ക്വാഹ്ലാതിയിൽ മണ്ണിൽ മുഴുവൻ വജ്രം! ഓടിയെത്തി ജനങ്ങൾ, ഒടുവിൽ
Mail This Article
കോവിഡ് ലോകത്തെ കീഴടക്കിയ ആ കാലം കഴിഞ്ഞിട്ട് അധികനാളായില്ല. അക്കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഗ്രാമമായ ക്വാഹ്‌ലാതിയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ ഓടിയെത്തി. പിക്കാസുകളും മൺവെട്ടിയും മറ്റായുധങ്ങളുമായി എത്തിയ ഇവർ ഗ്രാമത്തിലെ വരണ്ട മണ്ണിൽ പതിനായിരക്കണക്കിനു കുഴികളാണ് എടുത്തത്. ഇവരുടെ എല്ലാം ലക്ഷ്യം ഒന്നായിരുന്നു. വജ്രം കുഴിച്ചെടുക്കുക.
ലോകത്ത് വൻകിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണു ദക്ഷിണാഫ്രിക്ക. ഇക്കാലത്തെ വജ്ര വ്യാപാരമേഖലയ്ക്ക് തുടക്കമിട്ടത് ഈ രാജ്യത്താണ്. 1866 ൽ ഇരാസ്മസ് ജേക്കബ്സ് എന്ന യുവകർഷകനാണ് ആദ്യമായി ഇവിടെ വജ്രം കണ്ടെത്തിയത്. പിന്നീട് കൊളോണിയൽ ശക്തികൾ വിവിധ വജ്രഖനികൾ ദക്ഷിണാഫ്രിക്കയിൽ സ്ഥാപിക്കപ്പെട്ടു. സ്റ്റാർ ഓഫ് സൗത്ത് ആഫ്രിക്ക, കള്ളിനൻ, ഡി ബീയേഴ്സ്, എക്സൽസിയർ, ഗോൾഡൻ ജൂബിലി, പ്രിമീയർ റോസ് തുടങ്ങിയ വിശ്വപ്രസിദ്ധമായ വജ്രങ്ങൾ കണ്ടെടുത്തിട്ടുള്ളത് ആഫ്രിക്കയിലെ തെക്കേയറ്റത്തുള്ള ഈ രാജ്യത്തു നിന്നാണ്.
ദക്ഷിണാഫ്രിക്കയുടെ പ്രധാന നഗരമായ ജൊഹാനസ് ബർഗിൽ നിന്നു 360 കിലോമീറ്റർ തെക്കുകിഴക്ക് ക്വാസുലു നറ്റാൽ പ്രവിശ്യയിലെ ലേഡിസ്മിത് പട്ടണത്തിനു സമീപമാണ് ക്വാഹ്‌ലാതി ഗ്രാമം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കരയിലാണ് ക്വാസുലു നറ്റാൽ പ്രവിശ്യ. ഡർബനാണു പ്രവിശ്യയിലെ ഏറ്റവും വലിയ നഗരം. ക്വാഹ്‌ലാതി ഗ്രാമത്തിൽ നിന്നും വജ്രം കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്നാണ് വലിയ ജനപ്രവാഹം നടന്നത്. പുരുഷൻമാരും സ്ത്രീകളുമെല്ലാം ഇതിന്റെ ഭാഗമായി എത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൂടുതൽ ആളുകൾ നഗരങ്ങളിൽ നിന്നു ക്വാസുലു നറ്റാലിലേക്ക് എത്തി.
കുഴിക്കുന്ന പലർക്കും സ്ഫടികരൂപമുള്ള വജ്രത്തെ അനുസ്മരിപ്പിക്കുന്ന സുതാര്യമായ കല്ലുകൾ കിട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഡിപ്പാർട്മെന്റ് ഓഫ് മിനറൽ റിസോഴ്സസ് ആൻഡ് എനർജി (ഡിഎംആർഇ) ഇതിനെക്കുറിച്ച് ഗവേഷണം നടത്താനും വജ്രമാണോയെന്ന് ഉറപ്പിക്കാനും ഭൗമശാസ്ത്രജ്ഞരും കെമിസ്റ്റുകളുമടങ്ങിയ ഒരു സംഘത്തെ നിയോഗിച്ചു. അവർ സ്ഥലത്തു പരിശോധനകൾ തുടങ്ങി. എന്നാൽ ഇവ വജ്രങ്ങളല്ലെന്നും മറിച്ച് ക്വാർട്സ് ക്രിസ്റ്റൽ തരികളാണെന്നും ഈ സംഘം കണ്ടെത്തിയതോടെ വജ്രവേട്ട അവസാനിച്ചു.