ADVERTISEMENT

ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവർ സമീപകാലത്തെ ഏറ്റവും വിജയകരമായ ബഹിരാകാശ ദൗത്യമാണ്.ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിൽ പര്യവേക്ഷണം നടത്തുന്ന പെഴ്സിവീയറൻസിന് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുന്നു. പേടിക്കേണ്ട, ചൊവ്വയിലെ അന്യഗ്രഹജീവിയൊന്നുമല്ല ഇത്. ഒരു പാറക്കഷ്ണമാണ്. പേര് ഡ്വൈയ്ൻ. ദ റോക്ക് എന്ന പേരിൽ റസ്‌ലിങ് വേദികൾ കീഴടക്കിയ താരവും ഇപ്പോൾ സിനിമാനടനുമായ ഡ്വൈയ്ൻ ജോൺസണിൽ നിന്നാണ് നാസ ഈ പേര് ചൊവ്വാപ്പാറയ്ക്ക് നൽകിയത്.‌

Image Credit: Nasa
Image Credit: Nasa

ജെസീറോയിലെ നെറേറ്റ്‌വ വാലിസ് എന്ന മേഖലയിലാണ് ഇപ്പോൾ പെഴ്സിവീയറൻസ്. റോവറിന്റെ ചക്രത്തിനുള്ളിലാണ് പാറക്കഷ്ണം കുടുങ്ങിയത്. ഇതു കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല. നേരത്തെയും പെഴ്സിവീയറൻസിന്റെ ചക്രങ്ങളിൽ പാറക്കഷ്ണങ്ങൾ കുടുങ്ങിയിട്ടുണ്ട്. 2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി.

An illustration of NASA’s Perseverance rover landing safely on Mars. Hundreds of critical events must execute perfectly and exactly on time for the rover to land safely on Feb. 18, 2021. Credits: NASA/JPL-Caltech
An illustration of NASA’s Perseverance rover landing safely on Mars. Hundreds of critical events must execute perfectly and exactly on time for the rover to land safely on Feb. 18, 2021. Credits: NASA/JPL-Caltech

പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.

ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്റെ പ്രധാന ജോലി. അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും.

എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല. പക്ഷേ അതൊക്കെ ഭൂമിയിൽ നിന്നുള്ള ചിന്തകളാണ്.ഭൂമിയിൽ തന്നെ വളരെ കടുകട്ടി സാഹചര്യങ്ങളിൽ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. പതിറ്റാണ്ടുകളോളം പ്രതികൂല സാഹചര്യത്തിൽ ജീവിക്കാൻ ശേഷിയുള്ള ടാർഡിഗ്രേഡുകളെയൊക്കെ നമുക്ക് അറിയാം. തീർത്തും ദുസ്സഹമായ സാഹചര്യങ്ങളുള്ള ഭൂമിയിലെ ഏറ്റവും ആഴമുള്ള സ്ഥലമായ ശാന്ത സമുദ്രത്തിലെ ചലഞ്ചർ ഡീപ്പിൽ പോലും ജീവി വർഗങ്ങളുണ്ട്.

Perseverance rover on Mars, Image Credit: Nasa
Perseverance rover on Mars, Image Credit: Nasa

പെഴ്സിവീയറൻസ് അയയ്ക്കുന്ന സാംപിളുകളിലേറി ഹാനികരമായ സൂക്ഷ്മജീവികൾ വരുമെന്ന പ്രചാരണവും ഇടയ്ക്കുണ്ടായിരുന്നു. എന്നാൽ നാസ ഇക്കാര്യത്തിൽ നല്ല ശുഭാപ്തിവിശ്വാസത്തിലാണ്. തിരികെയെത്തുന്ന സാംപിളുകൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ മാത്രമേ കൈകാര്യം ചെയ്യുകയുള്ളുവെന്ന് അവർ ഉറപ്പ് നൽകുന്നു.

English Summary:

NASA's Perseverance Rover Finds a 'Rocky' Companion Named Dwayne on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com