തണ്ണിമത്തനായി അവധിദിനം ആഘോഷിക്കുന്ന രാജ്യം! നഗരനിരത്തുകളിൽ വെള്ളക്കാറുകൾ മാത്രം
Mail This Article
അധികം വിനോദസഞ്ചാരികളൊന്നും സന്ദർശിക്കാത്ത ഒരു രാജ്യമാണ് ഏഷ്യൻ രാജ്യമായ തുർക്ക്മെനിസ്ഥാൻ. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. പ്രശസ്തമായ സിൽക്ക് റൂട്ട് അഥവാ പട്ടുപാത കടന്നുപോയിരുന്നത് തുർക്ക്മെനിസ്ഥാനിലൂടെയാണ്. ഇവിടത്തെ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന മെർവ് എന്ന നഗരം പട്ടുപാതയിലെ ഒരു പ്രധാന തട്ടകവും പ്രാചീന നഗരവുമായിരുന്നു. നിലവിൽ ഏകാധിപത്യ സ്വഭാവമുള്ള സർക്കാരാണ് തുർക്ക്മെനിസ്ഥാൻ.
ആഷ്ഗബാറ്റ് എന്ന നഗരമാണ് തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനം. അത്രയൊന്നും അറിയപ്പെടാത്ത ഈ നഗരം മനോഹരമായ കെട്ടിടങ്ങൾ നിറഞ്ഞതാണ്. എന്നാൽ ഈ നഗരത്തിൽ ആളുകൾ കുറവാണ്, പ്രത്യേകിച്ചും പുതിയതായി പണിത മേഖലകളിൽ. നഗരത്തിലെ മൊത്തം ജനസംഖ്യ 10.30 ലക്ഷമാണ്. വെളുത്ത മാർബിളുകൾ ഉപയോഗിച്ചാണ് ആഷ്ഗബാറ്റിലെ പല കെട്ടിടങ്ങളും പണിതിരിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമാർബിൾ കെട്ടിടങ്ങൾ ഉള്ള നഗരമെന്ന ഗിന്നസ് റെക്കോർഡും ഈ നഗരത്തിനാണ്. തുർക്ക്മെനിസ്ഥാനിൽ നിരവധി പഴവർഗങ്ങൾ കൃഷി ചെയ്യാറുണ്ട്. ഇവിടെ തണ്ണിമത്തനുകളും മെലോൺ വിഭാഗത്തിലുള്ള മറ്റു പഴവർഗങ്ങളും ധാരാളമുണ്ട്. വർഷത്തിൽ ഒരു ദിവസം തണ്ണിമത്തനുകൾക്കായി അവധി ആഘോഷിക്കുന്ന രാജ്യവും തുർക്ക്മെനിസ്ഥാനാണ്.
തുർക്ക്മെനിസ്ഥാനിൽ ഇന്റർനെറ്റ് ദുർലഭമാണ്. രാജ്യത്തെ ഭരണാധികാരിക്ക് ഇഷ്ടമല്ലാത്തതിനാൽ കറുത്ത കാറുകൾ പൂർണമായി ആഷ്ഗബാറ്റിൽ നിന്നൊഴിവാക്കിയതും മറ്റൊരു കൗതുകകരമായ കാര്യമാണ്.