പേർഷ്യയിൽ നിന്ന് ഇറാൻ; ശ്രീലങ്കയായ സിലോൺ: പേരുമാറ്റിയ രാജ്യങ്ങളുടെ കഥ
Mail This Article
തുർക്കിയേ എന്നു തങ്ങളുടെ പേര് മാറ്റിയ തുർക്കിയാണ് ഏറ്റവും അടുത്ത് പേര് പരിഷ്കരിച്ച രാജ്യം. ലോകത്ത് പല രാജ്യങ്ങളിലും പേര് മാറ്റലുകൾ നടന്നിട്ടുണ്ട്. ലോകചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു പേരുമാറ്റമായിരുന്നു ഇറാന്റേത്. പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം 1935ലാണ് തങ്ങളുടെ പേര് ഇറാൻ എന്നാക്കിയത്.നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക പണ്ട് അറിയപ്പെട്ടിരുന്നത് സിലോൺ എന്ന പേരിലാണ്.1972ൽ ശ്രീലങ്ക എന്ന പേര് സ്വീകരിച്ചു.
ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ നമുക്കേവർക്കും പരിചിതമാണ്. അവരുടെ ക്രിക്കറ്റ് ടീം ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ളതാണ്. 1980വരെ റോഡേഷ്യ എന്ന പേരിലാണ് സിംബാബ്വെ അറിയപ്പെട്ടത്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡ് സയാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1939ൽ രാജഭരണത്തിൻvകീഴിലായ രാജ്യത്തിന്റെ പേര് രാജാവാണ് തായ്‌ലൻഡ് എന്നാക്കിയത്. പല തവണ പേര് മാറ്റിയിട്ടുള്ള രാജ്യമാണ് കംബോഡിയ. 1953 മുതൽ 1970 വരെ കിങ്ഡം ഓഫ് കംബോഡിയ എന്നറിയപ്പെട്ടിരുന്ന രാജ്യം പിന്നീട് ഖമർ റിപ്പബ്ലിക് എന്നാക്കി തങ്ങളുടെ പേര്. പിന്നീട് കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ കംപൂച്ചിയ എന്നു പേരുമാറ്റി. 1993ൽ വീണ്ടും കംബോഡിയ എന്നായി രാജ്യത്തിന്റെ പേര്.
ബർമയെന്ന പേരിലറിയപ്പെട്ട രാജ്യം 1989ൽ മ്യാൻമറായി മാറി. യുഎസും ബ്രിട്ടനും ഈ പേര് അംഗീകരിച്ചിരുന്നില്ല. 2019ൽ മാസിഡോണിയ എന്ന രാജ്യം തങ്ങളുടെ പേര് നോർത്ത് മാസിഡോണിയ എന്നാക്കി മാറ്റി. അയൽരാജ്യമായ ഗ്രീസിലും മാസിഡോണിയ എന്ന പേരിൽ ഒരു പ്രവിശ്യയുള്ളതിനാലായിരുന്നു ഈ പേര്മാറ്റം. 2018ൽ ആഫ്രിക്കൻ രാജ്യമായ സ്വാസിൽലാൻഡ് എസ്വാട്ടിനി എന്നാക്കി തങ്ങളുടെ പേര്. ഫുട്ബോളിലൂടെയൊക്കെ നമുക്ക് പരിചിതമായ ചെക്ക് റിപ്പബ്ലിക് തങ്ങളുടെ പേര് ചെക്കിയ എന്നാക്കി മാറ്റിയിരുന്നു. ഔദ്യോഗിക വൃത്തങ്ങളിൽ ഈ പേര് ഉപയോഗിക്കാറുണ്ടെങ്കിലും ചെക്ക് റിപ്പബ്ലിക് എന്നു തന്നെയാണ് രാജ്യം അറിയപ്പെടുന്നത്.
Content Hughlight- Country name changes | Iran name change | Sri Lanka name change | Zimbabwe Rhodesia name change | Thailand Siam name change