ADVERTISEMENT

കുട്ടികളെ വളർത്തൽ അത്ര സിംപിളായ കാര്യമല്ല. അതൊരു കലയാണ്. ഞാണിന്മേൽക്കളി പോലെ വളരെ നനുത്തൊരു നൂൽപാലത്തിലൂടെയാണ് മാതാപിതാക്കളുടെ യാത്ര. തലയിൽ വച്ചു പുന്നാരിച്ചാൽ വഷളാകും, തല്ലി നന്നാക്കാൻ നോക്കിയാൽ റിബലാകും എന്ന അവസ്ഥയിൽ കുട്ടികളെ എങ്ങനെ വളർത്തണമെന്ന കൺഫ്യൂഷൻ സ്വാഭാവികം. പലതരം പുത്തൻ പേരന്റിങ്ങുകളേക്കുറിച്ചുള്ള പഠനങ്ങളുണ്ട്. ഹെലികോപ്റ്റർ പേരന്റിങ്, ടൈഗർ പേരന്റിങ് എന്നിങ്ങനെ...ഇതിൽ ഏറ്റവും പുതിയതാണ് സ്നോപ്ലവ് പേരന്റിങ് അഥവാ ബുൾഡോസർ പേരന്റിങ്.  

റോഡിൽ വീണ മഞ്ഞ് കോരി നീക്കുന്നതുപോലെ കുട്ടികൾക്കു മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളേയും നീക്കിക്കൊടുത്ത് അവരെ അമിതമായി പരിലാളിക്കുന്ന പേരന്റിങ് രീതിയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. മാർക്കു വാങ്ങിയാലും വാങ്ങിയില്ലെങ്കിലും ഏറ്റവും മികച്ച കോളജിൽ പ്രവേശനം വാങ്ങിക്കൊടുക്കുക, അവരുടെ വിദ്യാർഥിജീവിതത്തിലെ കൊച്ചുപ്രശ്നങ്ങളിൽ പോലും ഇടപെട്ട് പരിഹരിച്ചുകൊടുക്കുക, ഉത്തരവാദിത്തങ്ങളൊന്നും അറിയിക്കാതെ വളർത്തുക എന്നിങ്ങനെ പരാജയങ്ങളോ അവസരനഷ്ടമോ  അറിയിക്കാതെ കുട്ടിയെ വളർത്തുന്നു. എല്ലാം ഒരു വെളളിത്താലത്തിൽ വച്ചുനീട്ടുന്ന അവസ്ഥ. അമിതസ്നേഹത്തിൽ നിന്നുടലെടുക്കുന്ന ഈ ലാളന സത്യത്തിൽ വലിയ ദോഷമാണ് ചെയ്യുന്നത്. വീണിടത്ത് നിന്ന് എഴുന്നേറ്റ് മുന്നോട്ടുപോകാനുള്ള ശേഷിയാണ് ജീവിതവിജയത്തിന്റെ ആധാരം. ഒരിടത്തും തോറ്റുപോകാതെ വളർന്നുവരുന്ന കുട്ടികൾക്ക് ഈ സവിശേഷ ജീവിതനൈപുണ്യം കൈമോശം വരുന്നു. 

വിജയത്തിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെറിയ ചുമതലകൾ ഏൽപിക്കുകയും ചെയ്തു വളർത്തേണ്ടത് ജീവിതവിജയത്തിന് ആവശ്യമാണെന്ന് പേരന്റിങ് വിദഗ്ധർ പറയുന്നു. ഇതേപോലെ പ്രശസ്തമായ മറ്റു ചില പേരന്റിങ് രീതികളുണ്ട്. 

 

∙ ടൈഗർ പേരന്റിങ് - വളരെ  കർക്കശവും ഡിമാൻഡിങ്ങുമായ പേരന്റിങ്ങ് രീതിയാണിത്. ഇവർ അക്കാദമിക് വിജയത്തിനായി കുട്ടികളെ അമിതമായി സമമർദത്തിലാഴ്ത്താം. ഞാൻ പറയുന്നതങ്ങു കേട്ടാൽ മതി, തിരിച്ച് കമാന്നൊരക്ഷരം മിണ്ടരുത് എന്ന സ്ൈറ്റൽ. നിരന്തരം സമ്മർദത്തിലാഴ്ന്നു വളരുന്ന ഇവരുടെ കുട്ടികൾക്ക് വിഷാദവും ഉത്കണ്ഠാരോഗവും പിടിപെടാം. 

∙ ഹെലികോപ്റ്റർ പേരന്റ്സ്– ഹെലികോപ്റ്റർ പോലെ കുട്ടികളുടെ ജീവിതത്തിനുമേൽ വട്ടമിട്ടു പറക്കുന്നവർ. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും മറ്റും അമിതമായി ഇടപെടും, എപ്പോഴും അധ്യാപകരെ വിളിച്ച് കുട്ടിയുടെ കാര്യനമ്വേഷിച്ചുകൊണ്ടിരിക്കും. ഇവരുടെ കുട്ടികൾക്ക് സ്വയം കാര്യങ്ങൾ ചെയ്യാനുള്ള ശേഷി കുറവായിരിക്കും.

English Summary : Snowplow or bulldozer parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com