ADVERTISEMENT

യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ ഒരു വശത്ത്. ജർമനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ അച്ചുതണ്ടു ശക്തികൾ മറുവശത്ത്. 1939 മുതൽ 1945 വരെ ഈ രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടി. രണ്ടാംലോക മഹായുദ്ധമെന്നു കുപ്രസിദ്ധമായ പോരാട്ടത്തിൽ കൊല്ലപ്പെട്ടത് ഏകദേശം ഏഴു കോടിയിലേറെ പേരാണ്. കരയിൽ മാത്രമല്ല, കടലിലും നടന്നു വൻ പോരാട്ടങ്ങൾ. മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമായിരുന്നു കടലിലെ പ്രധാന ‘പോരാളികൾ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുഎസിനു നഷ്ടപ്പെട്ടത് 52 മുങ്ങിക്കപ്പലുകളായിരുന്നു. ഇവയിൽ ഭൂരിപക്ഷവും ശത്രുക്കളുടെ ടോർപിഡോ ആക്രമണത്തിലും ആകാശത്തു നിന്നുള്ള ബോംബ് പ്രയോഗത്തിലും തകർന്നു താഴ്ന്നതാണ്.

അത്തരത്തിൽ മുങ്ങിപ്പോയ 52 മുങ്ങിക്കപ്പലുകളെയും (അന്തർവാഹിനി) കണ്ടെത്താൽ ഒരു സംഘം തയാറാക്കിയ പദ്ധതിയാണ് ‘ലോസ്റ്റ് 52 പ്രോജക്ട്’. ഒട്ടേറെ മുങ്ങിക്കപ്പലുകൾ ഈ വിദഗ്ധസംഘം കണ്ടെത്തുകയും ചെയ്തു. അതിൽ ഏറ്റവും പുതിയ കണ്ടെത്തൽ ജപ്പാന്റെ തീരത്തു നിന്നായിരുന്നു. 1944ൽ മുങ്ങിപ്പോയ യുഎസ്എസ് ഗ്രേബാക്ക് എന്ന മുങ്ങിക്കപ്പലാണ് ഒക്കിനാവ തീരത്തു നിന്നു കണ്ടെത്തിയത്. ജപ്പാന്റെ ബോംബർ വിമാനങ്ങളിലൊന്നാണ് 75 വർഷം മുൻപ് ഗ്രേബാക്കിനെ മുക്കിയത്. സംഭവബഹുലമായിരുന്നു ആ കണ്ടെത്തൽ.

ടിം ടെയ്‌ലർ എന്ന വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു ലോസ്റ്റ്52 പ്രോജക്ട് ടീം രൂപീകരിച്ചത്. ഒക്കിനാവയുടെ പരിസര പ്രദേശത്താണു മുങ്ങിക്കപ്പൽ മുങ്ങിയതെന്ന വിവരം യുഎസ് നാവികസേന നൽകിയിരുന്നു. പക്ഷേ കാലമിത്രയായില്ലേ, കപ്പലിനു സ്ഥാനചലനം സംഭവിച്ചിട്ടുണ്ടാകാം. അതിനാൽത്തന്നെ മുങ്ങിക്കപ്പൽ താഴ്ന്നു പോയതിനും 100 മൈൽ ദൂരെ വരെ അന്വേഷണം നീണ്ടു. അവിടെ നിന്നു തന്നെയായിരുന്നു ഇതിനെ കണ്ടെത്തിയതും. ജലോപരിതലത്തിലെ കപ്പലിലിരുന്ന് നിയന്ത്രിക്കാവുന്ന ഒരു റോബട്ടിക് വാഹനം (ഓട്ടണമസ് അണ്ടർവാട്ടർ വെഹിക്കിൾ–എയുവി) വെള്ളത്തിനടിയിലേക്കു വിട്ടായിരുന്നു അന്വേഷണം. ദിവസങ്ങളോളം ഇതു തുടർന്നു. 

അതിനിടയ്ക്കാണ് എയുവിയും പണിതന്നത്. 24 മണിക്കൂർ നേരത്തെ പരിശോധനയ്ക്കായിരുന്നു എയുവി വെള്ളത്തിനടിയിലേക്കു വിട്ടത്. പക്ഷേ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോഴേക്കും റോബട്ടിക് വാഹനം എവിടെയോ ചെന്നിടിച്ചു. പിന്നീട് പരിശോധന നടത്താൻ പറ്റില്ലെന്നായി. അതോടെ റോബട്ടിനെ തിരിച്ചെടുത്ത് അതുവരെ ലഭിച്ച വിവരങ്ങളെല്ലാം പരിശോധിച്ചു. കടലിന്റെ അടിത്തട്ടിലേക്ക് ശബ്ദതരംഗങ്ങൾ അയച്ചുള്ള സോണർ സംവിധാനത്തിലൂടെയായിരുന്നു പരിശോധന. അങ്ങനെ ലഭിച്ച ഡേറ്റയുടെ അവസാന ഭാഗത്തേക്ക് എത്തിയപ്പോഴാണ് ടെയ്‌ലർ ഒരു കാര്യം ശ്രദ്ധിച്ചത്. കടലിനടിയിൽ, ഏകദേശം 1427 അടി ആഴത്തിൽ ഒരിടത്ത് വമ്പൻ വസ്തുവെന്തോ കിടക്കുന്നുണ്ട്. പിന്നെയൊന്നും ആലോചിച്ചില്ല. വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന ഡ്രോൺ താഴേക്കു വിട്ടു. അതു തിരികെ വന്നത് യുഎസ്എസ് ഗ്രേബാക്കിനെപ്പറ്റിയുള്ള വിവരങ്ങളുമായിട്ടായിരുന്നു. 75 വർഷം മുൻപേ എൺപതോളം സൈനികരുമായി ആഴങ്ങളിൽ മറഞ്ഞ മുങ്ങിക്കപ്പൽ അതാ കണ്മുന്നിൽ.

ആകൃതിയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു ഗ്രേബാക്ക് കടലിനടിയിൽ കിടന്നിരുന്നത്. അവിടെ നിന്നും ഏതാനും കിലോമീറ്റർ മാറി മുങ്ങിക്കപ്പലിന്റെ ഡെക്ക് ഗണ്ണും ലഭിച്ചു. മുങ്ങിക്കപ്പലിൽ നിന്നു വെടിയുതിർക്കാൻ സഹായിക്കുന്നതായിരുന്നു ആ തോക്ക്. കണ്ടെത്തലിനു യുഎസ് നാവികസേന അംഗീകാരവും നൽകി. മേഖലയിൽ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. മുങ്ങിക്കപ്പലിലെ വിലപിടിച്ച വസ്തുക്കളും ലോഹഭാഗങ്ങളുമെല്ലാം മോഷ്ടിക്കുന്നതു തടയാൻ വേണ്ടിയാണു കാവൽ. മുങ്ങിക്കപ്പലിനൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന സൈനികരുടെ ബന്ധുക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ചരിത്രത്തെ അംഗീകരിക്കാനുമുള്ള അവസരമാണ് ഈ കണ്ടെത്തലിലൂടെ ലഭിച്ചതെന്നും യുഎസ് നാവികസേന പറയുന്നു.

 English summary : Missing WW2 submarine USS grayback found after 75 years from Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com