ADVERTISEMENT

ഓണത്തിന് മുൻപ് സ്മാർട്ട് കിച്ചൻ പദ്ധതി വീട്ടിലെത്തിക്കുമന്ന് സർക്കാർ. അടുക്കളകൾ സ്മാർട്ട് ആയതുകൊണ്ട് മാത്രമായില്ല, ചിന്തകളിൽക്കൂടി മാറ്റമുണ്ടായാലേ വീട്ടുജോലികളിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാനാകൂ 

'ഭർത്താവിനു ഫ്രിജിൽ വച്ച കറിയൊന്നും ഇഷ്ടമല്ല. അപ്പപ്പോൾ ഉണ്ടാക്കിയ ഭക്ഷണമേ കഴിക്കാറുള്ളൂ. ചമ്മന്തിക്കു രുചി കൂടണമെങ്കിൽ അരപ്പ് അമ്മിയിൽത്തന്നെ വേണം.സ്മാർട്ട് കിച്ചൻ വന്നാൽ വീട്ടുജോലികൾ എളുപ്പമാകില്ലേ എന്ന ചോദ്യത്തിന് ഒരു വീട്ടമ്മ നൽകിയ മറുപടിയാണിത്.ഗൃഹോപകരണങ്ങൾ വാങ്ങാൻ വായ്പ നൽകാൻ സർക്കാർ തയാറാകുമ്പോഴും കാലങ്ങളായി ശീലിച്ചു പോന്ന പലതും ഇപ്പോഴും മാറ്റാൻ തയാറാകാതെ വാശി പിടിക്കുന്നവരും കുറവല്ല. അപ്പോൾ മാറ്റം വരുത്തേണ്ടത് മനോഭാവങ്ങളിൽ  തന്നെയെന്നു വ്യക്തം.

കടമയാണ്, കളിയാക്കേണ്ട

വീട്ടുജോലികൾ സ്ത്രീകളുടേത്‌ മാത്രമല്ല, അത് വീട്ടിലുള്ള എല്ലാവരുടേതും കൂടിയാണ്. വീട്ടുജോലിയിൽ സ്ത്രീക്കൊപ്പം പുരുഷനുംകൂടി പങ്കാളിയായാൽ ചില നാട്ടുകാരും ബന്ധുക്കളും പെട്ടെന്ന് എത്തും, കളിയാക്കലുകളുമായിട്ട്. വീട്ടുജോലി ചെയ്യുന്ന ചില പുരുഷന്മാർ പറയുന്നതു കേൾക്കാം.

വീട്ടുജോലിയിലെ ‘വിജയ’കാര്യം

അമ്മയ്‌ക്കൊപ്പം നിന്നു  പാചകം പഠിച്ച കഥയാണ് ഹരിപ്പാട്ടെ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ എസ്.വിജയകുമാറിനു പറയാനുള്ളത്. 'ഇപ്പോൾ വീട്ടുജോലി മുഴുവൻ ചെയ്യുക ഞാനാണ്. രാവിലെ കാപ്പിയും ഊണും ഒരുക്കിയിട്ടാണ് ജോലിക്കു പോകുക. 30 വർഷമായി ഫൊട്ടോഗ്രഫറാണ്‌ ഞാൻ. 8 മണി ആകുമ്പോഴേക്കും എല്ലാ ജോലിയും തീർക്കും. ഇതെല്ലാം എങ്ങനെ പഠിച്ചെടുത്തു എന്ന് പലരും അദ്ഭുതത്തോടെ ചോദിക്കും. പക്ഷേ, സ്ത്രീകളോട് അങ്ങനെ ചോദിച്ചു കേട്ടിട്ടുമില്ല! എന്തായാലും മാറ്റങ്ങൾ വരുന്നുണ്ട്', വിജയകുമാർ പറഞ്ഞു. ഇതേ അനുഭവം തന്നെയാണ് ലോട്ടറി വിൽപനക്കാരനായ വിനോദും പറഞ്ഞത്. 'നമ്മുടെ വീട്ടിലെ ജോലികൾ ചെയ്യുന്നതിനെ മറ്റുള്ളവർ കളിയാക്കുന്നത് എന്തിനാണ്? ജോലി ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ', വിനോദ് ചോദിക്കുന്നു.

ബുദ്ധിമുട്ട് അറിഞ്ഞാൽ നാലുതരം കറി ചോദിക്കില്ല

ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിലാൽ പറയുന്നു: 'നേവിയിലായിരുന്നു ഞാൻ. അവിടെ വച്ച് വീട്ടുജോലികളും പാചകവും ഞാൻ തന്നെ ചെയ്യുമായിരുന്നു. ഏഴാം ക്ലാസ് മുതൽ എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെയാണ് അലക്കുന്നത്. ചെറുപ്പത്തിലേ അങ്ങനെയൊരു പരിശീലനം ലഭിച്ചതും മുതിർന്നപ്പോൾ എന്നെ സഹായിച്ചിട്ടുണ്ട്. പിന്നെ, ഹൗസ് വൈഫിനു ജോലിയില്ല എന്ന പറച്ചിലൊക്കെ അടുക്കളയിൽ പുരുഷന്മാർ കേറിയാൽ പെട്ടെന്ന് മാറിക്കോളും. അടുക്കളപ്പണിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിക്കഴിഞ്ഞാൽ നാലു തരം കറിയൊന്നും ആരും ചോദിക്കില്ല', സുധിലാൽ ചിരിക്കുന്നു.

വീട്ടിലെ ജോലിക്ക് എന്തിന് മടി?

മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ സ്വദേശി ദീപുവും വീട്ടിലെ ജോലി ചെയ്യാൻ മടി കാട്ടേണ്ട എന്ന അഭിപ്രായക്കാരനാണ്. 'നമുക്കറിയാലോ വീട്ടിലെ അവസ്ഥ. രാവോളം ചെയ്താലും തീരാത്ത പണികളുണ്ടാകും. പറ്റാവുന്ന പോലെ എല്ലാ ജോലിയിലും സഹായിക്കുക. അതു നമ്മുടെ കടമയാണ്', ദീപു പറഞ്ഞു.

തുല്യത ആദ്യം കുടുംബത്തിൽ 

'ആശാ വർക്കറായ ഭാര്യയെ സഹായിക്കാതെയൊന്നും വീട്ടുജോലി മുന്നോട്ടു പോകില്ല’, മാക്കേക്കടവ് സ്വദേശി ഭഗത് പ്രസാദ് പറഞ്ഞു. എന്നെക്കൊണ്ട് പറ്റാവുന്നത് ചെയ്യുന്നു. അറിയാത്തവ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. അതല്ലേ, തുല്യത വീട്ടിൽ തന്നെ ഉറപ്പാക്കാനുള്ള എളുപ്പവഴി.

സ്മാർട്ട് കിച്ചൻ പദ്ധതി

വീട്ടുജോലികളിലെ അമിതഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച പദ്ധതി. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങാൻ കെഎസ്എഫ്ഇയുടെ സഹായത്തോടെ പലിശരഹിത വായ്പ നൽകും.

പ്രത്യേകതകൾ

ഈടു വേണ്ട
മുതൽ മാത്രം തിരിച്ചടച്ചാൽ മതി
അപേക്ഷിച്ചു 48 മണിക്കൂറിനകം വായ്പ
2000 രൂപ മുതൽ അടുക്കള ഉപകരണങ്ങൾ വാങ്ങാം
തിരിച്ചടവു കാലാവധി 5 വർഷം വരെ
വീട്ടമ്മമാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധം

വിഭവം കൂടുമ്പോൾ, ജോലിഭാരവും കൂടും

'ജോലിയുള്ള സ്ത്രീകൾക്കു മാത്രമല്ല, അല്ലാത്തവർക്കും സ്മാർട്ട് കിച്ചൻ പദ്ധതി ഉപകാരപ്രദമാകും. അമ്മിയിൽ അരയ്ക്കുന്ന സമയം വേണ്ടല്ലോ മിക്സിയിൽ അരച്ചെടുക്കാൻ. പുറംനാടുകളിലെ ഭക്ഷണക്രമമല്ല നമ്മുടേത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണമാണ് അവരുടേത്. നമുക്കു പക്ഷേ അങ്ങനെയല്ലല്ലോ. ഓരോ നേരവും ഓരോ വിഭവം വേണം. അമിതഭാരമല്ലേ അത്. ഇപ്പോഴത്തെ തലമുറയിലെ പെൺകുട്ടികൾ പക്ഷേ അത്രയും ഭാരമൊന്നും ചുമക്കുന്നവരല്ല. പ്രത്യേകിച്ചും ജോലിയുള്ളവർ. എങ്കിലും വീട്ടിലെ മറ്റുള്ളവർ കൂടി അടുക്കള ജോലികളിൽ സഹായിച്ചാൽ പണികൾ എളുപ്പം കഴിയും. പല പുരുഷന്മാർക്കും അതു ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാലും കുറച്ചധികം പേർ ഇപ്പോഴും വീട്ടുജോലി സ്ത്രീകളുടേതാണെന്നു കരുതുന്നവർ തന്നെയാണ്. അതിനു കൂടി മാറ്റമുണ്ടാകണം. സബിത ഷിബു, ട്രഷറർ ഇന്നർവീൽ ക്ലബ്‌ ഓഫ് ആലപ്പി

പാടാണ് പാചകം,ചെയ്യുന്നവർക്കറിയാം

ഗൾഫിലായിരുന്നു ഞാൻ. അവിടെ വച്ചാണ് പാചകം പഠിച്ചത്. നാട്ടിൽ വന്നതിനു ശേഷം വീട്ടുജോലി ചെയ്തു തുടങ്ങി. ആദ്യമൊക്കെ കൂട്ടുകാർ കളിയാക്കുമായിരുന്നു. അതത്ര കാര്യമാക്കേണ്ടതില്ലെന്നു ഞാൻ ഉറപ്പിച്ചിരുന്നു. നമ്മുടെ വീട്ടിലെ ജോലികൾ ചെയ്യാൻ നമ്മെളെന്തിനു മടിക്കണം? ഇപ്പോൾ കൂട്ടുകാരുടെ വീട്ടിൽ പോയാലും പാചകം എന്നെ ഏൽപിക്കും. നന്നായി ഭക്ഷണം പാകം ചെയ്യാൻ പഠിക്കുക അത്ര എളുപ്പമൊന്നുമല്ലെന്ന് ഇപ്പോൾ അവർക്കറിയാം. അതോടെ കളിയാക്കലുകൾ നിന്നു. പി.ദണ്ഡപാണി മാവേലിക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com