വീണ്ടുമൊരു അവധിക്കാലം; കുട്ടികളുമായി ഒരു യാത്ര പോയാലോ, പ്ലാൻ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
Mail This Article
വീണ്ടുമൊരു അവധിക്കാലം എത്തിക്കഴിഞ്ഞു. ഇനി രണ്ട് മാസം കുട്ടികള്‍ വീട്ടിലുണ്ടാകും. അതോടെ രക്ഷിതാക്കളില്‍ പലര്‍ക്കും ടെന്‍ഷനായിത്തുടങ്ങി. സ്‌കൂളില്‍ പോകുന്ന സമയത്ത് കുട്ടികളുടെ വികൃതികളും കുരുത്തക്കേടുകളുമെല്ലാം കുറച്ച് സമയം മാത്രം സഹിച്ചാല്‍ മതിയല്ലോ എന്ന സമാധാനത്തിലാണ് പല രക്ഷിതാക്കളും. ഇതിപ്പോള്‍ രണ്ട് മാസം എങ്ങനെ തള്ളിനീക്കണമെന്ന കൊണ്ടുപിടിച്ച ആലോചനയിലാണ് പലരും. അവധിക്കാലം എങ്ങനെ കുട്ടികള്‍ക്കും അതോടൊപ്പം രക്ഷിതാക്കള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ മാറ്റിയെടുക്കാം എന്ന ചോദ്യത്തിന് വിദഗ്ദരുടേയും മറ്റു പലരുടേയും അഭിപ്രായം യാത്രകള്‍ ചെയ്യുക എന്നത് തന്നെയാണ്.
യാത്രകള്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും ബോധവല്‍ക്കരണവും കണ്ണ് തുറപ്പിക്കുന്നതുമായ അനുഭവമായിരിക്കും. ഇതുവരെ കാണാത്ത കാഴ്ചകള്‍ അവര്‍ക്ക് പുതിയൊരു ലോകം തുറന്നു കൊടുക്കും. കൂടുതല്‍ അറിവുകള്‍ നല്‍കും. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കു മാത്രമല്ല, തീരെ ചെറിയ കുട്ടികള്‍ക്കും യാത്രകള്‍ വളരെയധികം ഗുണം ചെയ്യും. അവര്‍ക്കൊപ്പം മുതിര്‍ന്നവരും പുതിയ കാഴ്ചകള്‍ ആസ്വദിക്കുകയും ഓര്‍മ്മകളുടെ ഒരു ജീവിതകാലം സൃഷ്ടിക്കുകയും വേണം. കുട്ടികളുമായി യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. എവിടെ പോകണം, എങ്ങനെ പോകണം, എത്ര ദിവസത്തേക്ക് പോകണം, എന്തെല്ലാം കാര്യങ്ങള്‍ കയ്യില്‍ കരുതണം തുടങ്ങി നിരവധി കാര്യങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്.
∙ ഇവർ പൊളിയാ...
നവജാത ശിശുക്കള്‍ മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് യാത്ര കൊണ്ടുപോകാന്‍ ഏറ്റവുമെളുപ്പമെന്ന് വിദഗ്ദര്‍ പറയുന്നു. കാരണം അവരെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം. അവരെ സ്വതന്ത്രരായി വിടുകയും അവര്‍ക്ക് സുഖപ്രദമായ അന്തരീക്ഷമൊരുക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതെവിടെയായിരുന്നാലും അവര്‍ ഹാപ്പിയായിരിക്കും. യാത്രയില്‍ നിങ്ങളുടെ കുഞ്ഞിന്റെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ കരുതുന്നത് ഉചിതമായിരിക്കും. യാത്രകളില്‍ മുഴുവന്‍ അവരെ ബേബി കാരിയറിലോ സ്‌ട്രോളറിലോ മാത്രമായി ഒതുക്കരുത്. പകരം സ്വതന്ത്രരാക്കണം. കൂടുതല്‍ അവസരങ്ങള്‍ നല്‍കണം.
∙ ഓടിക്കളിക്കാൻ സ്ഥലം വേണം ഇക്കൂട്ടർക്ക്
രണ്ട് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെ യാത്ര കൊണ്ടുപോകുമ്പോള്‍ അവര്‍ക്ക് വിനോദങ്ങളിലേര്‍പ്പെടാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഓടിക്കളിക്കാന്‍ കഴിയുന്ന വിശാലമായ കളിസ്ഥലങ്ങള്‍ അവരെ കൂടുതല്‍ സന്തോഷത്തിലാക്കും. കൊച്ചുകുട്ടികള്‍ക്കൊപ്പം പ്രാദേശിക പാര്‍ക്കുകളില്‍ സമയം ചെലവഴിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. ഒപ്പം ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് അനുയോജ്യമായ റെസ്റ്റോറന്റുകള്‍ തിരഞ്ഞെടുക്കുന്നതും നന്നായിരിക്കും.
∙ അവരുടെ ചോയ്സ് നമ്മുടേയും
അഞ്ച് വയസും അതില്‍ കൂടുതലുമുള്ള കുട്ടികളുമായി യാത്രയ്ക്കൊരുങ്ങുമ്പോള്‍ ആസൂത്രണത്തില്‍ അവരെക്കൂടി പങ്കാളികളാക്കുന്നത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കും. അവര്‍ക്ക് പോകാനും കാണാനും ഇഷ്ടമുള്ള സ്ഥലങ്ങളും ചെയ്യാന്‍ താല്‍പര്യമുള്ള കാര്യങ്ങളും അവര്‍ മാതാപിതാക്കളുമായി പങ്ക് വെക്കും. യാത്രയില്‍ ശരിയായ ഗൈഡുകളെ തിരഞ്ഞെടുക്കുന്നത് കുട്ടികൾക്കും നിങ്ങൾക്കും ഒറുപോലെ ഗുണം ചെയ്യും. നിങ്ങള്‍ ടൂറുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗവേഷണം നടത്തുമ്പോള്‍, ഏതൊക്കെ ഗൈഡുകള്‍ മുന്‍കാലങ്ങളില്‍ കുട്ടികളുമായി നന്നായി ഇടപഴകിയിരുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഓണ്‍ലൈന്‍ അവലോകനങ്ങള്‍ വായിക്കുന്നത് ഉചിതമായിരിക്കും. ഒരു മികച്ച ഗൈഡിന് നിങ്ങളുടെ കുട്ടികളില്‍ അഗാധമായ സ്വാധീനം ചെലുത്താന്‍ കഴിയും.
∙ അവരുടെ മാത്രം ചോയ്സ്
കൗമാരക്കാരായ കുട്ടികളുമായി യാത്ര പോകുമ്പോള്‍ യാത്രയിലെ ഒരു ദിവസം പൂര്‍ണ്ണമായും അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാന്‍ ശ്രമിക്കാം. അവരുടെ താല്‍പര്യത്തിനനുസരിച്ച് ഒരു ദിവസത്തെ പ്ലാന്‍ തയാറാക്കാം. തീരെ ചെറിയ കുട്ടികളെ അപേക്ഷിച്ച് കൗമാരക്കാരുടെ ആഗ്രഹങ്ങളും താല്‍പര്യങ്ങളും തികച്ചും വ്യത്യസ്ഥമായിരിക്കും. അവര്‍ കാണാനാഗ്രഹിക്കുന്ന കാര്യങ്ങളും പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളും തീര്‍ത്തും വ്യത്യസ്ഥമായിരിക്കും.
∙ അറിയണം ഈ കുട്ടി കാര്യങ്ങൾ
കുട്ടികളുമായി യാത്ര പോകുമ്പോള്‍ മൂന്നു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി തീം പാര്‍ക്കുകള്‍ തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും. അതേസമയം മൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാര്‍ക്കുകളിലെ മിക്ക റൈഡുകളിലും പോകാന്‍ കഴിയില്ല. മുതിര്‍ന്ന കുട്ടികള്‍ക്ക് തീം പാര്‍ക്കുകളില്‍ താല്‍പ്പര്യമുണ്ടാകാനുമിടയില്ല.
∙ എവിടെ താമസിക്കണം?
കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഒരു വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകയ്‌ക്കെടുക്കുക എന്ന ആശയം വളരെ മികച്ചതാണ്. യാത്രയ്ക്കായി മോശമല്ലാത്തൊരു ബഡ്ജറ്റ് കരുതിയിട്ടുണ്ടെങ്കില്‍ ഇത്തരം അടുക്കളയും ബെഡ്റൂമുമടങ്ങിയ സ്പേയ്സ് വാടകക്കെടുക്കുന്നത് നല്ലതായിരിക്കും. കാരണം ഭക്ഷണം സ്വന്തമായി പാകം ചെയ്യുന്നതിലൂടെ കാശും ലാഭിക്കാം , ഒപ്പം കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനും സാധിക്കും. ഹോട്ടല്‍ മുറി ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വിസ്താരമുള്ള മുറികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തിങ്ങിനിറഞ്ഞ അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ചിലപ്പോള്‍ മടുപ്പുണ്ടാക്കുകയും അവധിയാഘോഷത്തിന്റെ സന്തോഷം കെടുത്തുകയും ചെയ്തേക്കാം.
എന്തുതന്നെയായാലും യാത്രയുടെ ഓര്‍മ്മകള്‍ സന്തോഷം നല്‍കുന്നതാകട്ടെ. അങ്ങനെ കുട്ടികളുമായുള്ള അവധിക്കാലം മനോഹരമാകട്ടെ...
Content Summary : Essential tips for traveling with kids