ട്രംപിന് അന്യഗ്രഹജീവികളെ അറിയാമോ? വിവാദമായ പരാമർശം
Mail This Article
നിഗൂഢവാദങ്ങൾക്ക് തീരെ പഞ്ഞമില്ലാത്ത നാടാണ് അമേരിക്ക. അൽപം വ്യക്തതക്കുറവുള്ള എന്തിനെക്കുറിച്ചും യാതൊരു അടിസ്ഥാനവുമില്ലാത്ത സിദ്ധാന്തങ്ങൾ പുറത്തിറക്കുന്ന ധാരാളം പേർ അവിടെയുണ്ട്. അമേരിക്കയിലെ മുൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ അണികളിൽ പലരും പല ദുരൂഹതാസിദ്ധാന്തങ്ങളിലും വിശ്വസിച്ചിരുന്നു. ട്രംപ് ഭരണകാലത്തിന്റെ അവസാന കാലത്ത് അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപ്പിറ്റൾ ആക്രമിച്ച കലാപകാരികളിൽ പലരും ക്വാനോൺ എന്ന ഗൂഢവാദത്തിൽ പ്രചോദിതരായായിരുന്നു ഇത്.കുട്ടികളെ ചൂഷണം ചെയ്യുന്ന വലിയ റാക്കറ്റാണ് അമേരിക്ക ഭരിക്കുന്നതെന്നാണു ക്വാനോൺ നിഗൂഢതാ സിദ്ധാന്തം പറയുന്നത്.
അന്യഗ്രഹജീവികൾ അമേരിക്കയിലെ ഒരു ഹോട്ട് ടോപ്പിക്കാണ്. ഏലിയൻസിനെ സംബന്ധിച്ച പല ദുരൂഹാ സിദ്ധാന്തങ്ങളും അമേരിക്കയിൽ ഉയരാറുണ്ട്. ഇത്തരത്തിലെ വാദങ്ങളിലൊന്ന് ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ടുള്ളായിരുന്നു. ചില്ലറക്കാരൊന്നുമല്ല, ഇസ്രയേൽ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ മേധാവിയായിരുന്ന ഹൈം എഷേദാണ് ഇത്തരമൊരു വാദമുയർത്തിയത്. അന്യഗ്രഹജീവികൾ ഭൂമിയിലുണ്ടെന്നും യുഎസ്, ഇസ്രയേൽ സർക്കാരുകൾക്ക് ഇക്കാര്യം അറിയാമെന്നും ഇവരുമായി അവർ ആശയവിനിമയം നടത്തുന്നുണ്ടെന്നുമായിരുന്നു എഷേദിന്റെ വെളിപ്പെടുത്തൽ. മനുഷ്യരും അന്യഗ്രഹജീവികളും അംഗങ്ങളായ ഒരു ഗലാറ്റിക് ഫെഡറേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അന്നു പറഞ്ഞത് വിവാദമായി. അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് അന്യഗ്രഹജീവികളെക്കുറിച്ച് വെളിപ്പെടുത്താൻ ഒരുങ്ങിയതാണെന്നും എന്നാൽ ഇതു ഭൂമിയിൽ വലിയ കുഴപ്പം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഗലാറ്റിക് ഫെഡറേഷൻ തടയുകയായിരുന്നുമെന്നുമാണ് എഷേദിന്റെ മറ്റൊരു വാദം. ഏതായാലും ഈ വെളിപ്പെടുത്തൽ വൻ തരംഗമായി.
പ്രബലമായ സിദ്ധാന്തമാണ് പല്ലിമനുഷ്യരെക്കുറിച്ചുള്ളത്. ട്രംപ്, ബൈഡൻ തുടങ്ങിയവരൊക്കെ പല്ലിമനുഷ്യരാണെന്ന് അവരുടെ പ്രതിയോഗികൾ അങ്ങോട്ടുമിങ്ങോട്ടും ആരോപിക്കാറുണ്ട്.ഇവർ മാത്രമല്ല ലോകത്തെ വിഐപികൾ, ലോകപ്രശസ്ത സെലിബ്രിറ്റികൾ തുടങ്ങിയവരൊക്കെ പല്ലിമനുഷ്യരാണെന്ന് കെട്ടുകഥ പരക്കാറുണ്ട്. ഏറ്റവും പ്രശസ്തമായ കോൺസ്പിറസി തിയറികളിലൊന്നാണ് ഈ റെപ്റ്റീലിയൻ കോൺസ്പിറസി തിയറി.
ആൽഫാ ഡ്രാക്കോണിസ് എന്ന നക്ഷത്രസംവിധാനത്തിൽ നിന്നു വന്ന അന്യഗ്രഹജീവികളാണ് റെപ്റ്റീലിയൻസ് എന്നാണ് ഈ സിദ്ധാന്തക്കാർ പറയുന്നു. ഇവ ഉരഗവർഗത്തിൽപെട്ട ജീവികളായിരുന്നു. എന്നാൽ സാധാരണ പല്ലികളെപ്പോലൊന്നുമല്ല. വളരെ പരിഷ്കരിക്കപ്പെട്ടവരാണ് ഇവർ. മനുഷ്യരെ കീഴടക്കാനായിരുന്നു ഇവരുടെ വരവ്. എന്നാൽ യുദ്ധം വഴി അതു നടക്കില്ലെന്നു ബോധ്യപ്പെട്ടതോടെ ഇവ മനുഷ്യരുമായി പ്രജനനം നടത്തി. മനുഷ്യരുടെ തലച്ചോറിലെ റെപ്റ്റീലിയൻ ബ്രെയിൻ എന്ന മേഖലയൊക്കെ ഇതിന് ഉദാഹരണമായി ഇതിന്റെ വാദക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ശാസ്ത്രജ്ഞർ ഈ വാദത്തെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. ഇതൊക്കെ അസംബന്ധമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.