ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ; ഈ വായുവിന് ഇതെന്തുപറ്റി?
Mail This Article
ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാവുന്ന അവസ്ഥയിലാണ് ഡൽഹിയിലെ വായു ഇപ്പോഴെന്ന് കൂട്ടുകാർ കേട്ടിരിക്കുമല്ലോ...? വായുമലിനീകരണത്തെക്കുറിച്ച് കൂടുതൽ അറിയാം.
എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI)
വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) എന്ന അളവിലാണ് പറയാറുള്ളത്. വായുവിന്റെ ഗുണമേന്മ എന്നോ മലിനീകരണത്തിന്റെ അളവെന്നോ ഇതിനെ സൂചിപ്പിക്കാം. വായു മലിനീകരണത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട 5 വാതകങ്ങളുടെ സാന്നിധ്യം എത്ര മാത്രമാണ് എന്നത് അടിസ്ഥാനമാക്കിയാണ് AQI നിർണയിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഡൽഹിയിലെ ശരാശരി എക്യുഐ 300ന് മുകളിലാണ്.
എക്യുഐ - സ്കെയിൽ
വായുവിന്റെ ഗുണമേന്മയായ എയർ ക്വാളിറ്റി ഇൻഡക്‌സ് 0-50 വരെയുള്ള ആദ്യത്തെ സ്കെയിൽ, ശേഷം 51-100, 101-150, 151-200, 201-300, 301-500 എന്നിങ്ങനെയുള്ള ആറ് സ്കെയിലിലാണ് അളക്കുന്നത്.
കാരണക്കാർ അഞ്ചെണ്ണം
AQI കണ്ടുപിടിക്കാൻ പ്രധാനമായും 5 ഘടകങ്ങളെയാണ് അളക്കുന്നത്. ഭൂനിരപ്പിലുള്ള ഓസോൺ, പാർട്ടിക്കുലേറ്റ് മാറ്റർ (ഇത് രണ്ടു തരമുണ്ട് - വ്യാസം 2.5 മൈക്രോ മീറ്ററിന് താഴെയുള്ളതും, 10 മൈക്രോമീറ്ററിന് താഴെയുള്ളതും), കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവ. എന്നാൽ അതിനൊപ്പം ലെഡ്, അമോണിയ, ബെൻസോപൈറിൻ, ബെൻസീൻ, ആഴ്‌സനിക്, നിക്കൽ എന്നിവയും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
പാർട്ടിക്കുലേറ്റ് മാറ്റർ (Particulate Matter)
ഏറ്റവും അപകടകാരിയാണ് ഇത്. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന തീരെ വലുപ്പം കുറഞ്ഞ ഖര-ദ്രാവക കണികകൾ ചേർന്നാണ് ഇവ ഉണ്ടാകുന്നത്. ഇവ 2.5, 10 എന്നിങ്ങനെ രണ്ടുതരത്തിൽ ഉണ്ട്. ആദ്യത്തേതിന്റെ വ്യാസം 2.5 മൈക്രോമീറ്ററിൽ താഴെയും രണ്ടാമത്തേതിന്റെ വ്യാസം 10 മൈക്രോ മീറ്ററിൽ താഴെയും ആയിരിക്കും. നമ്മുടെ മുടിയിഴയുടെ വ്യാസം ഏകദേശം 75 മൈക്രോ മീറ്റർ ആണ്. അപ്പോൾ പാർട്ടിക്കുലേറ്റ് മാറ്റർ എത്ര ചെറിയ കണികകൾ അടങ്ങിയിരിക്കുന്നവയാണെന്ന് ഊഹിക്കാമല്ലോ. ഇവ അന്തരീക്ഷത്തിൽ നിന്നു ശ്വാസകോശത്തിലേക്കു വളരെ എളുപ്പത്തിൽ എത്തുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
ഓസോൺ അങ്ങ് ആകാശത്തല്ലേ?
നാം കേട്ടിരിക്കുന്നത് ഓസോൺ ആകാശത്ത് ഒരു കുടപോലെ ആണെന്നും, അവയാണ് നമ്മെ സൂര്യന്റെ അൾട്രാ വയലറ്റ് രശ്‌മികളിൽ നിന്ന് സംരക്ഷിക്കുന്നതും എന്നുമാണല്ലോ. മൂന്ന് ഓക്‌സിജൻ കണങ്ങൾ ചേർന്നാണ് ഓസോൺ ഉണ്ടാകുന്നത്. ചിലപ്പോൾ വാഹനങ്ങളിൽ നിന്നും വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വാതകങ്ങൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ചും ഓസോൺ ഉണ്ടാകാറുണ്ട്. ഇവയെയാണ് ഭൂനിരപ്പിലുള്ള ഓസോൺ (Ground level Ozone) എന്ന് പറയുന്നത്. ഇവ അന്തരീക്ഷത്തിൽ നിലനിൽക്കുന്നത് മലിനീകരണത്തിന് ഇടയാക്കുന്നു.
ടെംപറേച്ചർ ഇൻവെർഷൻ’ ?
പ്രതികൂലമായ കാലാവസ്ഥ, വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുക, വയലുകളിൽ വൈക്കോലിന് തീയിടുന്നത്, കരിമരുന്ന് ഉപയോഗം എന്നിവയാണ് ഡൽഹിയെ മലിനീകരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. കൂടാതെ ശൈത്യകാലത്തു നിരന്തരമായി മലിനീകരണത്തോത് ഉയരുന്നത് ‘TEMPERATURE INVERSION' എന്ന പ്രതിഭാസം മൂലമാണെന്നും കണക്കാക്കപ്പെടുന്നു. ശൈത്യകാലത്ത് അന്തരീക്ഷത്തിലെ വായുവിന് ചലനം കുറവാകുന്നതുമൂലം വാഹനങ്ങളിലെ പുകയും മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളും അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ് ഇൗ പ്രതിഭാസം.
ഡൽഹി ഇങ്ങനെ പോയാൽ.
ഡൽഹിയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ഓരോ ഉച്ഛ്വാസ വായുവിലും 10 സിഗററ്റിൽ നിന്ന് ഒരു ദിവസം വലിച്ചെടുക്കുന്നത്ര വിഷവാതകങ്ങൾ നിറഞ്ഞിരിക്കുന്നു. വായു അങ്ങേയറ്റം മലിനമായിരിക്കുന്നു. ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ, ഇതുപോലെ തന്നെ തുടർന്നാൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ബാധിച്ചവരെക്കൊണ്ട് അവിടെയുള്ള ആശുപത്രികൾ നിറഞ്ഞേക്കാം. ഡൽഹിയിൽ മാത്രമല്ല, സമീപ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്.