ടിവി കാണാതെ കുട്ടി ഭക്ഷണം കഴിക്കുന്നില്ലേ? നല്ല ഭക്ഷണശീലം വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതെല്ലാം
Mail This Article
കുട്ടികളുടെ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ പല പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പോലെയുള്ള അവസ്ഥകളുള്ള കുട്ടികളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാറുണ്ട്. സാധാരണ കുട്ടികളെപ്പോലെ, ഭക്ഷണം കഴിക്കുന്നതിന്റെ പതിവു രീതികളോ സമയക്രമങ്ങളോ ഓട്ടിസമുള്ള കുട്ടികളിൽ പ്രയോഗികമാകണമെന്നില്ല. ഭക്ഷണം കൊടുക്കുമ്പോൾ അവർ മുഖം തിരിക്കുകയോ കരയുകയോ മാറിയിരിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യാറുണ്ട്. ജോലിത്തിരക്കുകൾ കാരണം നെട്ടോട്ടമോടുന്ന മാതാപിതാക്കളെ ഈ പ്രതിസന്ധി മാനസികമായും വൈകാരികമായും തകർത്തുകളയുന്നു. കുട്ടികൾ കഴിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ രക്ഷിതാക്കളുടെ സമയക്രമങ്ങളുടെ താളവും തെറ്റുന്നു.
ഓട്ടിസ്റ്റിക് അല്ലാത്ത കുട്ടികളിൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്കു കാരണം അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ്. കോവിഡിനു ശേഷം മിക്ക കുട്ടികളിലും ‘സ്ക്രീൻ അഡിക്‌ഷൻ’ ശക്തമായിട്ടുണ്ട്. മൊബൈലോ ടിവിയോ ഇല്ലാതെ ഭക്ഷണം കഴിക്കാത്ത കുട്ടികൾ മിക്ക മാതാപിതാക്കളുടെയും തലവേദനയാണ്. ഈ പ്രശ്നത്തെ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ പോഷകങ്ങളുടെ കുറവ് മൂലം കുട്ടിയുടെ ആരോഗ്യത്തെ അത് ബാധിക്കാം.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികളുടെ ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്താൻ മാതാപിതാക്കളെ സഹായിക്കുന്ന ചില നിർദേശങ്ങൾ ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷൻ (ഐഐഒടിഎ) സമ്മേളനത്തിൽ ഡോ. ജിന മേരി പങ്കുവച്ചു. ഐഐഒടിഎയുടെ 61 ാമത് ദേശീയ സമ്മേളനമായ ഓറ്റിക്കോൺ 2024 കൊച്ചിയിലെ പാർക്ക് കൺവെൻഷൻ സെന്ററിലാണ് നടന്നത്. സ്‌ക്രീൻ അഡ്ക്‌ഷൻ ഉള്ള കുട്ടികളിലും നല്ല ശീലങ്ങൾ ഉണ്ടാക്കാൻ ഈ മാർഗനിർദേശങ്ങൾ സഹായിക്കും.
ഹൈപ്പർ സെൻസിറ്റീവ് ആയ, എന്തിനോടും പെട്ടെന്ന് കടുപ്പത്തിൽ പ്രതികരിക്കുന്ന കുട്ടികളെ സ്വാഭാവികമായി ഭക്ഷണം കഴിക്കാൻ എങ്ങനെ പ്രേരിപ്പിക്കാമെന്നു നോക്കാം.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ ഭക്ഷണസമയത്ത് കാണിക്കുന്ന വികൃതികൾ നിയന്ത്രിച്ച് അവരെ ആരോഗ്യകരമായി ഭക്ഷണം കഴിപ്പിക്കണമെങ്കിൽ മാതാപിതാക്കളെയും കുട്ടികളെയും ഒരേപോലെ പരിശീലിപ്പിക്കണം. ബിഹേവിയറൽ ആക്ടിവേഷൻ അപ്രോച് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. എല്ലാ കുട്ടികൾക്കും അവർ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ഭക്ഷണങ്ങൾ ഉണ്ടാകും. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ എല്ലാ കുട്ടികളും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ അവ തീർത്തും ഒഴിവാക്കുന്നത് ആരോഗ്യകരവുമല്ല.
ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീൻ വേണ്ട
ഭക്ഷണം കഴിക്കുന്ന സമയത്തുള്ള സ്‌ക്രീൻ ഉപയോഗം (ടിവി, മൊബൈൽ ഫോൺ, ടാബ് എന്നിവ കാണുന്ന ശീലം) ക്രമേണ കുറച്ചുകൊണ്ടുവരണം. കാരണം കുട്ടികൾ സ്ക്രീനിൽ ശ്രദ്ധിച്ചു ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ഗന്ധമോ രുചിയോ ശ്രദ്ധിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നില്ല. വായിൽ വച്ചുകൊടുക്കുന്ന ഭക്ഷണം അവർ അതേപടി വിഴുങ്ങുന്നത് കാണാം. ചില കുട്ടികൾ ചോറ് ചവയ്ക്കാതെ വിഴുങ്ങുന്നത് ഈ കാരണത്താലാണ്. അങ്ങനെ കട്ടി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന കുട്ടി, കട്ടിയുള്ള ഭക്ഷണങ്ങൾ കിട്ടുമ്പോൾ കഴിക്കില്ലെന്ന് ശാഠ്യം പിടിക്കും. ചിലപ്പോൾ പച്ചക്കറികളും പഴങ്ങളും തീരെ കഴിക്കില്ല. വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കാനുള്ള മടി ഭാവിയിൽ ദോഷമുണ്ടാക്കും. സ്ക്രീൻ നോക്കി കഴിക്കുന്ന ശീലം പതിയെ മാറ്റുമ്പോൾത്തന്നെ, കുട്ടി ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നതു കാണാം. എന്നാൽ ഇത് ഒറ്റയടിക്ക് ചെയ്യാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. സ്‌ക്രീനിന്റെ ഉപയോഗം പതിയെ കുറച്ചുകൊണ്ടുവരികയാണ് ചെയ്യേണ്ടത്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
കുട്ടികളുടെ പെരുമാറ്റത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആദ്യം സ്വയം ചില മാറ്റങ്ങൾക്ക് തയാറാവേണ്ടതുണ്ട്. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ നിർബന്ധിക്കുകയോ അടിക്കുകയോ ചെയ്യുന്നത് നല്ലതല്ല. ഭാവിയിൽ ഭക്ഷണം കാണുമ്പോൾത്തന്നെ കുട്ടികളിൽ ഉത്കണ്ഠയുണ്ടാവാൻ അത് കാരണമാകും.
കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിനും നല്ലതാണ്. കൃത്യമായ ഒരു സമയം നിശ്ചയിച്ച്, മൊബൈലും ടിവിയുമെല്ലാം മാറ്റിവച്ച്, വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കാം.
∙ രക്ഷിതാക്കൾ കഴിക്കുന്ന സമയത്തു തന്നെ കുട്ടിക്കും ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.
∙ നമ്മൾ കഴിക്കുന്ന അതേ ഭക്ഷണം തന്നെ കുട്ടികൾക്കും നൽകുക.
∙ കുട്ടി ഒരു പുതിയ ഭക്ഷണം ആദ്യമായി കഴിച്ചുനോക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക.
∙ തീന്മേശയിൽ വികൃതി കാണിച്ചാൽ വഴക്ക് പറയാതെ കുട്ടിയുടെ ശ്രദ്ധ തിരിച്ചുവിടുക.
∙ ഏതെങ്കിലുമൊരു ഭക്ഷണം തൊടാൻ പോലും കുട്ടി തയാറാവുന്നില്ലെങ്കിൽ പതിയെപ്പതിയെ അത് കഴിക്കാൻ പ്രേരിപ്പിക്കുക.
∙ ഒരിക്കലും തീൻമേശയിലിരുന്ന് കുട്ടികളെ വഴക്ക് പറയുകയോ പേടിപ്പിക്കുകയോ ചെയ്യാതിരിക്കുക.
∙ കുട്ടികളോട് സംസാരിക്കുമ്പോൾ മോശമായ വാക്കുകൾ ഉപയോഗിക്കാതിരിക്കുക.
∙ നല്ല ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് അച്ഛനും അമ്മയും കുട്ടികൾക്ക് കാണിച്ചുകൊടുക്കുക. അച്ഛനും അമ്മയും കഴിക്കുന്നത് പോലെ കഴിക്കാൻ കുട്ടിയോട് പറയുക.
∙ പല നിറങ്ങളിലുള്ള ഭക്ഷണങ്ങൾ ആകർഷകമായ രീതിയിൽ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കാം. ഓരോ നിറവും രുചിയും പരീക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാം. പഴങ്ങളും പച്ചക്കറികളും കുട്ടികൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചുവയ്ക്കാം.
ഭക്ഷണത്തിന്റെ പേരിൽ കുട്ടികളെ ശിക്ഷിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികൾ ഭക്ഷണപാത്രത്തിൽ കയ്യിട്ടു കളിക്കുമ്പോൾ തടയരുത്. ദേഷ്യപ്പെടുകയുമരുത്. ആ ഭക്ഷണത്തെ തൊട്ടറിയാൻ കുട്ടി ശ്രമിക്കുകയാണെന്നു തിരിച്ചറിയുക. ചോറ്റുപാത്രത്തിൽ കയ്യിടരുത് എന്ന് പറയുന്നതിന് പകരം, കുട്ടിക്ക് ചെറിയൊരു പാത്രത്തിൽ അൽപം ചോറ് വിളമ്പി നൽകാം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ സ്പർശനത്തിലൂടെയാണ് പല കാര്യങ്ങളും പഠിച്ചുവളരുന്നത്.
കുട്ടിയിന്മേൽ ബലം പ്രയോഗിക്കാതെയും അവരെ നിർബന്ധിക്കാതെയും നല്ല ഭക്ഷണങ്ങൾ കഴിക്കാനാണ് ബിഹേവിയറൽ ആക്ടിവേഷൻ അപ്രോചിൽ ശ്രമിക്കുന്നത്. നിർബന്ധിക്കുന്നതിനു പകരം നല്ല ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കാനും വേണമെങ്കിൽ അവയെടുത്ത് കളിക്കാനും കുട്ടികളെ അനുവദിക്കാം. കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം പോഷകസമ്പുഷ്ടമായ ഭക്ഷണവും ഉൾപ്പെടുത്തി നൽകാം. ചിലപ്പോൾ ദിവസങ്ങളോളം അവർ അതിനെ അവഗണിച്ചുവെന്നു വരാം.
കുട്ടികളിൽ ഭക്ഷണത്തോട് ഭയമുണ്ടാകാത്ത തരത്തിൽ ക്രമേണ വേണം പോഷകദായകമായ ഭക്ഷണങ്ങൾ അവതരിപ്പിക്കാൻ. അവരുടെ ആകാംക്ഷയെ ഉണർത്തിയെടുക്കാൻ കഴിയുന്നതിലാണ് രക്ഷിതാക്കളുടെ വിജയം. കുട്ടികൾ സ്വയം നല്ല ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് പരിശോധിക്കുകയും കളിക്കുകയും പതിയെപ്പതിയെ രുചിച്ചു നോക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കൾ അക്ഷമ കാണിക്കരുത്. ഓരോ കുട്ടിയും വ്യത്യസ്തരായതു കൊണ്ടുതന്നെ പുതിയ ശീലങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ അവരെടുക്കുന്ന സമയവും വ്യത്യസ്തമായിരിക്കും.