ADVERTISEMENT

കുഞ്ഞുങ്ങളുടെ കാര്യത്തിൽ  മാതാപിതാക്കൾ പറയുന്ന സ്ഥിരം പരാതികളുടെ കൂട്ടത്തിൽ ഒന്നാണ് കുഞ്ഞ് രാത്രി ഉറങ്ങുന്നില്ല, മുഴുവൻ കളിയാണ്, അല്ലെങ്കിൽ വാശിയാണ് എന്നെല്ലാം. കുട്ടികൾ കളിക്കുന്നത് നല്ലതുതന്നെ, എന്നാലത് ഉറക്കം ഒഴിവാക്കിയാകുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും. അതിൽ ആദ്യത്തേത് മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കും എന്നതാണ്. 

രാത്രി ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ പകൽ സമയത്ത് ഉറക്കം തൂങ്ങുകയും സ്‌കൂളിൽ പോകുന്ന കുട്ടിയാണെങ്കിൽ ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാതെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ഈ അവസ്ഥ കുട്ടിയുടെ പഠനത്തെ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളെയും എന്തിനേറെ സൗഹൃദങ്ങളെയും അതിലൂടെയുള്ള സോഷ്യൽ ലൈഫിനെ വരെയും  ബാധിക്കുന്നു. അതിനാൽ കൃത്യമായി ഉറങ്ങേണ്ടത് കുട്ടിയുടെ സമ്പൂർണമായ വികസനത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്. കുട്ടികൾ രാത്രി ഉറങ്ങിയില്ലെങ്കിൽ കൂട്ടിരിക്കുന്ന മാതാപിതാക്കളുടെ ആരോഗ്യത്തെയും ദിനചര്യയെയും എന്തിനേറെ അവരുടെ സോഷ്യൽ, ഒഫിഷ്യൽ ലൈഫിനെ വരെ ഈ ഉറക്കമില്ലായ്മ ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ.

കുട്ടികൾ രാത്രികാലങ്ങളിൽ ശരിയായി ഉറങ്ങുന്നില്ലയെങ്കിൽ അതിന് ഒരു പരിധിവരെ അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളും കരണക്കാരാണ്. കൃത്യമായ ഒരു ഉറക്കശീലം കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നത് പേരന്റിങ്ങിലെ പ്രധാന കാര്യമാണ്. പോസിറ്റിവ് ഉറക്ക ശീലങ്ങൾ ഒരു വയസ് മുതൽ കുട്ടികളിൽ ശീലിപ്പിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ അവരത് ജീവിതത്തിൽ തുടർന്നുപോകും. പോസിറ്റിവ് ഉറക്ക ശീലങ്ങൾ ഒരു കുട്ടിയുടെ ജീവിതശൈലി, ഭക്ഷണം എന്നിവയെല്ലാമായി ചേർന്നു കിടക്കുന്നതാണ്.

അറിഞ്ഞിരിക്കാം, ശീലമാക്കാം 
∙വൈകിട്ട് അഞ്ചു മണിക്ക് ശേഷം കുട്ടികൾക്കു ഒരു കാരണവശാലും ചായ,  ചോക്കലേറ്റ്, ചോക്കലേറ്റ് ചേർന്ന ഭക്ഷണങ്ങൾ കൊടുക്കരുത്. ഇവ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിച്ച് ഉറക്കത്തെ അകറ്റി നിർത്തും

∙ നാല് മണിക്ക് ശേഷം കുട്ടികളെ സ്ലീപ് ടൈം വരെ ഉറങ്ങാനായി അനുവദിക്കരുത്. നാല് മണിക്ക് ശേഷം ഉറങ്ങുന്ന കുട്ടികൾക്ക് വീണ്ടും ഉറക്കം കിട്ടണമെങ്കിൽ അർദ്ധരാത്രിവരെ കാത്തിരിക്കേണ്ടതായി വരും.

∙ വൈകിട്ട് ആറ് മണികഴിഞ്ഞാൽ കുട്ടികളെ എനർജി സേവിങ് മോഡിലേക്ക് കൊണ്ട് വരിക. ഒരുപാട് ചാടിയോടിയുള്ള കളികൾ ഒഴിവാക്കുക. ആറ് മണിയോടെ കുട്ടികളെ മേല് കഴുകിച്ച ശേഷം അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിച്ച് ഇരുന്നുകൊണ്ടുള്ള കളികൾ, ഇൻഡോർ ഗെയിമുകൾ, പഠനം, വായന എന്നിവയ്ക്കായി പ്രോത്സാഹിപ്പിക്കുക.

∙ ഉറങ്ങുന്നതിനു രണ്ട് മണിക്കൂർ മുൻപായി അത്താഴം നൽകുക. മാതാപിതാക്കളും ഈ സമയത്ത് തന്നെ കുട്ടികൾക്കൊപ്പം അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ അത് നല്ലൊരു ശീലമായി കുട്ടികളിൽ നിലനിൽക്കും. ആവശ്യമെങ്കിൽ ഉറങ്ങുന്നതിനു അര മണിക്കൂർ മുൻപായി ഒരു ഗ്ലാസ് ചെറുചൂടോട് കൂടിയ പാൽ കുട്ടികൾക്ക് നൽകാം. 

∙ ഉറക്കത്തിനുള്ള സമയത്തിനു രണ്ട് മണിക്കൂർ മുൻപായി ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്, ടിവി തുടങ്ങി എല്ലാവിധ ഗാഡ്‌ജെറ്റുകളും കുട്ടികളിൽ നിന്നും മാറ്റുക. ഇവയെല്ലാം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. സ്‌ക്രീനിൽ കാണുന്ന ദൃശ്യം , വെളിച്ചം എന്നിവ കുട്ടികളുടെ കണ്ണിലും മനസിലും ഓഫ് ചെയ്ത ശേഷവും കുറച്ചധികനേരം കാഴ്ചയായി നിലനിൽക്കും. ഇത് ഒഴിവാക്കാനും സ്ക്രീൻടൈം കുറയ്ക്കുന്നതിനും ഉറക്കത്തിന്റെ ക്വാളിറ്റി ടൈം കൂട്ടുന്നതിനും ഉറക്കത്തിനു രണ്ട് മണിക്കൂർ മുൻപായി ഗാഡ്ജറ്റുകൾ ഒഴിവാക്കുന്നത് സഹായിക്കും.

∙ ഇപ്പോഴും ഒരേ സ്ഥലത്ത് തന്നെ ഉറങ്ങുക. ബെഡ് റൂമിൽ ഉറങ്ങുക എന്നത് നല്ല ശീലത്തിന്റെ ഭാഗം കൂടിയാണ്. ഇതിനായി ഇളം ലൈറ്റുകളോടെ കുട്ടികളുടെ ബെഡ്‌റൂം സജ്‌ജമാക്കുക. ഉറങ്ങുന്നതിനു മുൻപ് ആയി ബ്രെഷ് ചെയ്യുന്നതും ശീലമാക്കുക.  

English Summary:

Master the Art of Sleep Training: Tips for Ensuring Your Baby Sleeps Soundly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com