ADVERTISEMENT

നമുക്കെല്ലാം അറിയാവുന്ന നായയിനങ്ങളാണ് സൈബീരിയൻ ഹസ്കി. ഈയിനത്തിൽപെട്ട ഒരു ധീരനായ നായയുടെ കഥ കേട്ടാലോ. ആ നായയുടെ പേരാണ് ബാൾട്ടോ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലാസ്കയിൽ സ്നേക് നദിയുടെ തീരത്തുള്ള നോം പട്ടണത്തിൽ സ്വർണം കണ്ടെത്തി. മഞ്ഞുമൂടിയ ഭൂമിക്കടിയിൽ നിന്നായിരുന്നു സ്വർണം. അവിടേക്കാണ് സൈബീരിയൻ ഹസ്കികൾ ആദ്യം എത്തിയത്. തെന്നുവണ്ടികൾ വലിക്കുകയായിരുന്നു ഇവയുടെ പ്രധാന ഉപയോഗം.

Representative image. Photo credit: format35/ istock.com
Representative image. Photo credit: format35/ istock.com

1925 കാലഘട്ടത്തിൽ നോം പട്ടണത്തിൽ ഡിഫ്തീരിയ എന്ന രോഗം ചെറുതായി ഉടലെടുത്തു തുടങ്ങി. നോമിന് 800 കിലോമീറ്ററോളം അകലെയുള്ള ആങ്കറേജ് പട്ടണത്തിൽ മാത്രമായിരുന്നു ഇതിനുള്ള മരുന്നുണ്ടായിരുന്നത്. അങ്ങോട്ടേക്കു പോകാനോ അവിടെനിന്ന് ഇങ്ങോട്ടേക്ക് മരുന്നെത്തിക്കാനോ കനത്ത മഞ്ഞു മൂലം സാധ്യമായിരുന്നില്ല.

Siberian Husky. Photo credits  :Sergey Bessudov/Shutterstock.com
Siberian Husky. Photo credits :Sergey Bessudov/Shutterstock.com

നെനാന എന്ന സ്ഥലം വരെ മരുന്ന് ട്രെയിനിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്നു. എന്നാൽ അവിടെ നിന്ന് തെന്നുവണ്ടിയിൽ കൊണ്ടുവരണം. നായകൾ വലിക്കുന്ന ഈ വണ്ടികൾക്ക് ഒരുമാസം വരെയെങ്കിലും സമയം ഇവിടെ വരാൻ വേണമമായിരുന്നു. എന്തുചെയ്യണം എന്ന ആശങ്കയിലായി ആളുകൾ. അത്രയും കാലം കാത്തിരുന്നാൽ ആയിരക്കണക്കിനു പേർ ഡിഫ്തീരിയ മൂലം കൊല്ലപ്പെടും. 20 തെന്നുവണ്ടി ഉടമസ്ഥർ ഈ ദൗത്യത്തിനായി മുന്നോട്ടുവന്നു. നെനാനയിലെത്തിക്കുന്ന മരുന്ന് പല സംഘങ്ങളായി നോമിലെത്തിക്കുക എന്നതായിരുന്നു പദ്ധതി. ആദ്യം കുറേദൂരം ഒരു തെന്നുവണ്ടി സംഘം മരുന്നുകൊണ്ടുപോകും. തുടർന്നിത് അടുത്ത സംഘത്തിനു കൈമാറും. ഇതിൽ അവസാന സംഘത്തിലുള്ള നായയായിരുന്നു ബാൾട്ടോ. കേവലം മൂന്നുവയസ്സു മാത്രം പ്രായമുണ്ടായിരുന്ന ബാൾട്ടോ കടുത്ത മഞ്ഞുകാറ്റുകളെയും തണുപ്പിനെയും അവഗണിച്ച് മരുന്ന് ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു.

അങ്ങനെ ബാൾട്ടോ യുഎസിലെ ഒരു ഹീറോയായി മാറി. ഇന്ന് ഈ നായയുടെ പേരിൽ ന്യൂയോർക് സെൻട്രൽ പാർക്കിൽ പ്രതിമയുണ്ട്. സൈബീരിയൻ ഹസ്കികൾ റഷ്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സൈബീരിയൻ മേഖലയിൽ പെടുന്ന ചുക്ചി ഉപദ്വീപ മേഖലയിലാണ് ആദ്യം ബ്രീഡ് ചെയ്യപ്പെട്ടത്. ചുക്ചി വംശജർ എന്ന ആദിമവംശ നിവാസികളാണ് ഇവയെ ആദ്യമായി വികസിപ്പിച്ചത്. അലാസ്കൻ ഹസ്കി, അലാസ്കൻ മാലമൂട്ട് എന്നീ നായ ഇനങ്ങളുമായി സൈബീരിയൻ ഹസ്കിക്ക് വളരെയേറ ജനിതകസാമ്യമുണ്ട്. 

1908ൽ  നോമിലേക്ക് ദൗത്യത്തിനായി എത്തിയതോടെയാണ് സൈബീരിയൻ ഹസ്കികൾ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്നത്. വെറുമൊരു ദൗത്യമായിരുന്നില്ല അത്. സ്വർണവേട്ടയായിരുന്നു അലാസ്കയിൽ ഹസ്കികളെ കാത്തിരുന്നത്. വില്യം ഗൂസാക്ക് എന്ന അമേരിക്കക്കാരനാണ് ഹസ്കികളെ ആദ്യമായി അലാസ്കയിൽ എത്തിച്ചത്. ആദ്യം ഒരു സ്ലെഡ്ജിങ് റേസ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ഇവയ്ക്ക് അവഹേളനമാണ് ലഭിച്ചത്. അക്കാലത്ത് അലാസ്കയിൽ പ്രബലരായിരുന്നു മാലമൂട്ടുകളെ പോലുള്ള നായ്ക്കളെ അപേക്ഷിച്ച് ശരീരവലുപ്പം കുറവായതിനാൽ ഇവയെ സൈബീരിയൻ എലികൾ എന്നു കളിയാക്കി വിളിച്ചു ആളുകൾ. എന്നാ‍ൽ ആ മത്സരത്തിൽ ഹസ്കികൾ നടത്തിയ മുന്നേറ്റം കാണികളുടെ മനം കവരുക തന്നെ ചെയ്തു.

English Summary:

Balto: The Brave Husky Who Saved an Alaskan Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com