പാക്കിസ്ഥാനെ വട്ടം കറക്കിയ ഇന്ത്യയുടെ ജയിംസ്ബോണ്ട്; രവീന്ദർ കൗശിക്കെന്ന ബ്ലാക്ക് ടൈഗറിന്റെ കഥ
Mail This Article
ജയിംസ് ബോണ്ട് സിനിമകളിലെ ഏറ്റവും പുതിയ ചിത്രം അടുത്ത വർഷം ഇറങ്ങും. ബോണ്ട് സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകും, അല്ലേ? എല്ലാവർക്കും ഇഷ്ടവുമാണ് ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ.ബ്രിട്ടിഷ് ചാര സംഘടനയിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥൻ. കണ്ണഞ്ചിപ്പിക്കുന്ന ഫൈറ്റുകളും ഉദ്വേഗഭരിതമായ നിമിഷങ്ങളും കൊണ്ട് സമ്പന്നമാണ് ഓരോ ജയിംസ് ബോണ്ട് ചിത്രങ്ങളും.
എന്നാൽ ജയിംസ് ബോണ്ടിനെ വെല്ലുന്ന ചാരന്മാർ നമ്മുടെ രാജ്യത്തെ ചാര സംഘടനയായ റോയിൽ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തനാണ് രവീന്ദ്ര കൗശിക്.സംഘടനയ്ക്കു കൗശിക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്ലാക്ക് ടൈഗർ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.ഒരു ഹോളിവുഡ് ചിത്രം പോലെ ഉദ്വേഗനിമിഷങ്ങൾ നിറഞ്ഞതായിരുന്നു രവീന്ദ്ര കൗശിക്കിന്റെ ജീവിതം.
രാജസ്ഥാനിൽ പാക്കിസ്ഥാൻ അതിർത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ഗംഗാനഗർ പട്ടണത്തിൽ 1952ലാണ് കൗശിക് ജനിച്ചത്.നാടകക്കമ്പക്കാരനായിരുന്നു അദ്ദേഹം.ഒരിക്കൽ ലക്നൗവിൽ നടന്ന ഒരു നാടകോൽസവത്തിൽ നടനായി കൗശിക്കും പങ്കെടുത്തു. അദ്ദേഹത്തിന്റെ അഭിനയപാടവവും കഴിവുകളും വേദിയിലുണ്ടായിരുന്ന ചില റോ ഉദ്യോഗസ്ഥർ നോട്ടമിട്ടു. തുടർന്ന് ഇവർ കൗശികിനെ ബന്ധപ്പെടുകയും പാക്കിസ്ഥാനിൽ ചാരസംഘടനയുടെ രഹസ്യ ഏജന്റായി ജോലി ചെയ്യാൻ തയാറുണ്ടോയെന്നു ചോദിക്കുകയും ചെയ്തു.കൗശിക് സമ്മതം മൂളി.
തുടർന്ന് ഡൽഹിയിൽ കഠിന പരിശീലനം, രണ്ടുവർഷത്തോളമെടുത്തു ഇതു പൂർത്തിയാക്കാൻ.ഉർദു ഭാഷയും പാക്കിസ്ഥാനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും ഇക്കാലയളവിൽ അദ്ദേഹം പഠിച്ചെടുത്തു.രാജസ്ഥാൻകാരനായതിനാലും പാക്ക് അതിർത്തിക്കു സമീപം താമസമായതിനാലും കൗശിക്കിന് ഇത് എളുപ്പമായിരുന്നു.
പിന്നീട് തന്റെ ഇരുപത്തിമൂന്നാം വയസിൽ കൗശിക് പാക്കിസ്ഥാനിലേക്കു യാത്രയായി.അഹമ്മദ് ഷക്കീർ എന്ന പുതിയ പേരിലാണ് അദ്ദേഹം പാക്കിസ്ഥാനിലെത്തിയത്.അവിടെയെത്തിയ കൗശിക് കറാച്ചി സർവകലാശാലയിൽ എൽഎൽബിക്കു ചേർന്നു.പഠനത്തിനു ശേഷം പാക്കിസ്ഥാൻ സൈന്യത്തിൽ ചേർന്നു, കമ്മിഷൻഡ് ഓഫിസറായി. എല്ലാത്തിലും മികവ് പ്രകടിപ്പിച്ച കൗശിക് കാലങ്ങൾ പിന്നിട്ടതോടെ മേജർ എന്ന ഉന്നത റാങ്കിലേക്കെത്തി .അവിടെത്തന്നെയുള്ള ഒരു പെൺകുട്ടിയെ വിവാഹവും കഴിച്ചു.
പാക്കിസ്ഥാനിൽ വലിയ അധികാരമുള്ള ഒരു സ്ഥാപനമാണ് സൈന്യം, പല തവണ ഭരണം കൈയാളുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയെ ബാധിക്കുന്ന പല കാര്യങ്ങളും സൈനികതലത്തിൽ ചർച്ചയാകാറുണ്ട്.ഇത്തരം വളരെ സെൻസിറ്റീവായ വിവരങ്ങളൊക്കെ മേജർ സ്ഥാനത്തെത്തിയ കൗശിക് ചോർത്തിയെടുത്ത് റോയ്ക്കു നൽകി. ഇത് ഇന്ത്യൻ സൈന്യത്തിനു വലിയ ഉപകാരമാണ് ചെയ്തത്.1979 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ കൗശിക് നന്നായി വിവരങ്ങൾ നൽകി.അദ്ദേഹത്തിന്റെ ജോലിയിലെ കൃത്യതയും പാടവവും കണ്ട അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി.ചവാൻ കൗശിക്കിന് ‘ബ്ലാക്ക് ടൈഗർ’ എന്ന വിളിപ്പേര് നൽകി.
എന്നാൽ പിന്നീട് കൗശിക്ക് യഥാർഥത്തിൽ ആരാണെന്നു പാക്കിസ്ഥാൻ കണ്ടെത്തി. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.രണ്ടു വർഷത്തോളം മൃഗീയമായ പീഡനങ്ങൾക്ക് ഇരയാക്കി.തുടർന്ന് 1985ൽ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് അത് ജീവപര്യന്തമാക്കി കുറച്ചു.നരകതുല്യമായിരുന്നു കൗശിക്കിന്റെ പിൽക്കാല ജീവിതം.സിയാൽക്കോട്ട്, കോട് ലാഖ്പത്,മിയാൻവാലി തുടങ്ങിയ ജയിലുകളിലായി 16 കൊല്ലം അദ്ദേഹം കഠിനതടവ് അനുഭവിച്ചു.സഹിച്ച പീഡനങ്ങളുടെയും ദുരവസ്ഥയുടെയും അനന്തരഫലമായി ആസ്ത്മയും മറ്റു ശ്വാസകോശ രോഗങ്ങളും കൗശിക്കിനെ ബാധിച്ചു.രോഗപീഡകൾ പിടിമുറുക്കിയതിനെത്തുടർന്ന് 2001ൽ കൗശിക് അന്തരിച്ചു.
ഇന്ത്യയ്ക്കായി 26 വർഷങ്ങൾ അദ്ദേഹം പാക്കിസ്ഥാനിൽ ചെലവിട്ടു.സ്വന്തം കുടുംബത്തെ പിരിഞ്ഞ് ഏതു നിമിഷവും പിടിക്കപ്പെടാമെന്ന ചിന്തയിലാണ് കൗശിക് അക്കാലയളവ് അവിടെ കഴിച്ചുകൂട്ടിയത്.പിന്നീട് കൊടിയ പീഡനങ്ങളേറ്റതും ജയിൽവാസമനുഭവിച്ചതുമൊക്കെ സ്വന്തം രാജ്യത്തിനും അവിടത്തെ ജനങ്ങൾക്കുമായാണ്.
മരിച്ചെങ്കിലും തന്റെ ധീരതയും സവിശേഷമായ ജീവിതവും കാരണം ഇന്ത്യക്കാരുടെ ഉള്ളില്‍ അനശ്വരത നേടി അദ്ദേഹം. ഇന്ത്യയുടെ എക്കാലത്തെയും ത്രസിപ്പിക്കുന്ന ഒരു ഹീറോ തന്നെയാണ് രവീന്ദർ കൗശിക് എന്ന സമാനതകളില്ലാത്ത റോ ഉദ്യോഗസ്ഥൻ