ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ റെഡിയാണ്, നിങ്ങളോ?
Mail This Article
കടന്നുപോയാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത സെക്കൻഡുകൾ എത്ര വിലപിടിപ്പുള്ളവയാണെന്ന് കൂട്ടുകാർ കഴിഞ്ഞ ദിവസം വായിച്ചില്ലേ. ജീവിതത്തിൽ എന്നും മുന്നോട്ട് പോകാൻ നമ്മെ സഹായിക്കുന്ന രണ്ട് സൂപ്പർ ആയുധങ്ങൾ ഇന്ന് പരിചയപ്പെടാം
ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ ക്ഷമയും സമയവുമാണ്.’’– ലിയോ ടോൾസ്റ്റോയി, യുദ്ധവും സമാധാനവും. 999 പൊട്ടിപ്പോയ ചില്ലുകൾക്കും മാസങ്ങളുടെ അധ്വാനത്തിനും ശേഷമാണ് വെളിച്ചം തൂകുന്ന ഒരു ബൾബ് ജനിച്ചതെന്ന് കൂട്ടുകാർക്കറിയില്ലേ. ഒന്നും രണ്ടുമല്ല ആയിരം പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോഴും തളരാതെ, ക്ഷമയോടെ പൊരുതിയ എഡിസനെയും കൂട്ടുകാർക്കറിയാം. ഇനി ടോൾസ്റ്റോയി പറഞ്ഞത് ഒന്നുകൂടി വായിച്ചു നോക്കൂ. ഏതു സാഹചര്യത്തിലും നമ്മുടെ ചുറ്റും നിന്ന് പൊരുതാൻ കഴിവുള്ള യോദ്ധാക്കൾ ആരൊക്കെയാണെന്ന് മനസ്സിലായില്ലേ.
ഇനി ഒരു കഥയായാലോ കൂട്ടുകാരെ. ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. രാജാവായിരുന്നു ഭരണം. അഞ്ചു വർഷമാണ് ഒരു രാജാവ് ഭരിക്കുക. അതു കഴിഞ്ഞാൽ ആ രാജാവ് കാട്ടിലേക്കു പോകണം. മരങ്ങൾ തിങ്ങിനിറഞ്ഞ, ക്രൂരജന്തുക്കൾ വിഹരിക്കുന്ന ഘോരവനമായിരുന്നു അത്. അവിടേക്ക് പോയവരാരും തിരിച്ചുവന്നിട്ടില്ല. അങ്ങനെ പുതിയൊരു രാജാവിനെ തിരഞ്ഞെടുക്കേണ്ട സമയമായി. വലിയ ബുദ്ധിമാനായിരുന്നു പുതിയ രാജാവ്. അദ്ദേഹം ഭരണം ഏറ്റെടുത്ത ഉടനെ ഈ കാട് പോയി കണ്ടു. അപകടകരമായ കാടിന്റെ കിടപ്പുവശം രാജാവിന് പിടികിട്ടി. ഒരു വലിയ പദ്ധതിയുമായാണ് അദ്ദേഹം തിരിച്ചുവന്നത്. തന്റെ ഭരണത്തിന്റെ ആദ്യ ഒരു വർഷംകൊണ്ട് കാട്ടിൽ അദ്ദേഹം ഒരു വഴിവെട്ടി. രണ്ടാം വർഷം ഹിംസ്രജന്തുക്കളെ കാടിന്റെ ഒരു ഭാഗത്തേക്ക് പുനരധിവസിപ്പിച്ചു. മൂന്നാം വർഷം ഏതാനും മരങ്ങൾ വെട്ടി അവിടെ കൃഷി തുടങ്ങി. നാലാം വർഷം കുറച്ചു കുടിലുകളും കെട്ടിയുണ്ടാക്കി. അങ്ങനെ അഞ്ചാംവർഷം രാജാവിന് സിംഹാസനം ഒഴിയേണ്ട സമയമായി.
മറ്റു രാജാക്കന്മാരെ പോലെയായിരുന്നില്ല, ഏറെ സന്തോഷത്തോടെയായിരുന്നു ഈ രാജാവ് കാട്ടിലേക്കുപോയത്. ശേഷിക്കുന്ന കാലം കൃഷി ചെയ്ത് സുഖമായി അദ്ദേഹം കാട്ടിൽ താമസിച്ചു. താൻ ഭരിച്ചിരുന്ന ചുരുങ്ങിയ അഞ്ചു വർഷം പാഴാക്കാതെ കൃത്യമായി വിനിയോഗിച്ചതായിരുന്നു രാജാവിന്റെ വിജയം. ഈ രാജാവിനെ പോലെ വേണം നിങ്ങളുടെ സ്കൂൾ ജീവിതവും. മനോഹരമായ ചുരുങ്ങിയ വിദ്യാർഥി കാലഘട്ടത്തിന്റെ സമയം ചിട്ടയോടെ വിനിയോഗിക്കാം. പാഠപുസ്തകത്തിൽ കണ്ടതിനും ക്ലാസ്മുറിയിൽ കേട്ടതിനും അപ്പുറത്തേക്ക് നമ്മുടെ അറിവിന്റെ വാതായനങ്ങൾ തുറന്നിടണം. അതിന് വായന നിങ്ങളെ സഹായിക്കും, സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളെ നല്ല ചങ്ങാതിമാരാക്കാം. ലോകമെന്താണെന്ന് കാണിച്ചുതരാൻ പറ്റിയ വഴികാട്ടികളാണവർ. ശ്ശെടാ, ഈ സമയം ഇത്രയും ഭീകരനാണോ എന്നൊരു ചിന്ത വന്നോ?...ഇത്രയും വിലപിടിപ്പുള്ള സമയം ആരാണ് കണ്ടുപിടിച്ചതെന്ന് നിങ്ങൾക്ക് ഇപ്പോൾ സംശയം തോന്നുന്നുണ്ടല്ലേ. ഇനി സമയം എങ്ങനെയുണ്ടായി എന്ന കാര്യം അടുത്ത ലക്കത്തിൽ പറയാം.
Content summary : Importance of time in our life