ചന്ദ്രനിൽ അമേരിക്ക പോയിട്ടില്ല: എല്ലാം പച്ചക്കള്ളം! ദുരൂഹതാ സിദ്ധാന്തത്തിന് അരങ്ങൊരുക്കി ആർട്ടിമിസ്
Mail This Article
കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ ആ വാർത്ത അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ പുറത്തുവിട്ടത്. ഏറെ കാത്തിരിക്കപ്പെട്ട ചന്ദ്രദൗത്യമായ ആർട്ടിമിസ് 2026ലേക്ക് നാസ നീട്ടി വച്ചു. ഈ വർഷവും അടുത്തവർഷവുമായി ചന്ദ്രനിൽ ആളെയെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നതാണ് നാസ. എന്നാൽ സാങ്കേതികപരമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ് നാസാദൗത്യം 2027ലേക്ക് മാറ്റിയത്. ഇതോടെ അൽപമൊന്നു തണുത്തിരുന്ന ഒരു ദുരൂഹതാസിദ്ധാന്തത്തിനു വീണ്ടും ചിറകുമുളച്ചു. അമേരിക്ക ചന്ദ്രനിൽ പോയിട്ടില്ലെന്നും ചന്ദ്രനിലെ ലാൻഡിങ്ങും മറ്റും സെറ്റ് ഇട്ട് എടുത്തതാണെന്നുമൊക്കെയുള്ള വാദമാണ് അത്. ഇപ്പോൾ പോലും ഇത്രയും തടസ്സങ്ങൾ നേരിടുന്നെങ്കിൽ എങ്ങനെ അക്കാലത്തു പറ്റുമെന്നാണ് ഈ വാദത്തിന്റെ പ്രയോക്താക്കൾ ചോദിക്കുന്നത്.
അതിനുശേഷം നാലു പതിറ്റാണ്ടോളം ഒരു രാജ്യവും ചന്ദ്രനിൽ ലാൻഡറുകളൊന്നും ഇറക്കിയിട്ടില്ല. ചൈനയും ഇന്ത്യയും പിന്നീട് ഇതു സാധിച്ചു. ഇത്രയും പുരോഗമിച്ചു, കംപ്യൂട്ടർ, ബഹിരാകാശ സാങ്കേതികവിദ്യകളൊക്കെ വളരെ വികസിച്ചു. ഇക്കാലത്തു പോലും ഒരു ലാൻഡർ ഇറക്കാൻ ഇത്രയും പാടാണെങ്കിൽ പണ്ട്, ഇപ്പോൾ ചിന്തിക്കാൻ പോലുമാകാത്ത കുറഞ്ഞ ശേഷിയുള്ള കംപ്യൂട്ടർ ഒക്കെയുപയോഗിച്ച് എങ്ങനെയാകും ആളുകൾ ചന്ദ്രനിൽ പോയിരിക്കുക എന്നൊക്കെയാണ് ദുരൂഹതാവാദക്കാർ ചോദിക്കുന്നത്. 1969ൽ അമേരിക്ക നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ യാത്രികർ സാറ്റേൺ ഫൈവ് എന്ന റോക്കറ്റിലേറി ചന്ദ്രനിലേക്കു കുതിച്ചു. പിന്നീട് ഒട്ടേറെ യാത്രികർ ചന്ദ്രനിലെത്തി.
രണ്ടാം ലോകയുദ്ധ ശേഷം യുഎസും സോവിയറ്റ് റഷ്യയും തമ്മിൽ ഉടലെടുത്ത വമ്പൻ ശീതയുദ്ധമാണ് ചന്ദ്രയാത്രയുടെ പിറവിക്കുള്ള പ്രധാന കാരണം. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം വോസ്റ്റോക് 1 ദൗത്യത്തിൽ യൂറി ഗഗാറിനെ അയയ്ക്കുക വഴി സോവിയറ്റ് റഷ്യ തച്ചുടച്ചു. പകരമായിരുന്നു ചന്ദ്രയാത്ര. ഒടുവിൽ ആ ചരിത്രലക്ഷ്യം സാധിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ചിലർക്ക് സംശമായി. സോവിയറ്റ് യൂണിയനു മേൽ മേൽക്കൈ നേടാനായി അമേരിക്കൻ സർക്കാർ നടത്തിയ നാടകമാണിതെന്നായിരുന്നു അവരുടെ വിശ്വാസം. ചന്ദ്രനെന്ന രീതിയിൽ ടെക്‌സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി.
ആയിടയ്ക്ക് വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കയുടെ വിവാദ ഇടപെടലുകളിലേക്കു വെളിച്ചം വീശി പുറത്തിറങ്ങിയ പെന്റഗൺ പേപ്പേഴ്‌സും പ്രസിഡന്റ് നിക്‌സന്റെ പുറത്താകലിനു വഴി വച്ച വാട്ടർഗേറ്റ് വിവാദവുമൊക്കെ ചൂടുപിടിച്ച കാലമാണ്. സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ വലിയ തോതിൽ ഇടിവു സംഭവിച്ചിരുന്നു. ചന്ദ്രയാത്ര വ്യാജമാണെന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്നുമുള്ള വാദങ്ങൾക്ക് ശക്തി പകരാൻ ഈ വിവാദങ്ങൾ സഹായകമായി. ദുരൂഹതാ സിദ്ധാന്തക്കാർ ചില വാദങ്ങൾ മുന്നോട്ടുവച്ചു. ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ശാസ്ത്രസമൂഹം നൽകിയെങ്കിലും ഇവയിൽ പല ചോദ്യങ്ങളും ശക്തമായി ഈ അരനൂറ്റാണ്ടിനു ശേഷവും തുടരുന്നെന്നുള്ളത് ദുരൂഹതാ സിദ്ധാന്തങ്ങൾ ജനമനസ്സുകളിൽ എത്രത്തോളം സ്വാധീനം ചെലുത്താമെന്നുള്ളതിനു തെളിവാണ്.
ഏറ്റവും പ്രമുഖമായ വാദം ചന്ദ്രനിൽ യാത്രികർ നാട്ടിയ പതാകയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അന്തരീക്ഷം വളരെ നേർത്ത, വായുചലനമില്ലാത്ത ചന്ദ്രനിൽ ചിത്രത്തിൽ കാണുന്നതു പോലെ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു നൽകിയിട്ടുണ്ട്. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഈ ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.
മറ്റൊരു പ്രധാനവാദം ചൂണ്ടിക്കാണിക്കപ്പെടുന്നത് ചിത്രങ്ങളിൽ നക്ഷത്രങ്ങളില്ലെന്നതാണ്. നക്ഷത്രങ്ങളുള്ള ചിത്രങ്ങളെടുത്താൽ ഫോട്ടോയിലെ വ്യത്യാസം മനസ്സിലാക്കി ആളുകൾ കള്ളി വെളിച്ചത്താക്കുമെന്നതിനാൽ ഇവ മായ്ച്ചുകളഞ്ഞ് നാസ പുറത്തിറക്കിയതാണെന്ന രീതിയിലുള്ള ആരോപണങ്ങളുണ്ടായി. എന്നാൽ ചന്ദ്രനിൽ നിന്നു പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ പ്രഭ മൂലം യാത്രികരുടെ ക്യാമറയിൽ നക്ഷത്രങ്ങൾ പതിയാത്തതാണെന്നതായിരുന്നു വിശദീകരണം.
ചന്ദ്രനിൽ നിന്നുള്ള ചിത്രങ്ങളിൽ നിഴൽവീണു കിടക്കുന്നിടങ്ങളിലും വസ്തുക്കളെ കാണാൻ സാധിക്കും. സൂര്യൻ മാത്രമാണ് ചന്ദ്രനിലെ പ്രകാശശ്രോതസ്സ് എന്നാണു വയ്പ്. അപ്പോൾ പിന്നെ സൂര്യപ്രകാശം വീഴാത്ത നിഴലിടങ്ങളിലെ വസ്തുക്കൾ എങ്ങനെ ദൃശ്യമാകും? സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നും ഇതാണ് പ്രതിഭാസത്തിനു വഴിവയ്ക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
എഡ്വിൻ ആൽഡ്രിന്റെ ഒരു ചിത്രം ആംസ്‌ട്രോങ് എടുത്തത് നാസയ്ക്കു ലഭിച്ചിരുന്നു. ഇതിൽ ആൽഡ്രിൻ ധരിച്ച ഹെൽമറ്റിൽ ആംസ്‌ട്രോങ്ങിന്റെ പ്രതിഫലനം കാണാം, എന്നാൽ കൈയിൽ ക്യാമറയില്ല. പിന്നെങ്ങനെ ചിത്രം വരും, ഇതു തട്ടിപ്പല്ലേ? ഈ ചോദ്യത്തിനുള്ള ഉത്തരം നാസ തന്നിട്ടുണ്ട്. കൈയിലല്ല, മറിച്ച് ആംസ്‌ട്രോങ്ങിന്റെ സ്‌പേസ്സ്യൂട്ടിൽ ഘടിപ്പിച്ച നിലയിലായിരുന്നു ക്യാമറ.
ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വിഷയത്തെക്കുറിച്ച് ഉയർന്നിട്ടുണ്ട്. എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ മറ്റു തൊലിലാളികൾ എന്നിവരുൾപ്പെടെ നാലുലക്ഷത്തോളം ജീവനക്കാരുടെ സഹായം അപ്പോളോ ദൗത്യങ്ങളൊരുക്കാൻ യുഎസിനു വേണ്ടിവന്നിരുന്നു. വ്യാജമായ ഒരു കാര്യത്തിനായാണെങ്കിൽ ഇവരുടെ ആരുടെയെങ്കിലും ഭാഗത്ത് നിന്നു സത്യം വെളിപ്പെട്ടേനെ. ഫോട്ടോഗ്രാഫുകൾ കൂടാതെ ചന്ദ്രനിൽ നിന്നുള്ള കല്ലുകളും മണ്ണും മറ്റു സാംപിളുകളും യാത്രികർ കൊണ്ടുവന്നിട്ടുണ്ട്. ഇതും തെളിവാണ്.