ADVERTISEMENT

കുട്ടികളെ തല്ലുന്നതിന് പ്രായപരിധിയുണ്ടോ? ഏതു പ്രായം തൊട്ട് കുട്ടികളെ മുതിര്‍ന്നവരായി കണ്ട് പരിഗണന നല്‍കാം? സാധാരണ ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും വരുന്ന സംശയമാണിത്. മക്കള്‍ മുതിര്‍ന്നാല്‍ തല്ലരുതെന്നും കുട്ടിക്കാലത്ത് എന്തു ശിക്ഷ വേണമെങ്കിലും നല്‍കാം എന്നുമുള്ള ചിന്താഗതി വച്ചു പുലര്‍ത്തുന്ന മാതാപിതാക്കളുണ്ട്. ഇത്തരത്തില്‍ കടുത്ത ശിക്ഷകളിലൂടെ കടന്നുപോയ ബാല്യമുള്ള ഒരാള്‍, ആ വ്യക്തിയുടെ കൗമാരത്തിലും യൗവനത്തിലും അനുഭവിക്കുന്ന വൈകാരിക അരക്ഷിതാവസ്ഥ എന്തായിരിക്കും? കുടുംബ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ നല്ലൊരു കുട്ടിക്കാലം ഇല്ലാത്തതിന്റെയാണ് എന്ന തരത്തിലുള്ള പഴിചാരലുകള്‍ അഭികാമ്യമാണോ? ഇത്തരത്തില്‍ നിരവധി സംശയങ്ങള്‍ക്കു മറുപടി നല്‍കുകയാണ് മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ സി.ജെ. ജോണ്‍.

തെറ്റിനുള്ള ശിക്ഷ ഇതല്ല!
കുട്ടികളെ തല്ലുക എന്ന് പറയുമ്പോള്‍ അതിലൂടെ പ്രതിഫലിക്കുന്നത് യാഥാര്‍ഥത്തില്‍ കുട്ടി ചെയ്യുന്ന തെറ്റിനുള്ള ശിക്ഷണം അല്ല, മറിച്ച് തല്ലുന്നയാളുടെ വൈകാരിക വിക്ഷോഭത്തിന്റെ പ്രകടനങ്ങളാണ്. ഞാന്‍ എന്റെ കുട്ടിയെ തല്ലിയത് അവനെ തിരുത്തണം എന്നുള്ള ഉദ്ദേശത്തോടെയല്ല, മറിച്ച് അവന്‍ ചെയ്യുന്ന തെറ്റിനോട് എനിക്ക് ഭയങ്കര ദേഷ്യം തോന്നി എന്നുള്ളതിന്റെ ആവിഷ്കാരമാണ് അവിടെ പ്രകടമാകുന്നത്. ഇത്തരത്തില്‍ ഒരു ചിന്താഗതിയോടെ കുട്ടികളെ ഏതു പ്രായത്തില്‍ തല്ലിയാലും അതിനു വിപരീതഫലമേ ഉണ്ടാവൂ..ഭൂരിപക്ഷം മാതാപിതാക്കളിലും ശിക്ഷ എന്നത് കോപത്തിന്റെ പ്രകടനമാണ്. മുഖം ചുവക്കും, കലി തുള്ളും.. ഈ സമയം പറയുന്ന വാക്കുകള്‍ പലതും കുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്ക് യോജിച്ചതായിരിക്കില്ല. അതുകൊണ്ട് കഴിയുന്നതും തല്ല് ഒഴിവാക്കുന്നതാണ് തല്ലത്. 

കുട്ടികളെ നേര്‍വഴിയ്ക്ക് നടത്താന്‍ കുറേകൂടി മെച്ചപ്പെട്ട മനഃശാസ്ത്രപരമായ ശിക്ഷണ നടപടികള്‍ ഉണ്ട്. കൊച്ചുകുട്ടിയാണെങ്കില്‍ അവനു ഏറ്റവും ഇഷ്ടപ്പെട്ട വിനോദമോ, ഭക്ഷണമോ, ടിവി പരിപാടികളോ, ഒന്നല്ലെങ്കില്‍ രണ്ടു ദിവസത്തേക്കു മുടക്കാം. കുട്ടിയെ ഇക്കാര്യം സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കാം. കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കുറച്ചു ദിവസത്തേക്ക് പിന്‍വലിക്കുന്നത്, നീ ചെയ്ത തെറ്റ് തിരുത്താനുള്ള ഒരവസരം നല്‍കലാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്താം. 

കുട്ടികളെ ശിക്ഷിക്കാന്‍ ഇറങ്ങുന്നതിനു മുന്‍പ് പല മാതാപിക്കള്‍ക്ക് പറ്റുന്ന ഒരു കുഴപ്പം എന്താണെന്നു വച്ചാല്‍ ബുദ്ധിപരമായിട്ടുള്ള ആശയവിനിമയം നടക്കുന്നില്ല എന്നതാണ്. നീ ഭയങ്കര കുഴപ്പം ചെയ്തു എന്ന തരത്തില്‍ വഴക്കു പറച്ചിലും ചാടിത്തുള്ളലും ദേഷ്യവും മാത്രമേ ഉണ്ടാകുന്നുള്ളൂ.. നീ ചെയ്തത് എന്തുകൊണ്ടാണ് അനഭിലഷണീയമല്ലാത്തത്. അത്ര എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുന്നു എന്ന് സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. കുറ്റപ്പെടുത്തലിന്റെ ഭാഷ നല്ലതല്ല, കുട്ടി ചെയ്തതിനെ തെറ്റ് എന്ന് പറയരുത്.

കുട്ടികള്‍ ചെയ്യുന്ന എല്ലാ കുരുത്തക്കേടുകളിലും അവരെ അതിലേക്ക് നയിച്ചിട്ടുള്ള കാരണങ്ങളുമുണ്ട്. അത് അവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ശരിയാണ്. തെറ്റിലേക്ക് പോകാനുള്ള കാരണം മനസ്സിലായാല്‍ കുറച്ചുകൂടി എളുപ്പത്തില്‍ മാതാപിതാക്കള്‍ക്ക് ഈ വിഷയം കൈകാര്യം ചെയ്യാന്‍ പറ്റും. ശിക്ഷിക്കാന്‍ പോകുമ്പോള്‍ കുട്ടിയെ മൊത്തത്തില്‍ അധിക്ഷേപിക്കുന്ന രീതിയും ശരിയല്ല. അതുപോലെ രക്ഷിതാക്കളുടെ മനോനിലയും താളം തെറ്റിയതായിരിക്കരുത്. പക്വതയോടെ, സമാധാനത്തോടെ, സ്നഹപൂര്‍വം വേണം ശിക്ഷാരീതികള്‍ കൈകാര്യം ചെയ്യാന്‍. ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നിരാകരിക്കുന്നതാണ് തല്ലിനെക്കാള്‍ കുട്ടിയ്ക്ക് ഗുണം ചെയ്യുന്നത്.

നല്ലൊരു കുട്ടിക്കാലം നിഷേധിച്ചാല്‍...
കുട്ടികളുടെ മനോവികാസത്തില്‍ മാതാപിതാക്കള്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നവരാണ്. നല്ലൊരു കുട്ടിക്കാലം നിഷേധിച്ചാല്‍ ഭാവിയില്‍ പല സ്വഭാവ വൈകല്യങ്ങളും കുട്ടിയില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ വീടിനകത്തു അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അധ്യാപകര്‍ക്ക് തിരിച്ചറിയാന്‍ പറ്റുകയാണെങ്കില്‍ അത് നേരത്തേ കറക്റ്റ് ചെയ്യാം. പക്ഷേ, സ്കൂളില്‍ നിന്നുള്ള ഇത്തരത്തിലുള്ള ഇടപെടലുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. 

ടോക്സിക് പാരന്റിങ് അനുഭവിക്കുന്ന കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ സ്വഭാവത്തിലും ആ വിഷാംശങ്ങള്‍ കടന്നുവരാറുണ്ട്. ടോക്സിക് പാരന്റിങ് കുട്ടിയില്‍ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നുണ്ടെങ്കില്‍ അത് മുന്‍പേ തന്നെ മനസ്സിലാക്കി തിരുത്തുന്നതാണ് നല്ലത്. ഞാനിങ്ങനെ മോശപ്പെട്ട മാതാപിതാക്കളുടെ വളര്‍ത്തലിന്റെ ഇരയാണ് എന്നു ചിന്തിച്ചാല്‍ ആ വിഷാംശം മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും. കൗമാരത്തില്‍ നിന്ന് മാറുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുപാട് കിട്ടും. പലപ്പോഴും ഫീല്‍ ഗുഡ് തരുന്ന ബന്ധങ്ങളിലേക്കു പോകാനാണ് സാധ്യത. അതല്ല സ്വയം നവീകരണത്തിനു ചെയ്യേണ്ടത്. കുറച്ചുകൂടി പക്വതയുള്ള ആളുകളുമായിട്ട് ഇടപെടുക. മനസ്സിനെ ഉണര്‍ത്തുന്ന പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സ്വയം മതിപ്പ് വര്‍ധിപ്പിക്കുക. പതിയെ സാധാരണമായ, സമാധാനപൂര്‍ണ്ണമായ, സന്തോഷകരമായ ജീവിതം നയിക്കാന്‍ ഇത്തരക്കാര്‍ക്കാകും.

 കൂടുതൽ അറിയാൻ

English Summary:

Parenting: guidance without violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com