ADVERTISEMENT

തുറവൂർ ∙ ദേശീയ പാതയിൽ അരൂർ–തുറവൂർ ഉയരപ്പാതയ്ക്കായി നിർമിക്കുന്ന മൂന്നിലൊന്ന് തൂണുകളുടെ നിർമാണം പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിൽ 374 തൂണുകളാണ് നിർമിക്കുന്നത്. ഇതിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന് പാകമായി 114 തൂണുകളും കോൺക്രീറ്റിങ് ചെയ്യുന്നതിനായി 52 തൂണുകൾ കമ്പികൾ കെട്ടി തയാറായിവരുന്നു. ജൂണിൽ കാലവർഷം ആരംഭിക്കുന്നതിനാൽ മഴയ്ക്കു മുൻപ് പരമാവധി തൂണുകളുടെ നിർമാണം പൂർത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം. അരൂർ മുതൽ തുറവൂർ വരെ 5 റീച്ചുകളിലാണ് ജോലികൾ നടക്കുന്നത്. തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള ആദ്യ റീച്ചിൽ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 24 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു.കുത്തിയതോട് മുതൽ കണ്ണുകുളങ്ങര വരെയുള്ളതിൽ കുത്തിയതോട് ജംക്‌ഷനു സമീപം 7 ഗർഡറുകളും, ചന്തിരൂർ മുതൽ അരൂർ വരെയുള്ള റീച്ചിൽ 11 ഗർഡറുകളും സ്ഥാപിച്ചു.

ഗർഡറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ജോലികൾ തുടങ്ങി. 32 മീറ്റർ നീളത്തിലുള്ള 80 ടൺ ഭാരമുള്ള കോൺക്രീറ്റ് ഗർഡറുകളാണ് തൂണുകൾക്ക് മുകളിൽ ചിറകു വിരിച്ചു നിൽക്കുന്ന പിയർ ക്യാപ്പിൽ സ്ഥാപിക്കുന്നത്. പൂർണമായി റിമോട്ടിൽ പ്രവർത്തിക്കുന്ന ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി നിശ്ചിത സ്ഥാനത്ത് സ്ഥാപിക്കുന്നത്.ചേർത്തല മായിത്തറയിലുള്ള അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണ യാഡിലാണ് ഗർഡറുകൾ കോൺക്രീറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. 35 മീറ്റർ നീളമുള്ള ട്രെയ്‌ലർ ലോറിയിലാണ് ഗർഡർ എത്തിക്കുന്നത്. 2 തൂണുകൾ തമ്മിൽ 30 മീറ്റർ അകലമാണുള്ളത്. ഈ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് 7 കോൺക്രീറ്റ് ഗർഡറുകളാണ് സ്ഥാപിക്കുന്നത്.അരൂർ മുതൽ തുറവൂർ വരെ 12.75 കിലോ മീറ്റർ പാതയിൽ ഗർഡർ സ്ഥാപിക്കുന്നതിനുള്ള 5 ലോഞ്ചിങ് ഗാൻട്രിയാണു സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com