എന്തുകൊണ്ടാണ് പേരന്റിങ് പരാജയമാകുന്നത്? ; കാരണങ്ങൾ ഇവയാണ്
Mail This Article
പേരന്റിങ് തലവേദനയാണ്. എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. കടുത്ത സമ്മർദവും പരാതികളും പരാധീനതകളുമാണ് അവശേഷിക്കുന്നത്. അസംതൃപ്തി മാത്രം അവശേഷിക്കുന്നു. എന്താണിങ്ങനെ ? - ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന മാതാപിതാക്കൾ നിരവധിയാണ്. പലപ്പോഴും കുട്ടികളെ ഇതിന് പഴിചാരുകയാണ് ഇത്തരം മാതാപിതാക്കളുടെ സ്വഭാവവും. എന്നാൽ അതു ശരിയാണോ ? എന്തുകൊണ്ടാണ് പേരന്റിങ് പരാജയമാകുന്നത്. എവിടെയാണ് പ്രശ്നമെന്നു നോക്കാം.
ഭൂതകാലം
കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്ത് ദുഖിച്ചും പരാതിപറഞ്ഞും ജീവിക്കുന്ന മാതാപിതാക്കൾക്ക് പേരന്റിങ്ങിലും പരാജയമായേക്കാം. സത്യത്തിൽ ഇക്കൂട്ടരുടെ വ്യക്തിത്വത്തിൽ തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. പേരന്റിങ്ങിലേക്ക് വരുമ്പോൾ അവ കൂടുതൽ സങ്കീർണമാകുന്നു.
നെഗറ്റീവ്
സംസാരത്തിലും പെരുമാറ്റത്തിലും നെഗറ്റീവ് രീതി പിന്തുടരുന്ന മാതാപിതാക്കൾ പേരന്റിങ്ങിൽ പരാജയമാകുന്നു. മാത്രമല്ല ഇത് കുട്ടിയുടെ ഭാവിയെ പോലും തകർത്തു കളയുന്നു. നിന്നെ ഒന്നിനും കൊള്ളില്ല, നിനക്ക് ഒന്നും അറിയില്ല, എന്നിങ്ങനെയുള്ള വാക്കുകളും പ്രവൃത്തികളും മക്കളോട് എടുക്കുന്ന മാതാപിതാക്കളാണിവർ. കുട്ടിയെ കൂടുതൽ മോശം അവസ്ഥയിലേക്ക് തള്ളി വിടാനെ ഇത് കാരണമാകൂ,
തെറ്റുകൾ
തെറ്റു സംഭവിച്ചാൽ അത് കുട്ടികൾക്ക് മുമ്പിൽ സമ്മതിക്കാൻ ചില മാതാപിതാക്കൾ തയാറാകില്ല, മാത്രമല്ല ഇത് ഒളിക്കാൻ കുട്ടികളെ തെറ്റുകാരാക്കാനും മടിക്കില്ല. ഇതു കണ്ടും അനുഭവിച്ചും വളരുന്ന കുട്ടികൾ ഇതേ രീതി പിന്തുടരുന്നു. അങ്ങനെ ഭാവിയിൽ മാതാപിതാക്കൾക്ക് തന്നെ തലവേദനയായി ഈ ശീലം മാറുന്നു.
കുറ്റം പറച്ചിൽ
മക്കളുടെ തെറ്റുകളും കുറ്റങ്ങളും മാത്രം പറയുക. ഇതിലൂടെ അവരെ തിരുത്താം എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. വലിയ പ്രത്യാഘാതമാണ് നേരിടേണ്ടി വരിക. തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ അവരിൽ ശക്തമാകും.
ഉത്തരവ്
മക്കളോട് ഉത്തരവിടുന്നതു പോലെ, അധികാരിയെപ്പോലെ സംസാരിക്കുന്നത് പേരന്റിങ്ങ് കൂടുതൽ കഠിനമാക്കും. സ്നേഹവും കരുതലുമാണ് മക്കൾക്ക് നൽകേണ്ടത്.
വ്യക്തമാക്കാം
നീ കുട്ടിയാണ് അതൊന്നും അറിയണ്ടതില്ല. ഈ സമീപനം ശരിയല്ല. കാര്യങ്ങൾ അവരുടെ അവസ്ഥയിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തമാകി പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാതെ അവരിൽ നിന്നും മറച്ചു പിടിച്ചതുകൊണ്ടോ വ്യക്തമാക്കി നൽകാതിരിക്കുന്നതോ അല്ല ശരിയായ രീതി.
അമിത പ്രതീക്ഷ
കുട്ടികളിൽ ചെറുപ്പം മുതലേ അമിത പ്രതീക്ഷയുടെ ഭാരം അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കളുണ്ട്. ഇത് അവരിലും നിങ്ങളിലും അസംതൃപ്തിയും സമ്മർദവും സൃഷ്ടിക്കാനേ ഉപകരിക്കൂ. അവർ അവരുടെ കഴിവിന് അനുസരിച്ച് വളരട്ടെ. അവരെ മെച്ചപ്പെട്ടവരാക്കാൻ ശ്രമിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാൽ അമിത പ്രതീക്ഷ അടിച്ചേൽപ്പിച്ച കുട്ടികളെ തളർത്തുകയല്ല വേണ്ടത്.
Content Summary : Bad parenting: signs, effects, and how to change it