ADVERTISEMENT

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ 'ഹെലികോപ്റ്റര്‍ ഷോട്ട്' നമ്മളില്‍ പലര്‍ക്കും പരിചയമുണ്ടെങ്കിലും 'ഹെലികോപ്റ്റര്‍ പേരന്റ്' എന്ന പ്രയോഗം പലര്‍ക്കും സുപരിചിതമല്ല. 1969 ല്‍ ഡോ. ഹൈം ജിനോട്ട് തന്റെ 'ബെട്വീന്‍ പാരന്റ് ആന്‍ഡ് ടീനേജര്‍' എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ മുകളില്‍ ഒരു ഹെലികോപ്റ്റര്‍ പോലെ വട്ടമിട്ട് പറക്കുന്ന ചില  മാതാപിതാക്കളുടെ സ്വഭാവത്തെപ്പറ്റി പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് അതിര്‍വരമ്പ് നല്‍കിക്കൊണ്ട് അവരെ ശ്വാസം മുട്ടിക്കുന്ന, അവര്‍ക്ക് അമിതമായി സംരക്ഷണം നല്‍കുന്ന, എന്തിനും ഏതിനും അവര്‍ക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്ന മാതാപിതാക്കളെ സൂചിപ്പിക്കാനാണ് 'ഹെലികോപ്റ്റര്‍ പേരന്റ്' എന്ന പദം ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ അമിതമായ ഉത്കണ്ഠയും അനാവശ്യമായ താരതമ്യപ്പെടുത്തലുകളും ഒക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുള്ള മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ എങ്ങനെ ദോഷകരമായി സ്വാധിനിക്കുന്നു എന്ന് നോക്കാം.

കുഞ്ഞുങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും കുറയുന്നു 
'Even June Cleaver Would Forget the Juice Box ' എന്ന പുസ്തകത്തിന്റെ രചയിതാവായ മനഃശാസ്ത്രജ്ഞ ഡോ. ആന്‍ ഡ്യൂണ്‍വേള്‍ഡിന്റെ അഭിപ്രായത്തില്‍ ഹെലികോപ്റ്റര്‍ പേരന്റിംഗ് തിരിഞ്ഞു കൊത്തുന്ന ഒരു പ്രശ്‌നമാണ്. കുഞ്ഞുങ്ങളുടെ ജീവിതത്തിലുള്ള മാതാപിതാക്കളുടെ അമിതമായ ഇടപെടല്‍ തങ്ങളെ മാതാപിതാക്കള്‍ക്ക് തീരെ വിശ്വാസമില്ല എന്ന തോന്നലിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കും. അതവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും സാരമായി ബാധിക്കും.

കുഞ്ഞുങ്ങളുടെ കഴിവുകള്‍ മുരടിപ്പിക്കും 
കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ തയ്യാറായി മാതാപിതാക്കള്‍ നില്‍ക്കുമ്പോള്‍ അവരെങ്ങനെയാണ് എന്തെങ്കിലും സ്വയം ചെയ്തു പഠിക്കുക. എല്ലാം ചെയ്തു കൊടുത്ത് ചെയ്തു കൊടുത്ത് ഒന്നും ചെയ്യാന്‍ അറിയാത്തവരായി ഒന്നിനും കൊള്ളാത്തവരായി അവരെ മാറ്റേണ്ടതുണ്ടോ?

കുഞ്ഞുങ്ങളില്‍ അനാവശ്യ ഭീതി വളര്‍ത്തും 
എപ്പോഴും എല്ലാം ചെയ്തു കൊടുക്കാന്‍ മാതാപിതാക്കളുള്ളതിനാല്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരല്ല. ബാങ്കില്‍ കൊടുക്കേണ്ട ഒരു ഫോം പൂരിപ്പിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്. കാരണം അവരൊന്നും ചെയ്തു പഠിച്ചിട്ടില്ല. അവരുടെ മാതാപിതാക്കള്‍ അവരെ ഒന്നും ചെയ്യിപ്പിക്കാതെ 'സഹായിക്കുകയായിരുന്നു'.

എന്ത് ചെയ്യാം  
Ask Doctor G
പ്രസ്ഥാനത്തിന്റെ എം ഡി ആയ ഡോ. ദെബോര ഗില്‍ബോയുടെ അഭിപ്രായത്തില്‍ മാതാപിതാക്കള്‍ അവരുടെ ഒരു കണ്ണ് കൊണ്ട് തങ്ങളുടെ കുഞ്ഞിനെ കാണുമ്പോള്‍ മറ്റേ കണ്ണ് കൊണ്ട് നാളെ വളര്‍ന്ന് വരേണ്ട മുതിര്‍ന്ന വ്യക്തിയെ കാണണമെന്നാണ്. പ്രായോഗികമായി പറഞ്ഞാല്‍, കുഞ്ഞുങ്ങളെ അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക. അവര്‍ വളര്‍ന്നതനുസരിച്ചു അവര്‍ക്ക് മേലുള്ള നിങ്ങളുടെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുക. അവര്‍ക്ക് തനിച്ചിത് ചെയ്യാന്‍ സാധിക്കുമോ എന്ന് പേടിക്കേണ്ടതില്ല. അവര്‍ നിങ്ങളുടെ മക്കളല്ലേ, അവരത്ര മോശമൊന്നുമല്ല.

Content Highlight  - Helicopter parenting harm | Effects of helicopter parenting | Decreased self-confidence in children | Stunted skills in children | Overprotective parents and children's fear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com