ADVERTISEMENT

സ്വർണ തലമുടിയുള്ള, വെളുത്ത, മെലിഞ്ഞ് സുന്ദരിയായ ബാർബി ഡോളുകൾ. നമ്മുടെ വീട്ടിലുള്ള മിക്ക കുഞ്ഞുങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളിൽ ഒന്നായിരിക്കും ഇത്. പക്ഷേ, വെളുത്ത ബാർബിയെ മാത്രം കണ്ടു വളരുന്ന കുട്ടിയുടെ ലോകം അതിലേക്ക് ചിലപ്പോൾ ചുരുങ്ങിപ്പോകും. ബാർബിയെ പോലെ ഇരിക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും മഹത്തരമെന്നു പോലും ചിന്തിക്കും. എന്നാൽ വെളുത്തിരിക്കുന്നത് മാത്രമല്ല സൗന്ദര്യം എന്നും വിവിധ തരത്തിലുള്ള തൊലി നിറങ്ങളിൽ ഉള്ളവർ കൂടെ ഉൾപ്പെട്ടതാണ് ലോകമെങ്ങും കുട്ടികൾ അറിയണം. അവിടെയാണ് മൾട്ടികൾച്ചറൽ ടോയ്സ് അഥവാ സാംസ്കാരിക വൈവിധ്യമുള്ള കളിപ്പാട്ടങ്ങൾ പ്രാധാന്യമർഹിക്കുന്നത്.

ലോകമെന്ന് പറയുന്നത് നാനാത്വങ്ങൾ ഒന്നു ചേരുന്ന ഇടമാണ്. അവിടെ വിവിധ സംസ്കാരങ്ങൾ, വസ്ത്രരീതികൾ, പാട്ടുകൾ തുടങ്ങി വൈവിധ്യങ്ങളുടെ ഒരു മഹാസമ്മേളനാണ്. വൈവിധ്യമാർന്ന ലോകത്തേക്കുള്ള ഒരു തുറന്ന വാതായനമാണ് സാംസ്കാരിക വൈവിധ്യമുള്ള കളിപ്പാട്ടങ്ങൾ. വ്യത്യസ്തത നിറഞ്ഞാടുന്ന ഇന്നത്തെ ലോകത്ത് അതിനെക്കുറിച്ച് അറിയുന്നതും മറ്റൊരുവന്റെ വ്യക്തിത്വത്തെ അറിയുന്നതും വളരെ ശ്രേഷ്ഠകരമാണ്. വ്യത്യസ്ത സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും എല്ലാം കുട്ടികൾക്ക് ഇത്തരം കളിപ്പാട്ടങ്ങളിലൂടെ അറിയാൻ കഴിയും. ചെറിയ പ്രായത്തിൽ തന്നെ ലോകത്തിനെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ നിരീക്ഷിക്കാനും വൈവിധ്യമാർന്ന ആഗോള സമൂഹത്തെക്കുറിച്ച് ധാരണയുണ്ടാക്കി എടുക്കാനും കുട്ടികളെ ഇത്തരം കളിപ്പാട്ടങ്ങൾ സഹായിക്കുന്നു.

നാനാത്വത്തിലെ ഏകത്വത്തെ അറിഞ്ഞും അംഗീകരിച്ചും കുട്ടികൾ വളരട്ടെ
വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകാനും ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികളെ സഹായിക്കും. ലോകമെന്ന് പറയുന്നത് വ്യത്യസ്ത സംസ്കാരങ്ങളും പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും പശ്ചാത്തലങ്ങളും ഉൾക്കൊള്ളുന്ന വലിയൊരു തിരശ്ശീലയാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുകയും ചെയ്യും. വ്യത്യസ്ത നിറങ്ങളിലുള്ള മനുഷ്യർ, വ്യത്യസ്ത ഭാഷ സംസാരിക്കുന്ന മനുഷ്യർ, വ്യത്യസ്ത രീതിയിലുള്ള വസ്ത്രം ധരിക്കുന്ന മനുഷ്യർ എന്നിങ്ങനെ വൈവിധ്യങ്ങളുടെ ലോകത്തെ കുറിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് അറിയാൻ കഴിയും.

ചുറ്റുപാടുകളിൽ ഉള്ള ഒരേ തരത്തിലുള്ള ചിന്തകളെയും പക്ഷപാതപരമായ ചിന്തകളെയും ലൈംഗിക വിവേചനത്തെയും എല്ലാം ചെറുപ്രായത്തിൽ തന്നെ പടിക്കു പുറത്ത് നിർത്താൻ കെൽപ്പുള്ളവരായി അവർ വളരും. വ്യത്യസ്തതകൾ ഭയക്കേണ്ട ഒന്നല്ലെന്നും അത് ആഘോഷമാക്കേണ്ട ഒന്നാണെന്നും കുട്ടികൾ പഠിക്കും. വ്യത്യസ്തരായിരിക്കുന്നത് ഒരു സാധാരണ കാര്യമാണെന്നും ഓരോ സംസ്കാരത്തിനും അതിന്റേതായ മഹത്വവും കരുത്തും ഉണ്ടെന്നും കുട്ടികൾ തിരിച്ചറിയുകയും ചെയ്യും.

മുൻവിധികളെ മാറ്റിനിർത്തിയും സഹാനുഭൂതിയോടെയും അവർ വളരട്ടെ
മൾട്ടികൾച്ചറൽ ടോയ്സ് ഉപയോഗിച്ച് കളിക്കുന്ന കുട്ടികൾക്ക് മുൻവിധികളെ മാറ്റിനിർത്താനും സഹാനുഭൂതിയോടെ വളരാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. തനിക്കൊപ്പം ഈ ലോകത്തിൽ ജീവിക്കുന്നവർ ആരൊക്കെയാണെന്നും അവരുടെ പശ്ചാത്തലവും  സംസ്കാരവും എല്ലാം അറിയാൻ അവരെ സഹായിക്കുന്നു. ആളുകളുമായി സുഗമമായ ആശയവിനിമയം നടത്താനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ പങ്കുചേരാനും വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കാനും ഇവരെ പ്രാപ്തരാക്കുന്നു.

മൾട്ടികൾച്ചറൽ ടോയ്സിൽ പ്രധാനപ്പെട്ട ഒന്നാണ് സ്പിൻ മാസ്റ്റർ ഗാബിസ് ഡോൾഹൗസ്. ഈ ഡോളുകൾ വ്യത്യസ്ത തരത്തിലുള്ള, വർഗത്തിലുള്ള, ഗോത്രത്തിലുള്ള മനുഷ്യരെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കാനും തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വിശ്വസ്തരായിരിക്കാനും പ്രശ്നങ്ങളെ പരിഹരിക്കാനും ഒക്കെയാണ് പഠിക്കുന്നത്. കൂടാതെ, ലോകവും ഇന്ത്യയും ഉൾക്കൊള്ളുന്ന ഭൂപടത്തിന്റെ (മാപോളജി, വേൾഡ് ആൻ‍ഡ് ഇന്ത്യ) ബോർഡ് ഗെയിം വിവിധ രാജ്യങ്ങളെക്കുറിച്ചും അതിന്റെ തലസ്ഥാനത്തെക്കുറിച്ചും പതാകയെക്കുറിച്ചും എല്ലാം മനസിലാക്കാൻ കുട്ടികളെ സഹായിക്കും.

ചുരുക്കത്തിൽ ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുന്നത്. സമൂഹത്തെ അറിയാനും നാനാത്വത്തിലെ ഏകത്വത്തെ ആസ്വദിക്കാനും സഹജീവികളോട് അനുകമ്പയോടെയും സഹാനുഭൂതിയോടെയും പെരുമാറാനും ഇത് കുട്ടികളെ സഹായിക്കുന്നു.

English Summary:

How multicultural toys shape a more inclusive tomorrow for our children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com