷ് ലബോറട്ടറിയിൽ ഗവേഷകനായി. കേംബ്രിജിൽ നിന്ന് പിഎച്ച്ഡി നേടി മടങ്ങിയെത്തി ഗവേഷണം തുടരുന്നതിനിടെ മദ്രാസ് സർവകലാശാലയിൽ ഭൗതികശാസ്ത്ര വകുപ്പിന്റെ തലവനായി. 

ബയോ പോളിമറുകളിൽ ഗവേഷണം നടത്തിയാലോ എന്ന് രാമചന്ദ്രൻ ആലോചിക്കുന്ന കാലത്താണ് പ്രശസ്ത ശാസ്ത്രജ്ഞനായ ജെ.ഡി. ബെർണൽ ഇന്ത്യയിലെത്തിയത്. അദ്ദേഹമാണ് കൊളജൻ ഘടനയെക്കുറിച്ച് ഗവേഷണം നടത്താൻ പ്രേരിപ്പിച്ചത്. ഓക്സ്ഫഡിലും കേംബ്രിജിലുമെല്ലാം അതിൽ ഗവേഷണം നടക്കുന്നുണ്ടായിരുന്നെങ്കിലും വഴിത്തിരിവ് സംഭവിച്ചിരുന്നില്ല. പരിമിതമായ ഗവേഷണ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രോട്ടീൻ തൻമാത്രകളായ കൊളജന്റെ മുപ്പിരിയൻ ഘടന(Triple Helix) കണ്ടെത്താൻ അദ്ദേഹത്തിനും ശിഷ്യൻ ഗോപിനാഥ് കർത്തായ്ക്കുമായി. നേച്ചർ മാഗസിനിൽ ‘കൊളജന്റെ ഘടന’ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ പാശ്ചാത്യശാസ്ത്രജ്ഞർ പരിഭ്രാന്തരായി. ജി.എൻ. രാമചന്ദ്രൻ മുന്നോട്ടുവച്ച ഈ മാതൃകയെ അവർ ‘മദ്രാസ് ട്രിപ്പിൾ ഹെലിക്സ്’ എന്ന‍ാണു വിശേഷിപ്പിച്ചത്. 

ജയിംസ് വാട്സനൊപ്പം ചേർന്ന് ഡിഎൻഎയുടെ ഘടന കണ്ടെത്തിയ ഫ്രാൻസിസ് ക്രിക്ക് രാമചന്ദ്രന്റെയും ഗോപിനാഥ് കർത്തായുടെയും പേരെടുത്തു പറഞ്ഞ് ‘നേച്ചറി’ൽ എഴുതുകയുണ്ടായി: ‘ഈ ആശയം അടിസ്ഥാനപരമായി ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു; അവർ നിർദേശിച്ച യഥാർഥ ഘടന തെറ്റാണെന്നും’. വിമർശനങ്ങളെ ഊർജമാക്കി രാമചന്ദ്രൻ ഗവേഷണം തുടർന്നു. 1963ൽ വഴിത്തിരിവായ ഒരു പ്രബന്ധം അദ്ദേഹവും സഹപ്രവർത്തകരും ചേർന്നു പ്രസിദ്ധീകരിച്ചു. ‘രാമചന്ദ്രൻ പ്ലോട്ടി’ലൂടെ ജിഎൻആർ തന്റെ പ്രതിഭ ലോകത്തിനു കാണിച്ചുകൊടുത്തു. പ്രോട്ടീന്റെ ഘടന വിശദമാക്കാൻ സഹായിക്കുന്ന ഡയഗ്രമായിരുന്നു അത്. ക്രിക്കല്ല, രാമചന്ദ്രനാണു ശരിയെന്ന് പിൽക്കാലത്ത് തെളിഞ്ഞു. അടിസ്ഥാന ഗ്രന്ഥങ്ങൾ തൊട്ട് പ്രോട്ടീൻ ഘടനയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണ പ്രബന്ധങ്ങളിൽ വരെ അദ്ദേഹത്തിന്റെ പേര് ഉദ്ധരിക്കപ്പെടുന്നു. 

കാവൻഡിഷിലെ ഗവേഷണകാലവും ഷിക്കാഗോ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറായിരുന്നതും  ഒഴിച്ചാൽ എന്നും ഇന്ത്യയിൽ തന്നെയായിരുന്നു രാമചന്ദ്രൻ; ഗുരുവായ സി.വി.രാമൻ കാണിച്ചുകൊടുത്ത വഴിയായിരുന്നു അത്.

മദ്രാസ് സർവകലാശാലയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമെല്ലാം വിട്ടുവീഴ്ചയില്ലാത്ത ഗവേഷണത്തിന് അദ്ദേഹം അടിത്തറയിട്ടു. ശാസ്ത്രത്തിന്റെ ഒറ്റത്തോണിയിൽ മാത്രമല്ല രാമചന്ദ്രൻ സഞ്ചരിച്ചത്. തത്വചിന്തയും സംഗീതവുമെല്ലാം അതുപോലെ പ്രിയമായിരുന്നു. പാർക്കിൻസൺ രോഗം ശരീരത്തെയും അസ്വസ്ഥതകൾ മനസ്സിനെയും േവട്ടയാടിയപ്പോഴും മഹാധിഷണ അന്വേഷണങ്ങൾ തുടർന്നു. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ശാസ്ത്രജ്ഞരിൽ ഒരാൾ, അർഹിച്ച അംഗീകാരങ്ങളുടെ അകമ്പടിയില്ലാതെ 2001 ഏപ്രിൽ 7ന് വിടവാങ്ങി. 

Content Summary : Success stoy of G.N. Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com