ADVERTISEMENT

പൂച്ചാക്കൽ ∙ പാണാവള്ളിയിൽ നിന്ന് 7 വർഷം മുൻപ് കാണാതായ 15 വയസ്സുകാരൻ നിസാമുദ്ദീനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ (ജിപിആർ)  ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. തിരുവനന്തപുരം ആസ്ഥാനമായുള്ള നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സംഘമാണ് നിസാമുദീൻ അവസാനമായി സഞ്ചരിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. എന്നാൽ ഇന്നലത്തെ പരിശോധനയിൽ  അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

15 മീറ്റർ താഴ്ചയിൽ വരെ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ ജിപിആർ പരിശോധനയിൽ അറിയാനാകും. പരിശോധന ഇന്നും തുടർന്നേക്കും. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും പരിശോധനാ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ തേടി. ജില്ലാ ക്രൈംബ്രാഞ്ചാണ്  കേസ് അന്വേഷിക്കുന്നത്. പൂച്ചാക്കൽ പൊലീസിന്റെ ഇടപെടലിലാണ് അന്വേഷണം വീണ്ടും സജീവമാക്കിയത്.

തിരോധാനം ഇങ്ങനെ 
പാണാവള്ളി തോട്ടത്തിൽ നികർത്ത് താജു –  റൈഹാനത്ത് ദമ്പതികളുടെ മകനാണ് നിസാമുദ്ദിൻ. 2017 ഏപ്രിൽ 9ന് വൈകിട്ടാണ് കാണാതായത്. പാണാവള്ളി എൻഎസ്എസ് എച്ച്എസിലെ 10–ാം ക്ലാസ് വിദ്യാർഥിയായ നിസാമുദ്ദിൻ രണ്ടു സുഹൃത്തുക്കളുമായി ചേർന്ന്  അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നു പുറപ്പെട്ടത്. ബന്ധു കൂടിയാണ് ഒരു സുഹൃത്ത്. ഇയാളുടെ സൈക്കിളിൽ മൂന്നാമത്തെ സുഹൃത്തിനെയും കൂട്ടി പോകാനാണ് നിശ്ചയിച്ചിരുന്നത്. മൂന്നാമനെ വിളിക്കാനായി പോയ നിസാമുദ്ദീനെ കാണാതാവുകയായിരുന്നു.

ആദ്യം പൂച്ചാക്കൽ പൊലീസ്, പിന്നീട് നിസാമുദ്ദീന്റെ കുടുംബം ഹൈക്കോ‌ടതിയെ സമീപിച്ചതിനെ തുട‌ർന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ, സംസ്ഥാന ക്രൈം ബ്രാഞ്ച് എന്നിവർ കേസ് അന്വേഷിച്ചതാണ്. ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പോയും തിരച്ചിൽ നോട്ടിസ് പതിച്ചും അന്വേഷണം നടത്തി. നിസാമുദ്ദിന്റെ ഫോൺ പരിശോധിച്ചും ക്യാമറകൾ നോക്കിയും അന്വേഷണം നടത്തി. ഫലം ഇല്ലാത്തതിനെ തുടർന്ന് നിലച്ചിരുന്ന അന്വേഷണമാണ് വീണ്ടും തുടങ്ങിയത്. മകൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് നിസാമുദ്ദീന്റെ മാതാപിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com