പടനിലം മിനി സ്റ്റേഡിയം നവീകരണം തുടങ്ങി
Mail This Article
ചാരുംമൂട്∙ പടനിലത്തെ കായികപ്രേമികളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെടുന്നു. പ്രദേശത്തെ കലാകായിക സംഘടനകളുടെയും നാട്ടുകാരുടെയും വർഷങ്ങളായ ആവശ്യങ്ങളിലൊന്നായിരുന്നു പടനിലത്തെ മിനി സ്റ്റേഡയത്തിന്റെ നവീകരണം.
2017ൽ ആർ.രാജേഷ് എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും നേടിയ നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി തുടർന്ന് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. പുതിയ പഞ്ചായത്ത് കമ്മിറ്റി അധികാരമേൽക്കുമ്പോൾ സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിന്റെ നിർമാണം വേഗത്തിിൽ തന്നെ പൂർത്തീകരിക്കുവാനുള്ള നടപടിയും പഞ്ചായത്ത് സ്വീകരിച്ചു.
മൂന്ന് ഘട്ടമായാണ് സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കുന്നത്. അതിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനമാണ് തുടങ്ങിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഓടകെട്ടുകയും കിഴക്കുവശം സൈഡ് വാൾകെട്ടി ഗ്രൗണ്ട് ലെവൽ ചെയ്യുവാനുമുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എസ്.അരുൺകുമാർ എംഎൽഎയുടെ നിർദേശപ്രകാരം കേരള സംസ്ഥാന കായികവകുപ്പ് അധികൃതർ സ്റ്റേഡിയം സന്ദർശിച്ചു. സ്റ്റേഡിയത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവർ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി വരികയാണ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പടനിലം ടൗൺ വാർഡ് മെമ്പർ ബി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ നടത്തിവരികയും ചെയ്യുന്നു.