ADVERTISEMENT

പേരക്കുട്ടിയെ ലാളന കൊണ്ട്‌ വഷളാക്കുന്നുവെന്നാണ് മകന്റെ പരാതി. മാതൃകാപരമായ ഇടപെടൽ എങ്ങനെയാകണം? ഒരു മുത്തച്ഛന്റെ ചോദ്യമാണ്. എട്ടു വയസ്സുള്ള കൊച്ചുമകനെ മുത്തച്ഛന് വലിയ സ്നേഹം. വഴക്കു പറയാൻ സമ്മതിക്കില്ല. എന്ത് ചോദിച്ചാലും കൊടുക്കും. മാതാപിതാക്കൾ പറഞ്ഞാൽ പയ്യൻ അനുസരിക്കുന്നില്ല. ഇതാണ് സാഹചര്യം. മാതാപിതാക്കളുടെ റോളിൽ ഇടിച്ചു കയറാതെ കുട്ടിക്ക് നല്ല വഴി കാട്ടാൻ മുതിർന്ന പൗരന്മാർക്ക് കഴിയും. നയങ്ങൾ മക്കൾ ഉണ്ടാക്കട്ടെ. അതിൽ അനുഭവ ജ്ഞാനം കൊണ്ട് തിരുത്തൽ നിർദേശിക്കാം. അമ്മ ‘നോ’ പറയുമ്പോൾ അമ്മൂമ്മയെ സ്വാധീനിച്ച് യെസ് പറയിപ്പിക്കാൻ കുട്ടി വരാം. തുറന്ന പിന്തുണ വേണ്ട. അമ്മയോട് ആലോചിച്ച് പറയാമെന്ന നിലപാട് സ്വീകരിക്കണം. 

'സൂപ്പർ പേരെന്റ്്' ആകാതിരിക്കാൻ ശ്രദ്ധിക്കണം. പേരക്കുട്ടികളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി മക്കളിൽ വളർത്തിയെടുക്കുന്നതിനാണ്  ഊന്നൽ നൽകേണ്ടത്. തിരുത്താനായുള്ള ശിക്ഷണ നടപടികൾ മക്കൾ ചെയ്യുമ്പോൾ ‘കുട്ടിയല്ലേ, ഇത്തവണ കണ്ണടച്ചേരെ’യെന്ന മട്ടിലുള്ള വർത്തമാനം പാടില്ല. രീതികളോട് വിയോജിപ്പുണ്ടെങ്കിൽ സ്വകാര്യമായി അറിയിക്കാം. സമ്മാനങ്ങൾ നൽകി മാത്രം സ്നേഹം കാട്ടുന്നതും നല്ല രീതിയല്ല. ഗിഫ്റ്റ് നൽകുന്ന മുത്തച്ഛനെക്കാൾ അവരുമായി സമയം ചെലവഴിക്കുന്ന മുത്തച്ഛനെയോ മുത്തശ്ശിയെയോ ഇഷ്ടപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കണം. ഇരുകൂട്ടർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കാര്യങ്ങളിൽ മുഴുകുക. കുട്ടികൾക്ക് പാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിക്കുന്നവർക്ക് അങ്ങനെയുമാവാം. മുത്തശ്ശിയും മുത്തച്ഛനുമായി ആരോഗ്യകരമായ ബന്ധമുള്ള കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ കുറവായിരിക്കുമെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്. മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യത്തിനും ഇതു നല്ലതാണ്‌. 

പേരക്കുട്ടികളുമായി അടുക്കാൻ കഴിഞ്ഞാൽ മാതാപിതാക്കളോട് പറയാത്ത പലതും അവർ പങ്കുവച്ചേക്കും. അവരിലൂടെ പുതിയ തലമുറയെയും ലോകത്തെയും സാങ്കേതികവിദ്യകളെയും അറിയാൻ ശ്രമിക്കുക.  മനസ്സടുപ്പം ഉണ്ടായാൽ പേരക്കുട്ടിയെ പോസിറ്റീവ് ദിശയിലേക്ക്‌ നയിക്കുന്നതിൽ മുത്തച്ഛനും മുത്തശ്ശിക്കും നിർണ്ണായക പങ്ക് വഹിക്കാനാകും. 

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സീനിയർ സൈക്യാട്രിസ്റ്റ് ആണു ലേഖകൻ)

English Summary:

How grandparents can shape grandchildren's future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com