ഏഴുതവണ മിന്നലേറ്റിട്ടും ജീവിച്ച റോയ് സള്ളിവൻ: ലോകത്ത് ഏറ്റവും കൂടുതൽ മിന്നലേറ്റയാൾ
Mail This Article
തുലാവർഷമഴ കനക്കുകയാണ്. നല്ല ഇടിയും മിന്നലമുണ്ട് വൈകുന്നേരങ്ങളിൽ. മിന്നലുകൾ അപകടകാരികളാണെന്ന് കൂട്ടുകാർക്കറിയാമല്ലോ. അതിനാൽ സൂക്ഷിക്കണം. മിന്നലിനോടുള്ള പേടി ലോകമെമ്പാടും ഒരുപാടുപേരിൽ കാണപ്പെടുന്നുണ്ട്. ആസ്ട്രഫോബിയ എന്ന് മിന്നലിനോടുള്ള ഭയം അറിയപ്പെടുന്നു. ചില വളർത്തുമൃഗങ്ങളിലും ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടിമിന്നലുകൾ തുടങ്ങുമ്പോൾ കരയുന്നതും വിയർക്കുന്നതും കട്ടിലിന്റെയും മെത്തയുടെയും അടിയിലും അലമാരയ്ക്കുള്ളിലുമൊക്കെ ഒളിക്കുന്നതും ആസ്ട്രഫോബിയയുടെ ലക്ഷണങ്ങളാണ്. യുഎസിൽ ഏറ്റവും വ്യാപകമായ മൂന്നാമത്തെ പേടിരോഗമായി ആസ്ട്രഫോബിയ കണക്കാക്കപ്പെടുന്നു. ഇതുള്ള ചിലർക്കൊക്കെ ചികിത്സ വേണ്ടി വരാറുമുണ്ട്.
ഇനിയൊരാളുടെ കഥ പറയാം. ഏഴുതവണ മിന്നലേറ്റിട്ടും ജീവിച്ചയാൾ. അയാളാണ് റോയ് സള്ളിവൻ. യുഎസിലെ വെർജീനിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെട്ട മിന്നലേൽക്കലുകൾ നടന്നിട്ടുള്ളത്. ഗിന്നസ് ബുക്കിലും ഇദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.
1912ൽ വെർജീനിയയിലെ ഗ്രീൻ കൺട്രി എന്ന സ്ഥലത്താണ് സള്ളിവൻ ജനിച്ചത്. 30 വയസ്സുള്ളപ്പോഴാണ് ആദ്യമായി റോയ്ക്ക് മിന്നലേൽക്കുന്നത്, 1942ൽ. പിന്നീട് 27 വർഷം കഴിഞ്ഞായിരുന്നു അടുത്ത ആക്രമണം. ഒരു ട്രക്ക് ഓടിച്ചുകൊണ്ട് മലമ്പാതയിലൂടെ പോകവേ മിന്നലേറ്റു. പിന്നീട് ചെറിയ ഇടവേളകളിൽ അദ്ദേഹത്തെ തേടി മിന്നൽ വന്നുകൊണ്ടേയിരുന്നു. 1977ൽ ഏഴാം വട്ടവും റോയ്ക്കു മിന്നലേറ്റു. അതായിരുന്നു അവസാനത്തേത്. 1983ൽ സ്വന്തം കൈയിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ് അദ്ദേഹം അന്തരിച്ചു.