ചുരുളഴിയാത്ത രഹസ്യവുമായി റൊമേനിയയുടെ ‘ബർമുഡ ട്രയാങ്കിൾ’ !
Mail This Article
ഒരുകൂട്ടം വിനോദ സഞ്ചാരികൾ ഒരു കാട്ടിലൂടെ നടക്കുകയാണ്. പെട്ടെന്നു കട്ടിയുള്ള മഞ്ഞ് ആ പ്രദേശം മുഴുവൻ മൂടി. മുന്നോട്ടു പോകാൻ കഴിയുന്നില്ല. മഞ്ഞിൽ നിന്നു പേടിപ്പിക്കുന്ന ചിരികളും അലറിക്കരച്ചിലുകളും കേൾക്കുന്നു. പുറത്തെത്തിയ അവർ വിവരം നാട്ടുകാരെ അറിയിച്ചു.
എന്നാൽ അതിലും വലിയ സംഭവങ്ങളും അനുഭവങ്ങളുമാണ് നാട്ടുകാർക്ക് അവരോടു പറയാനുണ്ടായത്. റൊമേനിയയുടെ ബർമുഡാ ട്രയാങ്കിൾ എന്നു വിശേഷിപ്പിക്കുന്ന ഹോയയ് ബാസിയു കാട്ടിലൂടെയാണ് ആ സഞ്ചാരികൾ നടന്നത്. പുറത്തെത്തിയതു തന്നെ ഭാഗ്യം എന്നാണ് അറിഞ്ഞവർ പറഞ്ഞത്.
ലോകത്തെ ഏറെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വന പ്രദേശമാണിത്. ലോകത്തിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന വനം എന്നാണ് ഇത് അറിയപ്പെടുന്നത്. ആയിരത്തിലധികം മിസിങ് കേസുകളാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
200 ആടുകളുമായി ഈ കാട്ടിൽ കയറിയ ഒരു ആട്ടിടയനെ കാണാതായതോടെയാണ് ഇതു ശ്രദ്ധാകേന്ദ്രമാവുകയും ചർച്ചാ വിഷയമാവുകയും ചെയ്തത്. 1968 ഓഗസ്റ്റ് 18ന് എമിൽ ബർനെ എന്ന ഫൊട്ടോഗ്രഫർ ഇവിടെ നിന്ന് ഒരു അന്യഗ്രഹ പേടകത്തിന്റെ ഫോട്ടോ എടുക്കുകയുണ്ടായി.
ഏറെ വിവാദങ്ങൾക്കതു വഴിവച്ചെങ്കിലും അതിനു പിന്നിലെ സത്യം കണ്ടെത്താൻ ശാസ്ത്രത്തിനായില്ല. തുടർന്ന് അലക്സാണ്ടർ സ്വിഫ്റ്റ് എന്ന ബയോളജിസ്റ്റ് ഈ വനത്തിൽ എത്തി പഠനം നടത്തി. അദ്ദേഹത്തിനും പല ദുരനുഭവങ്ങളും ഉണ്ടായി.
പിന്നീടും ഈ വനത്തിന്റെ രഹസ്യങ്ങൾ അറിയാൻ കുറേ ഗവേഷകർ ശ്രമിച്ചു. ഈ കാട്ടിൽ എതോ അമാനുഷിക ശക്തിയുണ്ടെന്നു മാത്രമാണു പോയവരെല്ലാ ഉറപ്പിച്ചു പറയുന്നത്.
ആകാശത്തേക്കു തലയുയർത്തി വളരുന്ന മരങ്ങൾക്കു പകരം മുട്ടുകുത്തി പ്രാർഥിക്കുന്ന തരത്തിൽ കുനിഞ്ഞു വളരുന്ന മരങ്ങളും ഈ കാട്ടിലെ പ്രത്യേകതയാണ്. കാട്ടിലൂടെ നടക്കുന്നത്ര നേരം തങ്ങളെ മറ്റാരോ നിരീക്ഷിക്കുന്നതായി തോന്നുന്നതായാണ് ഇവിടെ പോയവരെല്ലാം പറയുന്നത്. അതുകൊണ്ടു തന്നെ ഇവിടേക്കു പോകാൻ ആരും ഇപ്പോൾ തയ്യാറാകുന്നില്ല. ഏതായാലും ചുരുളഴിയാത്ത രഹസ്യങ്ങൾ ഒളിപ്പിച്ച് ഈ കാട് ഇന്നും റൊമേനിയയിൽ ഉണ്ട്.
English Summary : Bermuda triangle of Romania