അന്യഗ്രഹജീവികൾക്കെന്താണ് അമേരിക്കയിൽ കാര്യം? ആ....ആർക്കറിയാം
Mail This Article
അന്യഗ്രഹജീവികൾ അഥവാ ഏലിയൻസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടല്ലോ. Independence Day, Aliens, Predator, Men In Black തുടങ്ങി സൂപ്പർഹിറ്റായ ധാരാളം ഹോളിവുഡ് ചിത്രങ്ങളിലൂടെ ഏലിയൻസിനെ നമുക്കറിയാം. അന്യഗ്രഹജീവികളെയും അവരുടെ വാഹനങ്ങളെയും കണ്ടെന്നു പറഞ്ഞ് ധാരാളം പേർ രംഗത്തെത്താറുമുണ്ട്. അടുത്തിടെ കേരളത്തിൽ പോലുമുണ്ടായ ചില സംഭവങ്ങളിലും അന്യഗ്രഹജീവികളെകുറിച്ചുള്ള അന്ധവിശ്വാസങ്ങൾ പങ്കുവഹിച്ചതറിയാമല്ലോ.
പലതും ഒന്നാന്തരം തള്ള്!
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ധാരാളം നിറംപിടിപ്പിച്ച കഥകളും മിത്തുകളും ഗൂഢസിദ്ധാന്തങ്ങളുമൊക്കെ (conspiracy theory) ലോകത്തുണ്ട്. എന്നാൽ ആദ്യം തന്നെ പറയട്ടെ, ഒരു അന്യഗ്രഹജീവിയെയും ഭൂമിയിൽ ഇതുവരെ കണ്ടെത്തിയതായി സ്ഥിരീകരണമില്ല. ഇതാണു സത്യം. യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട് – Unidentified Flying Object) സംബന്ധിച്ചും ധാരാളം റിപ്പോർട്ടുകളും മറ്റുമുണ്ടെങ്കിലും ഇവയൊന്നും അന്യഗ്രഹജീവികളുടെ വാഹനമാണെന്നു തെളിഞ്ഞിട്ടുമില്ല. തെളിവും കഴമ്പുമുണ്ടെങ്കിലേ ശാസ്ത്രീയമായി ഒരു കാര്യം ശരിയാണെന്നു പറയാനാകൂ. ഏലിയൻസിനെപ്പറ്റി പ്രചരിക്കുന്ന പല കാര്യങ്ങളും നല്ല ഒന്നാംതരം തള്ളാണെന്നു തന്നെ പറയേണ്ടി വരും. എന്നാൽ വിശാലമായ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവനുണ്ടാകുമോ എന്ന ചോദ്യം അങ്ങനെ തള്ളിക്കളയാൻ പറ്റാത്തതാണ്. അതും കൂട്ടുകാർ ഓർക്കണം കേട്ടോ.
ആരുമെന്താ വരാത്തേ?
യുഎസിലെ ലോസ് അലമോസ് സർവകലാശാലയിൽ ലഞ്ച് കഴിച്ചുകൊണ്ടിരിക്കുമ്പോൾ പ്രശസ്ത ശാസ്ത്രജ്ഞൻ എൻറിക്കോ ഫെർമി കൂട്ടുകാരോട് ചോദിച്ചു: പ്രപഞ്ചം ഇത്രയും വലുതാണ്, കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങളും ഒത്തിരി ഗ്രഹങ്ങളുമൊക്കെയുണ്ട്. പിന്നെന്താണ് ഒരു അന്യഗ്രഹജീവി പോലും ഭൂമിയിലെത്താത്തത്? ഈ ചോദ്യം ശാസ്ത്രജ്ഞർക്കിടയിൽ വലിയ ഹിറ്റായി കേട്ടോ. പലരും ഇതിന് ഉത്തരം കണ്ടെത്താനൊക്കെ ശ്രമിച്ചു. ഫെർമി പാരഡോക്‌സ് (Fermi Paradox) എന്നാണ് ഈ ചോദ്യം അറിയപ്പെടുന്നത്. ഫെർമി മാത്രമല്ല നിക്കോള ടെസ്‌ല, കാൾ സാഗൻ, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ പല പ്രമുഖരും അന്യഗ്രഹജീവികളുണ്ടാകാമെന്നുള്ള സാധ്യതയിൽ വിശ്വസിച്ചിരുന്നു. എന്നാൽ എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ കിട്ടാതെ അന്യഗ്രഹജീവികളുണ്ടോയെന്ന കാര്യത്തിൽ ശാസ്ത്രം കൃത്യമായ ഒരു നിലപാടും എടുക്കില്ല. ഇതുവരെ അത്തരം തെളിവ് കിട്ടിയിട്ടുമില്ല.
അമേരിക്കയും യുഎഫ്ഒയും പിന്നെ ഏരിയ അൻപത്തിയൊന്നും
അന്യഗ്രഹജീവികൾക്കെന്താണ് അമേരിക്കയിൽ കാര്യം? കാരണം അന്യഗ്രഹജീവികളെ കണ്ടെന്ന വെളിപ്പെടുത്തൽ കൂടുതലും യുഎസിലാണു സംഭവിക്കാറുള്ളത്. അവരുടെ സിനിമകളിലും സാഹിത്യത്തിലുമൊക്കെ അന്യഗ്രഹജീവികളെപ്പറ്റി ധാരാളം പറയുന്നതാകാം ഒരു കാരണം. ലോകത്തെ പ്രശസ്തമായ പല ഏലിയൻ ഗൂഢവാദങ്ങളും അമേരിക്കയിലാണു സംഭവിച്ചത് കേട്ടോ. ബെറ്റി ബാർണി ഹിൽ സംഭവം, റോസ്‌വെൽ നിഗൂഢത തുടങ്ങിയവയൊക്കെ ഇതിൽപെട്ടതാണ്. യുഎസിലെ കെന്നത്ത് അർനോൾഡ് സംഭവമാണ് യുഎഫ്ഒ എന്ന ചുരുക്കവാക്കിനു പോലും തുടക്കമിട്ടത്.
അമേരിക്കയിലെ പ്രതിരോധസ്ഥാപനമായ പെന്റഗൺ 2021ൽ യുഎഫ്ഒ റിപ്പോർട്ട് പുറത്തുവിട്ടത് വലിയ സംഭവമായിരുന്നു. പിന്നീട് വേറൊരു റിപ്പോർട്ടും പെന്റഗൺ പുറത്തുവിട്ടു. ഇക്കാര്യം യുഎസ് കോൺഗ്രസിൽ ചർച്ച ചെയ്യുകയും ചെയ്തു. യുഎഫ്ഒ വിഡിയോകൾ എന്ന പേരിൽ യുഎസ് നേവിയുടെ ചില വിഡിയോകളും പുറത്തിറങ്ങിയിരുന്നു.
യുഎസിലെ നെവാഡയിൽ സ്ഥിതി ചെയ്യുന്ന എയർഫോഴ്‌സ് ഗവേഷണ, പരീക്ഷണ കേന്ദ്രമാണ് ഏരിയ 51. ഏലിയൻസിനെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും ഏരിയ 51 വിഷയമാകാറുണ്ട്. റഷ്യയുമായുള്ള (പഴയ സോവിയറ്റ് യൂണിയൻ) ശീതയുദ്ധകാലം മുതൽ നിലവിലുണ്ടായിരുന്നെങ്കിലും 2013ൽ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞപ്പോൾ മാത്രമാണ് ഏരിയ 51നെക്കുറിച്ചു പുറംലോകമറിഞ്ഞത്.
സോവിയറ്റ് യൂണിയനെതിരെ വ്യോമസേനാ വിമാനങ്ങളും ആയുധങ്ങളുമൊക്കെ വികസിപ്പിക്കുകയായിരുന്നു ഏരിയ 51ന്റെ ലക്ഷ്യം. എന്നാൽ സംഭവം രഹസ്യമായിരുന്നതുകൊണ്ട് ഇവിടെ അന്യഗ്രഹജീവികളെ താമസിപ്പിച്ചിട്ടുണ്ടെന്നും മറ്റും ധാരാളം ഊഹാപോഹങ്ങൾ ഇറങ്ങി. ഏതായാലും ഇത്തരം കിംവദന്തികളൊക്കെ യുഎസ് നിഷേധിച്ചു. ഏരിയ 52 എന്നു പറയുന്ന മറ്റൊരു കേന്ദ്രവും യുഎസിലുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.
യുഎഫ്ഒകൾ സത്യമോ
യുഎഫ്ഒകൾ എന്നാൽ അജ്ഞാതമായ പറക്കുന്ന വസ്തുക്കൾ എന്നു ലളിതമായി പറയാം. ഇവയെ കണ്ടു, കണ്ടു എന്നു പലരും പറയുന്നുണ്ടെങ്കിലും ഏലിയൻസിന്റേതാണോ എന്നു ശാസ്ത്രം പറയുന്നില്ല.
ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന് പ്രപഞ്ചത്തിൽ എവിടെയെങ്കിലും അന്യഗ്രഹജീവികളുണ്ടെങ്കിലും വലിയ ദൂരം താണ്ടി പേടകവുമായി അവർ ഭൂമിയിലെത്തുന്നതൊക്കെ സംഭവിക്കാൻ സാധ്യത വളരെക്കുറവ്. പ്രപഞ്ചത്തിൽ ഏറ്റവും വലിയ വേഗം പ്രകാശത്തിന്റേതാണ് എന്നറിയാമല്ലോ. ആ വേഗത്തിൽ സഞ്ചരിച്ചാൽ പോലും വർഷങ്ങളെടുക്കും ഇങ്ങനെയൊരു യാത്രയ്ക്ക്. അപ്പോൾ പിന്നെ യുഎഫ്ഒകളോ? പല വാദങ്ങളുണ്ട് ഇവയെപ്പറ്റി. ചിലപ്പോൾ ഇവ മറ്റുരാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളാകാം. ഉദാഹരണത്തിന് ചൈനയുടെ ഒരു ബലൂൺ കഴിഞ്ഞവർഷം യുഎസിൽ എത്തിയിരുന്നു. അത് ആദ്യം തന്നെ ബലൂണാണെന്നു കണ്ടെത്തി. ഇല്ലെങ്കിൽ അതു യുഎഫ്ഒ ആണെന്ന് ആളുകൾ വിശ്വസിച്ചേനെ.
ചില യുഎഫ്ഒ സംഭവങ്ങൾ പ്രകൃതിപരമായ പ്രതിഭാസങ്ങളാകാം. ചിലതൊക്കെ ആളുകളുടെ തോന്നലാകാം. ഇങ്ങനെ പലവാദങ്ങൾ യുഎഫ്ഒകളെപ്പറ്റി പറയുന്നു.
അന്യഗ്രഹജീവിയെ കണ്ടാൽ എങ്ങനെയിരിക്കും?
ആരും അന്യഗ്രഹജീവികളെ കണ്ടിട്ടില്ല. സിനിമകളിൽ കണ്ട പരിചയമാണ് നമുക്കുള്ളത്. മുട്ടപോലെ തലയും ഉണ്ടക്കണ്ണും കൂർത്ത കൊമ്പും ഉൾപ്പെടെ പലതരം ഏലിയൻസ് സിനിമകളിലുണ്ട്. മിക്കതും വിചിത്രരൂപികളാണ്.
എന്നാൽ യഥാർഥത്തിൽ അന്യഗ്രഹജീവികൾ എങ്ങനെയിരിക്കുമെന്ന് ആർക്കുമറിയില്ല. മറ്റു ഗ്രഹങ്ങളിലും ഭൂമിയിലെ പോലെ വ്യത്യസ്തരായ ജീവികളുണ്ടാകാം. അതിനാൽ തന്നെ പലരീതിയിൽ രൂപമുള്ളവരാകാം ഇവയെന്ന് ഗവേഷകർ പറയുന്നു. മനുഷ്യരെപ്പോലെ ബുദ്ധിയുള്ള ജീവികളുണ്ടെങ്കിൽ ചിലപ്പോൾ അവയ്ക്കു മനുഷ്യരുമായി സാമ്യമുണ്ടാകുമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. മറ്റു ഗ്രഹങ്ങളിലെ രാസ, പരിസ്ഥിതി ഘടനകൾ വ്യത്യസ്തമാകുമെന്നും അതിനാൽ തന്നെ രൂപം വേറെ രീതിയിലായിരിക്കുമെന്നും പറയുന്നവരുമുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ഒന്നിനും ഒരു ഉറപ്പില്ല.
ശാസ്ത്രം എന്തു പറയുന്നു?
നമ്മുടെ ഭൂമിയിലെ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ മറ്റു ഗ്രഹങ്ങളിൽ കണ്ടെത്താനായി ശാസ്ത്രലോകം ആഞ്ഞുശ്രമിക്കുന്നുണ്ട്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിലേക്ക് നാസ വിട്ട പെഴ്‌സിവീയറൻസ് റോവറിന്റെ പ്രധാന പണി തന്നെ അവിടെ പണ്ട് സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്തുകയാണ്. ചൊവ്വ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമീഡ്, യൂറോപ, ശനിയുടെ ഉപഗ്രഹങ്ങളായ എൻസെലാദസ്, ടൈറ്റൻ തുടങ്ങിയവയൊക്കെ സൂക്ഷ്മജീവന് സാധ്യതയുള്ള ഇടങ്ങളാണോയെന്ന സംശയം ശാസ്ത്രജ്ഞർക്കുണ്ട്. ഇങ്ങോട്ടേക്ക് ധാരാളം ബഹിരാകാശ ദൗത്യങ്ങൾ വരും നാളുകളിൽ ഉണ്ടാകും.
Betty and Barney Hill Incident
They were an American couple and civil rights activists living in New Hampshire. In 1965, the world was shocked to hear that the Hill couple had been abducted by aliens in 1961. Betty and Barney said that they had kept their experience as a secret until it was leaked. This scary revelation led to heated discussions in the United States. The Hills told the world that they had seen a UFO and the aliens had held them captive for hours.
The book based on this incident (The Interrupted Journey) was a bestseller. There was also a TV movie (The UFO Incident). However, authorities later dismissed the incident, as there was no evidence.
Roswell Incident
In short, it is the stories connected to the crash of the US Air Force's high-altitude balloon. It crashed near Roswell in 1947. After this, many conspiracy theories rose to the sky like balloons. The story of an alien encounter was the most sought-after. Even the US army added fuel to it by saying that they had recovered the debris of a "flying saucer" (പറക്കുംതളിക) from the crash site. Even though all of these were revealed as fake, people chose to believe that the crash had something to do with aliens. The balloon was part of Project Mogul–a highly secretive mission against the Soviet Union.
Kenneth Arnold and the UFO
Kenneth Arnold was a private pilot. He claimed that he saw a flying disc on June 24, 1947. It was after this incident that the short-form UFO gathered such fandom. NASA–the US space agency- officially calls them UAP (Unidentified Anomalous Phenomena).
‘സേറ്റി’ നോക്കി നോക്കി പറയട്ടേ
ബുദ്ധിശക്തിയുള്ള ഏലിയൻ സമൂഹങ്ങളെ കണ്ടെത്താനും ഇവയുമായി ആശയവിനിമയം നടത്താനുമുള്ള ശ്രമങ്ങൾ സെർച് ഫോർ എക്സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് (സേറ്റി) എന്ന പേരിൽ അറിയപ്പെടുന്നു. ഭൂമിയിൽ നിന്നു റേഡിയോ സന്ദേശങ്ങൾ അയച്ചും ഭൂമിക്കു വെളിയിൽ നിന്നു വരുന്ന റേഡിയോ സന്ദേശങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ചുമാണ് സേറ്റി പ്രവർത്തിക്കുന്നത്. സൗരയൂഥത്തിനു പുറത്ത് മറ്റു നക്ഷത്രങ്ങളെ ഭ്രമണം ചെയ്തും അല്ലാതെയും നിലനിൽക്കുന്ന പുറംഗ്രഹങ്ങളിലും (എക്സോപ്ലാനറ്റുകൾ– Exoplanets) അന്യഗ്രഹജീവനുള്ള സാധ്യത ശക്തമാണ്. ടെസ്, ജയിംസ് വെബ് ടെലിസ്‌കോപ് തുടങ്ങിയ ദൗത്യങ്ങൾ ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്. തൽക്കാലം നമുക്ക് ഒരു അന്യഗ്രഹജീവിയെയും പരിചയമില്ല. ഭാവിയിൽ പരിചയപ്പെടാനാവില്ലെന്നു പറയാനാവില്ല എന്നുമാത്രം ഇപ്പോൾ പറയാം. ഇത്തരം ഗവേഷങ്ങളിൽ നിങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ നന്നായി പഠിച്ച് ഉയരൂ. നിങ്ങളിലൂടെയാകട്ടെ ഈ മേഖലയിലെ പുതിയ കണ്ടെത്തലുകൾ. All the best.