ADVERTISEMENT

‘മാനവരാശിയുടെ തൊട്ടിൽ’ എന്നു പ്രശസ്തമായ ചില ഇടങ്ങളുണ്ട് ഭൂമിയിൽ. ദശലക്ഷക്കണക്കിനു വർഷങ്ങള്‍ക്കു മുൻപ് ഭൂമിയിൽ നമ്മുടെ പൂർവികർ ജീവിച്ചിരുന്നല്ലോ! പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യർക്ക് ഓരോ രൂപമായിരുന്നു. ഇത്തരത്തിൽ നമ്മുടെ പൂർവികരിലെ ഏറ്റവും പ്രസക്തമായ സ്പീഷീസുകളുടെ ഫോസിലുകൾ ലഭിക്കുന്ന ഇടങ്ങളെയാണ് മാനവരാശിയുടെ തൊട്ടിൽ എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ ഫോസിലുകൾ ലഭിച്ചിട്ടുള്ളതിനാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തെ മൊത്തമായി ‘മാനവരാശിയുടെ തൊട്ടിൽ’ എന്നും വിശേഷിപ്പിക്കാറുണ്ട്. 

ഇവിടങ്ങളിലാണ്, ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത തരം ഫോസിലുകള്‍ ഗവേഷകർക്കു മുന്നിൽപ്പെടാറുള്ളത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിനു പടിഞ്ഞാറുള്ള ഒരു ഗുഹയിലും സംഭവിച്ചത് അതാണ്. ഫോസിൽ തേടിയിറങ്ങിയ പര്യവേക്ഷകർക്കു മുന്നിൽ തെളിഞ്ഞത് നമ്മുടെ പൂർവികരിലെ ഇന്നേവരെ അറിയപ്പെടാത്ത ഒരു വിഭാഗത്തിന്റെ ഫോസിൽ. യുഡബ്ല്യു105 എന്നു പേരിട്ട ആ ഗുഹയിലേക്കു കയറുന്ന ആരുടെയും കണ്ണിൽപ്പെടും വിധം വെറും നിലത്തായിരുന്നു താടിയെല്ലോടു കൂടി പല്ലിന്റെ ഫോസിൽ കിടന്നിരുന്നത്. ലക്ഷക്കണക്കിനു വർഷം അവിടെക്കിടന്നിട്ടും ആരുടെയും കണ്ണിൽപ്പെടാതിരുന്നതോടെ ഗവേഷകർക്കു ലഭിച്ചതാകട്ടെ ഒരു അമൂല്യ നിധിയും. 

early-human-fossils-found-in-south-african-cave1
ട്രെമസ് 5ലെ ഒരു രംഗം 1. ചിത്രത്തിന് കടപ്പാട് : യുട്യൂബ്

ഗുഹയ്ക്ക് യുഡബ്ല്യു105 എന്നു പേരു ലഭിച്ചതിനു പിന്നിലുമുണ്ട് ഒരു രസകരമായ കാര്യം. ജൊഹന്നാസ്ബർഗിലെ യൂണിവേഴ്സിറ്റി ഓഫ് വിറ്റ്‌വാട്ടർസ്രാന്റിലെ (യുഡബ്ല്യു) ഗവേഷകർ കണ്ടെത്തിയ 105–ാമത്തെ ഫോസിൽ സൈറ്റായിരുന്നു ആ ഗുഹ. സർവകലാശാലയിലെ പ്രഫസർ ലീ ബെർഗറുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഗുഹയിൽനിന്ന് വെറും 200 മീറ്റർ ദൂരെയായിരുന്നു റൈസിങ് സ്റ്റാർ എന്നു പേരിട്ട ഗുഹ. അതും പ്രശസ്തമാണ്– 2013ൽ ലീ ബെർഗറുടെ നേതൃത്വത്തിൽ ഹോമോ നെലേദി എന്ന പുതിയ മനുഷ്യസ്പീഷീസിന്റെ ഫോസിൽ കണ്ടെത്തിയത് അതിനകത്തുനിന്നായിരുന്നു. 

പൂർവികരായ ആസ്ട്രലോപിത്തിക്കസിന്റെ ഉൾപ്പെടെ ഫോസിലുകൾ ലഭിച്ച സ്റ്റെർക്ക്ഫോണ്ടെയ്ൻ എന്ന ചുണ്ണാമ്പുകൽ ഗുഹയും യുഡബ്ല്യു105ന് രണ്ടു കിലോമീറ്റർ അകലെയായുണ്ട്. മറ്റിടങ്ങളിൽനിന്നു കണ്ടെത്തിയ പൂർവികരുടെ ഫോസിലുമായി യാതൊരു ബന്ധവുമില്ലാത്ത പല്ലാണ് യുഡബ്ല്യു105 ഗുഹയിൽനിന്നു ഗവേഷകർക്കു ലഭിച്ചത്. എന്നാൽ ഗവേഷണം ആരംഭിക്കുമ്പോൾതന്നെ ഇത്തരത്തിലൊരു ഫോസിൽ ലഭിച്ച സാഹചര്യത്തിൽ ഇനിയങ്ങോട്ട് ഫോസിലുകളുടെ മേളമായിരിക്കുമെന്നും ഗവേഷകർ വിശ്വസിക്കുന്നു. കൂടുതൽ അസ്ഥിക്കഷ്ണങ്ങളും മറ്റും ലഭിക്കുന്നതോടെ പുതിയ ഇനം മനുഷ്യരെ തിരിച്ചറിയാനാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

early-human-fossils-found-in-south-african-cave3
ട്രെമസ് 5ലെ ഒരു രംഗം 1. ചിത്രത്തിന് കടപ്പാട് : യുട്യൂബ്

വിവിധയിനം മനുഷ്യരുടെ ഫോസിലുകൾ ഒരേയിടത്തുനിന്നു ലഭിച്ചതിനാൽത്തന്നെ പാലിയന്റോളിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള മേഖല കൂടിയാവുകയാണ് ഈ ഗുഹാ പ്രദേശങ്ങൾ. ഗവേഷകരെ അമ്പരപ്പിച്ച മറ്റൊന്നു കൂടിയുണ്ട്. ഭൂമിക്കടിയിലൂടെ നീങ്ങുന്ന ഭീകരജീവിയുടെ കഥ പറഞ്ഞ ‘ട്രെമസ് 5: ബ്ലഡ്‌ലൈൻസ്’ എന്ന ചിത്രം 2015ൽ ചിത്രീകരിച്ചത് ഇപ്പോൾ ഫോസിൽ കണ്ടെത്തിയ ഗുഹയിലായിരുന്നു. നൂറുകണക്കിനു പേർ സിനിമയുടെ ഭാഗമായി ഗുഹയിൽ ദിവസങ്ങളോളമുണ്ടായിരുന്നു. എന്നിട്ടും ആരുടെയും കണ്ണിൽപ്പെടാതെ താടിയെല്ലിന്റെയും പല്ലിന്റെയും ഫോസിൽ നിലത്തുകിടന്നു. ചിലരെങ്കിലും അതിന്മേൽ ചവിട്ടിനിൽക്കുക പോലും ചെയ്തു. ഫോസിൽ ലഭിച്ചതിനു തൊട്ടടുത്ത് സിനിമാസംഘം ചുമരിൽ വരച്ചിട്ട ചിത്രങ്ങൾ പോലുമുണ്ടായിരുന്നു! 

ചിത്രത്തിലെ ‘വില്ലനായ’ ഭീകരജീവിയുടെ താവളമായിട്ടായിരുന്നു യുഡബ്ല്യു105 ഗുഹയെ ചിത്രീകരിച്ചത്. ചിത്രം വലിയ ഹിറ്റൊന്നുമായതുമില്ല. പക്ഷേ പുതിയ സ്പീഷീസ് മനുഷ്യന്റെ ഫോസിൽ ലഭിച്ചതോടെ ഗുഹ ഹിറ്റായി. അവിടേക്ക് ക്യാമറയുടേതു മാത്രമല്ല, ശാസ്ത്രത്തിന്റെയും വെള്ളിവെളിച്ചം പതിയുകയാണ്. ഒന്നല്ല, രണ്ടിനം മനുഷ്യരുടെ ഫോസിലിന്റെ സാന്നിധ്യം ഗുഹയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണു ബെർഗർ പറയുന്നത്. ‘ഫോസിൽ വോൾട്ട്’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഈ ഗുഹയിലെ വിവരങ്ങൾ മാത്രം പുറത്തുവിടാനായി തയാറാക്കിയിട്ടുണ്ട്. 

English Summary :  Early human fossils found in South African cave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com