രാജ്യാന്തര വിവാദമായ പപ്പടം പാട്ട്: ഒടുവിൽ മാപ്പ് പറഞ്ഞു സംവിധായകൻ
Mail This Article
2020ൽ ലോകമെങ്ങും തരംഗമായി മാറിയ പാട്ടാണ് ‘പാപ്പഡും’. ഓസ്ട്രേലിയയിലെ കുട്ടികളുടെ പാട്ട് ബാൻഡായ വിഗിൾസാണ് ഈ സംഗീത വിഡിയോ പുറത്തിറക്കിയത്. 2014ലാണ് ഈ പാട്ട് പുറത്തിറങ്ങിയതെങ്കിലും ആറുവർഷം കഴിഞ്ഞ് ട്വിറ്ററിലൂടെയാണ് ഇതു ശ്രദ്ധ നേടിയതും വിവാദമായതും. ഇന്ത്യക്കാർക്കിടയിൽ വളരെ പ്രശസ്തമായ പപ്പടത്തെക്കുറിച്ചാണ് ഈ പാട്ട്. ഓസ്ട്രേലിയൻ സ്ത്രീകളും പുരുഷൻമാരുമുടങ്ങിയ ഒരു സംഘം ആളുകളാണ് ഈ വിഡിയോയിൽ പാടി അഭിനയിച്ചത്. ഇന്ത്യൻ വസ്ത്രങ്ങൾ ഇവർ അണിഞ്ഞിരുന്നു. ഒരിന്ത്യൻ വംശജയായ വനിതയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പപ്പഡും പപ്പഡും എന്ന വാക്ക് പലതവണ ആവർത്തിക്കുന്നതല്ലാതെ മറ്റു വരികളൊന്നും കുട്ടികൾക്കായുള്ള ഈ ഗാനത്തിൽ ഉണ്ടായിരുന്നില്ല. പാട്ട് വിഡിയോയുടെ അവസാനം അഭിനേതാക്കൾ പപ്പടം കൊറിക്കുന്നതും കാണാം.
ആറു വർഷത്തോളം അത്രയ്ക്ക് ശ്രദ്ധ നേടാതെ കിടന്ന ഈ പാട്ട് ട്വിറ്ററിൽ വിവാദം ഉടലെടുത്തതോടെ പൊടുന്നനെ തരംഗമായി തുടർന്നുള്ള ദിവസങ്ങളിൽ 15 ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കണ്ടു.
സംഭവം വിവാദമായതോടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഈ പാട്ടിനെതിരെ വന്നു. വംശീയമായ അധിക്ഷേപമാണ് വിഗിൾസ് നടത്തിയതെന്നുൾപ്പെടെയുള്ള അഭിപ്രായങ്ങളുണ്ടായി. അതോടെ ഈ പാട്ടിന്റെ സംവിധായകനും എഴുത്തുകാരനുമായ ആന്റണി ഫീൽഡ് ക്ഷമ പറഞ്ഞു രംഗത്തുവന്നു. ഇന്ത്യക്കാരെ യാതൊരു തരത്തിലും അവഹേളിക്കാൻ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
1991ൽ സിഡ്നിയിൽ രൂപം കൊണ്ട കുട്ടികൾക്കായുള്ള മ്യൂസിക് ഗ്രൂപ്പാണ് വിഗിൾസ്. ആന്റണി ഫീൽഡ്, ലച്ലാൻ ഗില്ലെസ്പി, സൈമൺ പ്രൈസ്, സെഹെ ഹോക്കിൻസ് എന്നിവരാണ് ഇപ്പോൾ ഈ ഗായകസംഘത്തിലുള്ളത്. ലോകമെമ്പാടും ഒട്ടേറെ കുട്ടികൾ വിഗിൾസിന് ആരാധകരായുണ്ട്. ഗായകസംഘത്തിന്റെ ഗാനങ്ങൾ പല സ്കൂളുകളിലും പരിപാടികളിലും മറ്റും ആലപിക്കാറുണ്ട്. 59 സ്റ്റുഡിയോ ആൽബങ്ങൾ സംഘം പുറത്തിറക്കിയിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ ദി വിഗിൾസ് എന്ന ആൽബമായിരുന്നു ആദ്യത്തേത്. ഇതിന്റെ ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു.
English Summary : The Wiggles star apologises after 'Pappadum Song'