ADVERTISEMENT

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് എങ്ങനെയെങ്കിലും പരമാവധി വോട്ട് കിട്ടണമെന്നാണ് ആഗ്രഹം. എന്നാൽ പൗരാണിക ഗ്രീസിലെ ഏതൻസിൽ പണ്ടുകാലത്ത് നടന്ന ഒരു വിചിത്ര തിരഞ്ഞെടുപ്പിൽ ജനവിധി നേരിട്ടവർക്ക് ഇതായിരുന്നില്ല ആഗ്രഹം. എങ്ങനെയും കുറച്ചുവോട്ടു കിട്ടാനാകണം അവർ ആഗ്രഹിച്ചത്. കാരണം കൂടുതൽ വോട്ടു കിട്ടിയാൽ പണി പാളും. നാടുവിടേണ്ടിവരും.

1960ൽ ഏതൻസിൽ പുരാവസ്തു ഖനനം നടത്തിയ ഗവേഷകർ വിചിത്രമായ ഒരു കാര്യം കണ്ടെത്തി. 8500 കളിമൺ ഫലകങ്ങളുടെ  കഷണങ്ങളായിരുന്നു ഇവ. ഗ്രീസിൽ പണ്ടുകാലത്ത് ഒസ്ട്രാക്കോഫോറിയ എന്നറിയപ്പെടുന്ന തിരഞ്ഞെടുപ്പിനുപയോഗിച്ച ബാലറ്റുകളായിരുന്നു ഇവ. 487 മുതൽ 416 ബിസി വരെയുള്ള കാലയളവിലാണ് ഈ തിരഞ്ഞെടുപ്പ് രീതി ആതൻസിൽ നടന്നത്. ഇതിലൂടെ അനഭിമതരായവരെ നാടുകടത്തലായിരുന്നു രീതി. ഇത്തരത്തിൽ പുറത്താകുന്നവർക്കായി അന്വേഷണങ്ങളോ വിചാരണകളോ നടന്നിരുന്നില്ല. ജനദ്രോഹനയങ്ങൾ പിന്തുടർന്നു വന്ന നേതാക്കൾ, ഏകാധിപതികൾ, സമൂഹത്തിനു ദ്രോഹമുണ്ടാക്കിയവർ എന്നിവരൊക്കെയായിരുന്നു ഒസ്ട്രാക്കോഫോറിയയിൽ പെട്ടിരുന്നത്. ഇവർക്കായി വോട്ടിങ് നടത്തണമോയെന്ന് ഏതൻസിലെ ജനങ്ങൾ തീരുമാനിക്കും. തുടർന്ന് വോട്ടിങ് നടത്തും.

6000 വോട്ടുകൾക്കു മുകളിൽ കിട്ടുന്നവർ ചോദ്യവും പറച്ചിലുമില്ലാതെ നാടുകടത്തപ്പെട്ടിരുന്നു. പൗരാണിക കാല ഏതൻസിലെ രാഷ്ട്രീയം ഒരു ചെറിയ സംഘം ആളുകളുടെ കൈയിലായിരുന്നു. ഇവർ അമിതാധികാരം നേടി ജനങ്ങളെ ദ്രോഹിക്കാനും അവരുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താതിരിക്കാനുമുള്ള ഒരു സുരക്ഷാസംവിധാനമായിരുന്നു ഒസ്ട്രാക്കോഫോറിയ എന്ന് ചരിത്രകാരൻമാർ പറയുന്നു. ഏതൻസിലെ വളരെ പ്രശസ്തരായ പല നേതാക്കളും ഇതു നേരിട്ടിരുന്നു. പെരിക്കിൾസ് എന്നു പേരുള്ള വിഖ്യാത ഗ്രീക്ക് നയതന്ത്രജ്ഞനും പ്രാസംഗികനുമായ പ്രതിഭയും ഇതു നേരിട്ടയാളാണ്. ഏതൻസിലെ പല പ്രാചീന കെട്ടിടങ്ങളും മറ്റും നിർമിച്ചത് പെരിക്കിൾസാണ്. എന്നാൽ ഈ നടപടി അന്നത്തെ ജനത്തിൽ പലർക്കും അത്ര ഇഷ്ടമായിരുന്നില്ല. എന്നാൽ പെരിക്കിൾസ് ഈ തിരഞ്ഞെടുപ്പിനെ അതിജീവിച്ചെന്ന് ഗവേഷകർ പറയുന്നു.

ആതൻസിൽ അമിത ആഢംബരജീവിതം നയിച്ച മേഗക്കിൾസ് എന്ന നേതാവ്, തുടങ്ങി പലരും ഈ നടപടി നേരിട്ടു. ഒരു ഡസനോളം ആളുകൾ വിപരീത ഫലത്തെത്തുടർന്ന് നാടുകടത്തപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള അവസാന തിരഞ്ഞെടുപ്പ് 416 ബിസിയിലാണു നടന്നതെന്നും ചരിത്രരേഖകളുണ്ട്.

English Summary:

The Archaeological Find That Unearthed Athens' Most Peculiar Election Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com