ADVERTISEMENT

തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്ന് കണ്ടെത്തിയ അന്യഗ്രഹജീവികളുടെ ശരീരങ്ങളെന്ന് വാദമുയർത്തി കഴിഞ്ഞദിവസം മെക്സിക്കോയുടെ പാർലമെന്റിൽ നടന്ന പ്രസംഗം ലോകമെങ്ങും വാർത്തയായിരിക്കുകയാണല്ലോ (ഈ വാദം കെട്ടിച്ചമച്ചതാണന്ന് ഇപ്പോൾ വിദഗ്ധർ അവകാശപ്പെടുന്നു). കുസ്കോ, ഇൻക തുടങ്ങിയ ആദിമസംസ്കാരങ്ങൾ നിലനിന്നയിടമാണ് പെറു. പെറുവിലെ ദുരൂഹമായ സംഭവങ്ങളാണ് നാസ്ക ചിത്രങ്ങൾ.ലിമയിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് ഇവ. മൃഗങ്ങളുടെയും മനുഷ്യരുടെയും ആളുകളുടെയും രൂപമുള്ള 370 ചിത്രങ്ങളും അടങ്ങിയവയാണ് ഇവ. മുകളിൽ നിന്നു നോക്കിയാൽ മാത്രമേ ഈ ചിത്രങ്ങൾ മനസ്സിലാവുകയുള്ളൂ. 

unexplained-mysteries-of-nazca-lines-in-peru

 

ഇതിൽ ഏറ്റവും ദുരൂഹതയുള്ള ചിത്രം, മനസ്സിലാവാത്ത ചില വിവരണങ്ങളോടെ വരച്ചിട്ടുള്ള ആസ്ട്രനോട്ട് എന്ന ചിത്രമാണ്. ഇതൊരു അന്യഗ്രഹജീവിയെയാണ് കാണിക്കുന്നത് എന്നു ചിലർ വിശ്വസിക്കുന്നു

എഡി 1 മുതൽ 700 വരെ ഇവിടെ ജീവിച്ച നാസ്ക വിഭാഗത്തിലെ ആളുകളാണ് ചിത്രങ്ങൾ വരച്ചത്. 1930ൽ അമേരിക്കൻ ചരിത്രകാരനായ പോൾ കൊസോക്, ഈ ചിത്രങ്ങൾ ജ്യോതിശ്ശാസ്ത്രപരമായ കാര്യങ്ങൾക്കായാണു നാസ്കകൾ വരച്ചതെന്ന് പറഞ്ഞു. നാസ്കകൾ ജ്യോതിശ്ശാസ്ത്രത്തിൽ തൽപരരായിരുന്നു.‘ചാരിയറ്റ് ഓഫ് ഗോഡ്സ്’ എന്ന വിഖ്യാത ഗൂഢവാദ പുസ്തകത്തിന്റെ രചയിതാവായ എറിക് വോൺ ഡാനികൻ, അന്യഗ്രഹജീവികൾ തങ്ങളുടെ ലാൻ‍ഡിങ് സൈറ്റായി ഉപയോഗിച്ച പ്രദേശമാണിതെന്ന് പുസ്തകത്തിൽ വിശേഷിപ്പിച്ചു. എന്നാൽ 1960ൽ ഈ മേഖലയിൽ പഠനം നടത്തിയ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെറാൾഡ് ഹോക്കിൻസ് ഈ വാദത്തെ എതിർത്തു.

 

Representative image.. Photo .credits: 3000ad/ Shutterstock.com
Representative image.. Photo .credits: 3000ad/ Shutterstock.com

പെറുവിന്റെ അയൽരാജ്യമായ ചിലെയിലും അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ധാരാളം വിശേഷങ്ങളുണ്ട്. അന്യകഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന സ്ഥിരീകരിക്കാത്ത പറക്കൽ വസ്തുക്കൾ (യുഎഫ്ഒ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ചിലെ. ഇത്തരം യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. യുഎഫ്ഒ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാനും സാധ്യതകൾ വിലയിരുത്താനും 1997ൽ സിഇഎഫ്എഎ എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗത്തിനു തന്നെ ചിലിയൻ സർക്കാർ തുടക്കമിട്ടിരുന്നു.

ചിലെയുടെ ആദിമ സംസ്കാരങ്ങളിൽ പലതും അന്യഗ്രഹജീവനെക്കുറിച്ചു വിശ്വസിച്ചിരുന്നു. രാജ്യത്തുള്ള എൻലാഡ്രില്ലാഡോ എന്ന അഗ്നിപർവത മേഖല അന്യഗ്രഹ വാഹനങ്ങൾ ലാൻഡ് ചെയ്യാനായി ഉപയോഗിച്ചിരുന്നതാണെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. കജോൺ ഡെൽ മയ്പോ എന്ന മേഖല, എൽക്വി വാലി എന്ന താഴ്‌വര, പൈഹുവാന എന്ന നഗരം തുടങ്ങിയവയൊക്കെ അന്യഗ്രഹജീവികൾ സന്ദർശിക്കുന്ന സ്ഥലങ്ങളാണെന്ന് ആളുകൾ വിശ്വസിക്കുന്നു.

 

അന്യഗ്രഹ പേടകങ്ങളെ സംബന്ധിച്ച ഏറ്റവും പ്രശസ്തമായ സംഭവം 1998 ലാണ് സംഭവിക്കുന്നത്. ചിലെയിലെ കോക്വിംബോ നഗരത്തിനു സമീപമുള്ള മൊലാക്കാസ് കുന്നുകൾക്ക് സമീപം ഒരു അന്യഗ്രഹജീവി പേടകം തകർന്നു വീണെന്നു കുറേ നാട്ടുകാർ സർക്കാരിനെ അറിയിച്ചു. ഇതെപ്പറ്റി അന്വേഷിക്കാൻ ചിലിയൻ സൈന്യം നേരിട്ടിറങ്ങിയെന്നും തെളിവുകൾ പുറത്തുവിട്ടില്ലെന്നുമൊക്കെ അക്കാലത്ത് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഒന്നിനെക്കുറിച്ചും ഇന്നു തെളിവില്ല. ലോകത്തെല്ലായിടത്തും യുഎഫ്ഒകൾ എത്താറുണ്ടെന്നും സാന്ദ്രത കുറഞ്ഞ അന്തരീക്ഷവും, മലിനീകരണം കുറഞ്ഞ ആകാശവുമുള്ളതുകൊണ്ടാണ് ചിലെയിൽ ഇവ കൂടുതലായി കാണപ്പെടുന്നതെന്നും മറ്റു ചില ഗൂഢാലോചനാസിദ്ധാന്തക്കാർ പറയുന്നു.

 

ചിലെയിലെ സാൻ ക്ലമന്റെ എന്ന മറ്റൊരു മേഖല ലോകത്തിന്റെ യുഎഫ്ഒ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് യുഎഫ്ഒകളാണ് ഇവിടെ ദൃശ്യമായിട്ടുള്ളതെന്നാണു പറച്ചിൽ. 2017ൽ യുഎഫ്ഒ എന്നു സംശയിക്കുന്ന ഒരു വാഹനത്തിന്റെ വിഡിയോ ദൃശ്യം ചിലിയൻ നേവി പുറത്തുവിട്ടിരുന്നു. ചിലെയിൽ സ്ഥിതി ചെയ്ത ചില ഘടനകളും വിചിത്രരൂപങ്ങളുമൊക്കെ അന്യഗ്രഹജീവി ബന്ധത്തിന്റെ ഭാഗമായി പറയാറുണ്ട്. അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന സാവ്യ എന്ന കൽഘടനകൾ സൂര്യപഥത്തെ കാണിക്കുന്നവയായിരുന്നു. ഇത്രയും ബുദ്ധിപരമായ ഘടനകൾ അക്കാലത്ത് ജീവിച്ചിരുന്നവർക്ക് സാധ്യമല്ലായിരുന്നെന്നും അതിന്റെ സാങ്കേതികവിദ്യ അന്യഗ്രഹജീവികളാണ് ഇവർക്കു നൽകിയതെന്നും വാദിക്കുന്നവരുണ്ട്. ചിലെയിലെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാര മേഖലയാണ് ഈസ്റ്റർ ദ്വീപ്. ഇവിടെ 30 അടി വരെ പൊക്കമുള്ള ഭീമാകാരമായ പാറയിൽ തീർത്ത ശിൽപരൂപങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. 80,000 കിലോ വരെ ഭാരമുള്ള ഈ ശിലാരൂപങ്ങൾ ഇവിടെ താമസിച്ചിരുന്ന ആദിമമനുഷ്യർക്ക് എങ്ങനെ തീരത്തിനടുത്ത് എത്തിക്കാനായെന്നത് ഇന്നും ചർച്ചകൾ നടക്കുന്ന ചോദ്യമാണ്. ഇതും അന്യഗ്രഹജീവികളുടെ വേലയാണെന്നു പറയുന്നവരുണ്ട്. യഥാർഥത്തിൽ ചിലെയിൽ അന്യഗ്രഹജീവികൾ വരുന്നുണ്ടോ? ആർക്കും കൃത്യമായി അറിയില്ല. ഒരു ചുരുളഴിയാ രഹസ്യമായി ഇന്നും അതു നിലനിൽക്കുന്നു.

 

Content Highlight - Peru alien sightings ​| Nazca paintings mysteries | Extraterrestrial connections in Chile |  UFO sightings in South America | Easter Island rock carvings mysteries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com