നിർമിക്കുന്നത് നാലുവരിയായി; ഈഞ്ചയ്ക്കലിലെ ഗതാഗതക്കുരുക്കഴിക്കാൻ വരുന്നു, മേൽപാലം..
Mail This Article
തിരുവനന്തപുരം ∙ 11 റോഡുകളുടെ സംഗമ സ്ഥാനമായ ഈഞ്ചയ്ക്കൽ ജംക്‌ഷനിലെ ഗതാഗത കുരുക്കിന് പരിഹാരമായി മേൽപാലം നിർമാണം ഉടൻ ആരംഭിക്കും. ടെൻഡർ ഏറ്റെടുത്ത എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനി മേൽപാലം നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. 5 വർഷത്തെ പരിപാലന ചുമതലയും നിർമാണ കമ്പനിക്കാണ്. ചാക്ക ഫ്ലൈ ഓവറിനു സമീപത്തു നിന്നാരംഭിച്ച് മുട്ടത്തറ ഓവർപാസിന് മുൻപിൽ അവസാനിക്കുന്ന രീതിയിൽ 4 വരിയിലാണ് ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമാണം.
ഓരോ 25 മീറ്ററിലും 9 സ്പാനുകളുണ്ടാകും. കഴക്കൂട്ടം – കാരോട് ദേശീയ പാത 66 ൽ ബ്ലാക്ക് സ്പോട്ടുകളാണെന്ന് കണ്ടെത്തിയ ഈഞ്ചയ്ക്കൽ ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് മേൽപാലവും അടിപ്പാതയും നിർമിക്കുന്നത്. 95 കോടിക്കാണ് കരാർ. ഈഞ്ചയ്ക്കൽ മേൽപാലത്തിന് 47 കോടിയും ആനയറ അടിപ്പാത, പഴയകട മണ്ണയ്ക്കൽ മേൽപാലം എന്നിവയ്ക്ക് 38 കോടിയും തിരുവല്ലത്ത് പാലം നിർമാണത്തിന് 10 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
ഈഞ്ചയ്ക്കലിന് സമാനമായി തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്ന തിരുവല്ലം ജംക്‌ഷനിൽ ആറിനു കുറുകെ സർവീസ് റോഡിന് സമീപമാണ് പാലം നിർമിക്കുന്നത്.110 മീറ്റർ നീളത്തിൽ രണ്ടു വരി പാലമാണ് ഇവിടെ നിർമിക്കുന്നത്. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ഗാരേജിന് മുന്നിലാണ് 15 മീറ്റർ വീതിയിൽ ആനയറ അടിപ്പാത വരുന്നത്. മണ്ണയ്ക്കലിലും മേൽപാലമാണ് നിർമിക്കുന്നത്. അടിപ്പാതകൾക്കും മേൽപാലങ്ങൾക്കും സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.