ADVERTISEMENT

മുൻ യുഎസ് നാവിക ഉദ്യോഗസ്ഥനായ ജോസഫ് ഡിട്ടൂരി ഒരു പഠനത്തിന്റെ ഭാഗമായി 93 ദിവസം അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിൽ കഴിഞ്ഞതിന്റെ വാർത്ത കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം തയാറാക്കിയ പേടകത്തിലായിരുന്നു ഡിട്ടൂരിയുടെ താമസം. തിരിച്ചിറങ്ങിയ ഡിട്ടൂരിയെ പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടി. 10 വർഷം പ്രായം കുറഞ്ഞതുപോലെ ആരോഗ്യത്തിൽ വൻ പുരോഗതി. ജനിതകഘടനയിലുള്ള ടെലോമെറിസ് എന്ന ഭാഗം പ്രായം കൂടുന്തോറും ചുരുങ്ങും. എന്നാൽ കടൽവാസത്തിനു ശേഷം ഡിട്ടൂരിയുടെ ടെലോമെറിസ് 20 ശതമാനം നീണ്ടു.

കൂടാതെ, വിത്തുകോശങ്ങളുടെ എണ്ണം കൂടി, കൊളസ്‌ട്രോൾ 72 കൗണ്ട് കുറഞ്ഞു. ഇതെല്ലാം കടലിനടിയിലെ മർദ്ദത്തിന്റെ ഫലമായുണ്ടായതാണെന്നു മെഡിക്കൽ വിദഗ്ധർ പറയുന്നു.ഡിട്ടൂരിയുടെ കഥ അവിടെ നിൽക്കട്ടെ.

കടലിലെ നാടോടികളെപ്പറ്റി കേട്ടിട്ടുണ്ടോ? അവരാണ് ബജാവു ഗോത്രം. സുലു കടൽമേഖലയിലാണ് ഇവർ അധിവസിക്കുന്നത്. മലേഷ്യ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളുടെ സമീപമേഖലയാണ് ഇത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീഡൈവർമാർ എന്നറിയപ്പെടുന്ന ഇവരെ സംബന്ധിച്ച് കടലാണ് ഭൂമി. തങ്ങളുടെ നൗകകളിൽ എത്താവുന്ന ഏറ്റവും വിദൂര മേഖലയാണ് ഇവരെ സംബന്ധിച്ച് അതിർത്തി. നീണ്ടകാലത്തെ കടൽവാസം കാരണം ഇവർക്ക് ശാരീരികമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ 200 അടി താഴ്ചയിൽ 10 മിനിറ്റോളം ഇവർക്ക് കഴിയാൻ സാധിക്കും.

സമുദ്രത്തിലെ വിവിധ ജീവികളെയാണ് ഇവർ ഭക്ഷിക്കുന്നത്. കടൽ വെള്ളരിക്ക പോലുള്ള അപൂർവജീവികളെയും ഇവ ഭക്ഷിക്കും. ലാൻസ എന്നറിയപ്പെടുന്ന പരമ്പരാഗത വഞ്ചികളിലാണ് ഇവരുടെ താമസം. എന്നാൽ ഇന്ന് ഈ സമൂഹത്തിൽ നിന്ന് പലരും കരയിൽ താമസമുറപ്പിച്ചു. 100 മുതൽ 200 വരെ ബജാവു കുടുംബങ്ങൾ ഇന്നും പഴയ ജീവിതശൈലി പിന്തുടരുന്നവരാണ്.

English Summary:

The Bajau Tribe: The Last Nomads of the Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com