വീണ്ടും ഒരു ആണവാക്രമണം നടന്നേനേ! രക്ഷിച്ചത് ഒരു സോവിയറ്റ് സൈനികന്റെ വകതിരിവ്
Mail This Article
ഇന്ന് ഹിരോഷിമ ദിനം. ലോകത്തെ ഞെട്ടിച്ച ഈ ദിനം ആണവസ്ഫോടനങ്ങളുടെ തിക്തഫലങ്ങൾ നമ്മുടെ മനസ്സിലെത്തിക്കുന്ന സംഭവമാണ്. ഈ സംഭവം കഴിഞ്ഞ് ഓരോ യുദ്ധങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും അതൊരു ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ലോകം ആശങ്കയോടെ കണ്ടു. തലനാരിഴയ്ക്ക് ആണവാക്രമണം ഒഴിഞ്ഞുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരമൊന്ന് സംഭവിച്ചത് ക്യൂബയ്ക്ക് സമീപമാണ്.
1959ൽ ഫിദൽ കാസ്ട്രോ ക്യൂബയുടെ അധികാരം പിടിച്ചെടുത്തതോടെ യുഎസിന്റെ മുന്നിലെ കരടായി ക്യൂബ മാറി. ബ്രിട്ടനും യൂറോപ്യൻ ശക്തികളും അരങ്ങുവാണ കൊളോണിയൽ കാലഘട്ടത്തിന്റെ പരിസമാപ്തി കുറിച്ച രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകത്ത് രണ്ട് ശക്തികളായി യുഎസും ഇപ്പോഴത്തെ റഷ്യയുടെ കരുത്തനായ പൂർവികനായ സോവിയറ്റ് യൂണിയനുമായിരുന്നു. ഹവാനയിലെത്തി അധികാരം പിടിക്കാൻ ലക്ഷ്യമിട്ട ബേ ഓഫ് പിഗ്‌സ് ദൗത്യം യുഎസിന് ഒരു പരാജയമായി മാറി.
1962ൽ തങ്ങളുടെ ഭൂമിയിൽ മിസൈൽ ബേസുകളുണ്ടാക്കാൻ സോവിയറ്റ് യൂണിയന് ക്യൂബ അനുവാദം കൊടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പതിൻമടങ്ങായി. ക്യൂബയ്ക്ക് ചുറ്റും നാവിക ഉപരോധം യുഎസ് പ്രഖ്യാപിച്ചു.ആ സമയത്ത് ക്യൂബയ്ക്ക് സമീപം ഒരു സോവിയറ്റ് ആണവ മുങ്ങിക്കപ്പൽ കിടന്നിരുന്നു. ബി–59 എന്ന ഗണത്തിലുള്ള ഈ മുങ്ങിക്കപ്പൽ യുഎസ് നാവികസേന കണ്ടെത്തുകയും ഇതിനു നേരെ സ്ഫോടകവസ്തുക്കൾ പ്രയോഗിക്കാൻ തുടങ്ങുകയും ചെയ്തു. യുഎസ് റാൻഡോൽഫ് എന്ന വമ്പൻ വിമാനവാഹിനിക്കപ്പലായിരുന്നു ആക്രമണത്തിനു നേതൃത്വം വഹിച്ചത്. എന്നാൽ അവിടെ കിടന്ന ബി–59 മുങ്ങിക്കപ്പൽ നിസ്സാര കക്ഷിയായിരുന്നില്ല. ആണവപോർമുനകളുള്ള ടോർപിഡോകൾ അതിനുണ്ടായിരുന്നു. ഓരോ ടോർപിഡോയ്ക്കും ഹിരോഷിമയിൽ വീണ ബോംബിന്റെ കരുത്തും.
ഈ മുങ്ങിക്കപ്പലിലെ സോവിയറ്റ് സൈനികർ ഒരുമാസമായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. അവരുടെ വയർലെസ് സംവിധാനവും കേട്. എന്താണ് യുദ്ധത്തിൽ സംഭവിക്കുന്നതെന്നറിയാൻ അവർക്കൊരു നിർവാഹവുമില്ലായിരുന്നു. യുഎസ് നാവികസേന സ്ഫോടകവസ്തുക്കൾ പ്രയോഗിക്കുന്നത് കണ്ട് യുഎസ് –സോവിയറ്റ് യൂണിയൻ യുദ്ധം തുടങ്ങിയിട്ടുണ്ടെന്ന് മുങ്ങിക്കപ്പലിലെ സൈനികർ തെറ്റിദ്ധരിച്ചു.
മുങ്ങിക്കപ്പലിന്റെ ക്യാപ്റ്റനായ വാലന്റിൻ സാവിറ്റ്സ്കി അമേരിക്കൻ നാവികസേനയ്ക്കു നേരെ ആണവ ടോർപിഡോ പ്രയോഗിക്കാൻ നിർദേശം നൽകി. അന്നത്തെ സോവിയറ്റ് യുദ്ധനിയമമനുസരിച്ച് മുങ്ങിക്കപ്പലിലെ 3 മുതിർന്ന ഓഫിസർമാർ തീരുമാനമെടുത്താൽ ആണവായുധം പ്രയോഗിക്കാമായിരുന്നു. മോസ്കോയിൽ നിന്നുള്ള അംഗീകാരം ആക്രമണത്തിനു വേണ്ടിയിരുന്നില്ല.
മറ്റൊരു ഓഫിസറും വാലന്റിൻ സാവിറ്റ്സ്കിയുടെ നിർദേശത്തോടു യോജിച്ചു. എന്നാൽ വാസിലി ആർഖിപോവ് എന്ന ഓഫിസർ ഇതിനെ എതിർത്തു. ഏതു മുങ്ങിക്കപ്പലാണെന്ന് അറിയാനായി അതിനെ ഉപരിതലത്തിലേക്കു കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ആക്രമണമല്ല അതെന്നും ആർഖിപോവ് ശക്തമായി വാദിച്ചു. ഒടുവിൽ ആ വാദം അംഗീകരിക്കപ്പെട്ടു. ബി–59 മുങ്ങിക്കപ്പൽ ഉപരിതലത്തിലേക്ക് ഉയർത്തി. യുഎസ് നാവികർ മുങ്ങിക്കപ്പലിനെ കണ്ടു. അവർ ആക്രമണം നിർത്തി. പരിശോധനകളോ തടയലോ ഉണ്ടായില്ല. മുങ്ങിക്കപ്പൽ അതിന്റെ വഴിക്കുപോയി.
അന്ന് മുങ്ങിക്കപ്പലിൽ നിന്ന് ആണവായുധം പ്രയോഗിക്കപ്പെട്ടിരുന്നെങ്കിൽ യുഎസ് നേവിക്കു വൻനാശമുണ്ടായേനെ. ആണവശക്തിയായ യുഎസ് വെറുതെ ഇരിക്കുമായിരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും ശക്തമായ ആണവയുദ്ധം ചിലപ്പോൾ നടന്നേനെ. ഒരുപക്ഷേ ലോകാവസാനം പോലും അത്തരമൊരു യുദ്ധത്തിന്റെ ഫലമായി ഉണ്ടായേനെ.
പിൽക്കാലത്ത് 1983ൽ സ്റ്റാനിസ്‌ലാവ് പെട്രോവ് എന്ന സോവിയറ്റ് ഓഫിസറും ഒരു ആണവയുദ്ധം തടയാനുള്ള നിർണായക ഇടപെടൽ നടത്തി.അന്ന് മിസൈൽ നിരീക്ഷണത്തിന്റെ ചുമതലായിരുന്നു കേണലായ പെട്രോവിന്. ഒരു ദിവസം നിരീക്ഷണ സംവിധാനങ്ങളിൽ അലർട്ടുകൾ കാണിച്ചു. യുഎസിന്റെ ഒരു മിസൈൽ ആക്രമണമാണ് ഇതെന്ന രീതിയിലായിരുന്നു അലർട്ടുകൾ.
ആ അലർട്ട് മോസ്കോയ്ക്ക് റിപ്പോർട്ട് ചെയ്താൽ ഉടനടി തിരിച്ച് ആണവാക്രമണം ഉണ്ടാകുമെന്ന് പെട്രോവിനറിയാമായിരുന്നു. എന്നാൽ പെട്രോവ് അതു ചെയ്തില്ല. കുറേസമയത്തിനു ശേഷം ആ അലർട്ടുകൾ വ്യാജമായിരുന്നെന്നും സൂര്യന്റെ പ്രതിഫലനം മൂലമുണ്ടായതാണെന്നും തെളിഞ്ഞു.