മൂല്യം ഒന്നരലക്ഷം കോടി! ലോകത്തിലെ ഏറ്റവും വലിയ നിധി കണ്ടെത്തുമോ ?
Mail This Article
ലോകത്തിലെ ഏറ്റവും മൂല്യമുള്ള നിധിക്കായി കൊണ്ടുപിടിച്ച പര്യവേക്ഷണം നടത്തുകയാണു ഒരു കൂട്ടം നിധിവേട്ടക്കാർ. ലെമ്മിൻകെയ്നൻ ഹോർഡ് എന്നറിയപ്പെടുന്ന, ലോകമെമ്പാടുമുള്ള പര്യവേക്ഷകരുടെ ഉറക്കം കെടുത്തുന്ന ഈ നിധിയുടെ മൂല്യം 2000 കോടി യുഎസ് ഡോളറാണ് (ഏകദേശം ഒന്നരലക്ഷം കോടി രൂപ). എത്രത്തോളം വിലപ്പെട്ടതാണ് ഈ നിധിയെന്ന് ഇപ്പോൾ മനസ്സിലായല്ലോ? ആഭരണങ്ങളും, സ്വർണനാണയങ്ങളും പുരാവസ്തുക്കളും അടങ്ങിയ ഈ നിധി ഫിൻലൻഡിലാണുള്ളത്. 1987 മുതൽ ഇതിനായുള്ള തിരച്ചിൽ പല സംഘങ്ങൾ നടത്തുന്നു. ടെംപിൾ ട്വൽവ് എന്ന സംഘമാണ് ഇപ്പോൾ ഇതിനായി ഇടവേളകളില്ലാത്ത തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ ഏഴുദിവസവും ദിനംപ്രതി ആറുമണിക്കൂർ വീതം തിരച്ചിൽ നടക്കുന്നുണ്ട്. റഷ്യ, ഓസ്ട്രേലിയ, യുഎസ്, സ്വീഡൻ, നോർവെ, ജർമനി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു പര്യവേക്ഷകർ.
പവിഴം, മാണിക്യം, വൈഡൂര്യം, മരതകം തുടങ്ങിയവയടക്കം അൻപതിനായിരം അമൂല്യ രത്നങ്ങൾ ഈ നിധിയിലുണ്ട്. ഇതോടൊപ്പം തന്നെ ഒട്ടേറെ വമ്പൻ സ്വർണപ്രതിമകളും. കാൾ ബോർഗൻ എന്ന വിഖ്യാത നിധിവേട്ടക്കാരനാണു ലെമ്മിൻകെയ്നൻ ഹോർഡ് കണ്ടെത്താനായി പരിശ്രമിക്കുന്ന സംഘത്തിന്റെ മേധാവി. ഫിൻലൻഡിലെ പ്രാചീനകാല ഇതിഹാസത്തിലെ കഥാപാത്രമായിരുന്ന ലെമ്മിൻകെയ്നനിൽ നിന്നാണ് ഈ നിധിയുടെ കഥ തുടങ്ങുന്നത്. ഫിന്നിഷ് ഫാഷയിലുള്ള കലേവല എന്ന ഇതിഹാസത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നാണ് അദ്ദേഹം. മനുഷ്യരല്ലാതെ അതീന്ദ്രിയ ശക്തികളുമായി സംവദിക്കാൻ കഴിവുള്ള ലെമ്മിൻകെയ്ൻ ഭൂമി വിട്ട് മറ്റ് അജ്ഞാത ലോകത്തേക്കു പോകുന്നതും അവിടെ പല സാഹസികതകൾ കാട്ടുന്നതുമൊക്കെ കലേവലയിൽ പ്രമേയമാകുന്നു. എന്നാൽ കൃതിയുടെ അവസാനം ലെമ്മിൻകെയ്ൻ കൊല്ലപ്പെടുകയാണ്. അദ്ദേഹത്തിന്റെ മാതാവ് വീണ്ടും ലെമ്മിൻകെയ്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്നതായും കൃതിയിലുണ്ട്. ചില വെർഷനുകളിൽ ലെമ്മിൻകെയ്ൻ ജീവിക്കുന്നുണ്ട്.
1984ൽ ഫിൻലൻഡുകാരനായ ഇയോർ ബോക് എന്ന വ്യക്തി താൻ ലെമ്മിൻകെയ്നനിന്റെ നേരിട്ടുള്ള പിന്തുടർച്ചാവകാശിയാണെന്നും തന്റെ എസ്റ്റേറ്റിൽ ഈ ചരിത്രാതീത നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചത് വലിയ ശ്രദ്ധ നേടി. പത്താം നൂറ്റാണ്ടിൽ ശത്രുക്കളിൽ നിന്നു സംരക്ഷിക്കാനായാണ് ഈ നിധി ഒളിപ്പിച്ചുവച്ചതെന്നും ബോക് പറഞ്ഞു. 2010ൽ ബോക് മരിച്ചു. എന്നാൽ അതിനും മുൻപ് മുതൽ തന്നെ നിധിക്കായുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ബോക്കിന്റെ എസ്റ്റേറ്റിൽ ഉൾപ്പെടുന്ന സിബോസ്ബെർഗ് ഗുഹയിലാണു നിധിയുള്ളതെന്നാണ് അഭ്യൂഹം. ഫിൻലൻഡിന്റെ തലസ്ഥാന നഗരമായ ഹെൽസിങ്കിയിൽ നിന്നു 30 കിലോമീറ്റർ കിഴക്കായി മാറിയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
സിബോസ്ബെർഗ് ഗുഹാസംവിധാനത്തിൽ അതീവ രഹസ്യമായി, ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയത്തിലാണത്രേ നിധിയിരിക്കുന്നത്. ആരാധനാലയം കണ്ടെത്തിയാൽ അതിലുള്ള ചുറ്റുഗോവണി ഇറങ്ങി അതിന്റെ മുറികളിലേക്കു കടക്കാം. വമ്പിച്ച അളവിൽ സ്വർണവും മറ്റു രത്നങ്ങളുമൊക്കെ ഈ മുറികളിലാണു സ്ഥിതി ചെയ്യുന്നത്. ഇതു കണ്ടെത്തുന്നതിനു തൊട്ടടുത്താണ് തങ്ങളെന്നാണു കാൾ ബോർഗൻ പറയുന്നത്.
എന്നാൽ ഇതൊരു വൃഥാശ്രമമാണെന്നും ഒരാളുടെ വാക്കുവിശ്വസിച്ച് ഇത്രയും സന്നാഹങ്ങളൊരുക്കി നിധി തേടേണ്ട കാര്യമില്ലെന്നും ചില വിദഗ്ധർ വിമർശിക്കുന്നു. ഇയോർ ബോക് പറഞ്ഞതല്ലാതെ നിധിയെക്കുറിച്ചുള്ള തെളിവുകളൊന്നും ലഭ്യമല്ലെന്നും ഇവർ പറയുന്നു. എന്നാൽ ഇതൊന്നും നിധിവേട്ടക്കാരെ പിന്തിരിപ്പിക്കുന്നില്ല. അവർ നിധിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.
English summary : Lemminkainen Hoard world's biggest treasure